കവിത: മംഗളാനന്ദൻ*
അറിയാം, നരനേക്കാൾ
ക്രൂരനായൊരുജീവി
പിറവി കൊണ്ടിട്ടില്ലീ
ഭൂമിയിലിന്നേവരെ.
മനുഷ്യൻ മനുഷ്യനെ
ശത്രുവാക്കുന്നു,സ്വന്തം
മനസ്സാക്ഷിയെപ്പോലും
ചതിയ്ക്കാനറിയുന്നു.
മനുഷ്യൻ മനുഷ്യനെ
കൊല ചെയ്യുന്നു നിത്യം,
മനസ്സിൽ പക വച്ചും
പുഞ്ചിരി പൊഴിക്കുന്നു.
ചിരിയ്ക്കാനറിയുന്ന
ജീവിയായ് ജനിച്ചവൻ
ചതിക്കാൻ വിഷംചേർക്കും
പുഞ്ചിരിപ്പാലിൽപോലും.
ഇരുകാലികളായ
മാനവകുലമെന്യേ
ഒരുജീവിയൂം തമ്മിൽ
കൊന്നൊടുക്കാറില്ലല്ലോ.
വംശഹത്യക്കായ് മൃഗം
പദ്ധതിയിടാറില്ല,
വംശീയ കലാപങ്ങൾ
മർത്ത്യന്റെശീലംമാത്രം
സ്വത്തുക്കൾ വാരിക്കൂട്ടാൻ
ശ്രമിക്കാറില്ലമൃഗം
മർത്ത്യന്റെയാക്രാന്തത്തി-
ലസ്വസ്ഥമാണീലോകം.
നരനേതളവിലും
ക്രൂരത കാണിക്കുമ്പോൾ
വെറുതെ “മൃഗീയ”മെ-
ന്നതിനെ വിളിയ്ക്കല്ലേ.
കഷ്ടം! ഈമൃഗങ്ങൾക്കു
മാനക്കേടുളവാകും
ദുഷ്ടനാം മനുഷ്യനെ
മൃഗത്തോടുപമിച്ചാൽ.