🔸ഉഷാ റോയ്*

ഒരേയൊരു മകൾ ശ്രീക്കുട്ടിയുമായി
ശ്രീദേവി പിണക്കത്തിലാണ്. അവൾ രണ്ടുദിവസമായി തന്നോട് കാര്യമായി സംസാരിക്കുന്നില്ല എന്നാണ് ശ്രീദേവിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവൾ കോളേജിൽ നിന്ന് ടൂർ പോയിരിക്കുന്നു. അച്ഛനും മോളും ഒറ്റക്കെട്ടാണ്.

വിവരങ്ങൾ പറഞ്ഞതും അനുവാദം കൊടുത്തതും എല്ലാം അച്ഛനും മോളും ആലോചിച്ചാണ്.
എന്നാലും ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ അവൾ തന്നോട് ഫോണിൽ മണിക്കൂറുകളോളം സംസാരിക്കാറുണ്ടായിരുന്നു.. ഇന്നലെ വിളിച്ചിട്ട്
അച്ഛനോട് സംസാരിച്ച് പെട്ടെന്ന് വച്ചു. അമ്മയോട് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.

ഇന്നിത്ര നേരമായിട്ടും വിളിച്ചിട്ടില്ല. യാത്രയിൽ നേരം കിട്ടിക്കാണില്ല എന്നാണ് അച്ഛൻ പറയുന്നത്.. അല്ലെങ്കിൽ റേഞ്ച് ഉണ്ടാവില്ല എന്ന്..
സ്വന്തം അമ്മയെ വിളിക്കാൻ മാത്രം അവൾക്ക് സമയമില്ല. വിളിക്കേണ്ട.. താനും അങ്ങോട്ട്‌ വിളിക്കുന്നില്ല.. വേണമെങ്കിൽ ഒരു
മെസ്സേജ് ഇടാം..

പക്ഷെ അമ്മയോട് മിണ്ടണം എന്ന് അവൾക്കല്ലെ ആദ്യം തോന്നേണ്ടത്. കുട്ടികൾ വളർന്നാൽ പിന്നെ ബഹുമാനവും സ്നേഹവും ഒക്കെ കുറയുമെന്ന് പറയുന്നത് നേരാ.. എന്നാലും ശ്രീക്കുട്ടിയും താനും കൂട്ടുകാരെ പോലെ ആയതുകൊണ്ട് വ്യത്യാസം ഉണ്ടാകുമെന്ന്‌ കരുതി.. എന്തെങ്കിലുമാകട്ടെ, ഞാനെന്റെ കടമ ആത്മാർഥമായി ചെയ്യും..
അത്രതന്നെ.. വിഷമിക്കാനൊന്നും എന്നെക്കിട്ടില്ല..പഠിച്ചു വല്യ ആളായില്ലേ.. ഇനിയിപ്പോ അമ്മയുടെ ആവശ്യമെന്താ..

അപ്പുറത്ത് അച്ഛന്റെ ഫോണല്ലേ ബെല്ലടിക്കുന്നത്.. ശ്രീക്കുട്ടിയാണോ.. ഇപ്പുറത്തു നിന്ന് ശ്രദ്ധിക്കാം.. അതെയല്ലോ.. വേണമെങ്കിൽ അവൾ അമ്മയ്ക്ക് കൊടുക്കാൻ പറയട്ടെ.. അന്നേരം ചെല്ലാം.. വെച്ചുകളഞ്ഞെന്നു തോന്നുന്നു,.

” മോളാണ്.. അമ്മയോട് പറഞ്ഞാൽ മതി, പിന്നെ വിളിച്ചോളാം എന്നാണ് അവൾ പറഞ്ഞത് “… അച്ഛൻ പറയുന്നത് കേൾക്കാം. അവൾക്ക് എന്നോട് മിണ്ടാൻ നേരമില്ല… എന്നെയാരും
വിളിക്കുകേം വേണ്ട.. മിണ്ടുകേം വേണ്ട.. ഇനി വിളിച്ചാലും ഞാനൊട്ട് എടുക്കാനും പോകുന്നില്ല..
അവൾ കയ്യിലിരുന്ന ജഗ് ശബ്ദത്തോടെ തീൻ മേശമേൽ വച്ചു. തന്റെ ഫോൺ ആണല്ലോ ബെല്ലടിക്കുന്നത്.. മകളുടെ ചിരിക്കുന്ന മുഖം സ്‌ക്രീനിൽ.. ശ്രീദേവി വേഗം ഫോൺ എടുത്തു.. ഗൗരവസ്വരത്തിൽ ‘ഹലോ ‘ എന്ന് പറഞ്ഞു.

” അമ്മൂട്ടീ ” … മകളുടെ കൊഞ്ചിച്ചുള്ള വിളി.. അതിലൊന്നും താൻ വീഴില്ല.. “ഉം.. എന്താ വിളിക്കാൻ താമസിച്ചെ “.. ശ്രീദേവി ചോദിച്ചു.
“അമ്മേ, ഫോൺ എടുക്കാൻ പോലും സാവകാശം കിട്ടിയില്ല .. ഇപ്പോഴാണ് ശരിക്കും ഒന്നു ഫ്രീ ആയത്.. അമ്മയോട് എല്ലാം വിശദമായിട്ട്, സമാധാനത്തിൽ സംസാരിക്കാമല്ലോ എന്ന് ഓർത്തു.. അമ്മേ അവിടെ എന്തുണ്ട്…. അമ്മേടെ സ്വരമെന്താ മാറിയിരിക്കുന്നത്.. അമ്മയെന്താ എനിക്ക് മെസ്സേജ് ഒന്നും അയയ്ക്കാതിരുന്നത്.. ഞാൻ വിളിക്കാൻ താമസിച്ചിട്ട് വിഷമമായോ..

അമ്മയോട് കുറച്ചധികം സംസാരിക്കാമല്ലോ എന്ന് കരുതിയാണ് … എല്ലാവരോടും മിണ്ടുന്നതുപോലെ ആണോ എന്റമ്മയോട് …”
മകൾ നിർത്താതെ പറയുന്നത് കേട്ട് ശ്രീദേവി ഉന്മേഷവതിയായി.. ” എനിക്കറിയാം ശ്രീക്കുട്ടീ..
നീ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു..
ഞാൻ കാത്തിരിക്കുകയായിരുന്നു..”
കൊച്ചുകുട്ടിയുടെ പ്രസരിപ്പോടെ ശ്രീദേവി പറഞ്ഞു.

By ivayana