കവിതയും ഞാനും
രചന : ഷൈലകുമാരി ✍️ ഇടയ്ക്കിടയ്ക്കവൻ ചാരെ വന്നിട്ടെന്നെ വിളിക്കും,മധുര സ്വപ്‌നങ്ങൾ കൊണ്ടെൻ മനസ്സു നിറയ്ക്കും.കൈയിൽ തൂലികതന്നിട്ടെന്റെയരികിലിരിക്കും,കണ്ണിൽക്കണ്ണിൽ നോക്കി ഞങ്ങൾ,കഥകൾ പറയും.രോഗം, ദുരിതമൊന്നുമപ്പോൾ,ഒാർമ്മയിലെത്തില്ല,മായികമായൊരു ലോകത്തേക്കെൻ,മനസ്സു പറന്നീടും.ഈണം ചുണ്ടിൽ മൂളിയടുക്കും,നോവതു മാറീടും,ഞാനറിയാതെ ആത്മാവിലൊരു,കവിത പിറന്നീടും.കവിതേ നീയണയുമ്പോൾ,ഞാനെന്നെ മറന്നീടും,പ്രണയമിങ്ങനെ നറുംനിലാവായ്,വിരിഞ്ഞുനിന്നീടും.ഇടമുറിയാതെ വരികളിങ്ങനെ,പിറന്നു വീഴുമ്പോൾ,മാഞ്ഞുപോകരുതേ നീയെൻ,കൂട്ടിനിരിക്കേണം.