പെൺകുട്ടികളോട് അവരുടെ വിവാഹജീവിതം ശരിയല്ലെങ്കിൽ ഉടനടി തിരികെ വരുവാനും നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ അച്ഛനുമമ്മയും കാത്തിരിക്കുന്നുണ്ടെന്നും മറ്റുമുള്ള രീതിയിൽ നിരവധി ആഹ്വാനങ്ങൾ പലയിടത്തും കാണുന്നു.
സംഗതി ശരിയാണ്, നല്ലതാണ്…
യോജിച്ചു പോകുന്നതിന് സാധിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ ജീവിതം അപകടത്തിലാണെന്ന് തോന്നുന്നപക്ഷം പെൺകുട്ടികൾ സ്വഗൃഹത്തിലേക്ക് തിരിച്ചു പോരുകതന്നെയാണ് ഉചിതം…
എന്നാലതൊരു താത്കാലിക പരിഹാരം മാത്രമാണ്.
യഥാർത്ഥ പ്രശ്‍നം അവിടെ നിലനിൽക്കുകയാണ്.
സ്വന്തം പെൺകുട്ടികളുടെ കാര്യത്തിൽ ഇത്രക്കും ജാഗരൂകരാകുന്ന മാതാപിതാക്കൾ അത് സ്വന്തം ആണ്മക്കളുടെ കാര്യത്തിൽ, അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ അത് പാലിക്കാറുണ്ടോ..?
ഇല്ലെന്ന് തന്നെയാണ് തോന്നുന്നത്.
അതുകൊണ്ട്തന്നെയാണ് ഭർതൃഗൃഹത്തിലെ പീഢനം മൂലം, മകൾ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ബസിൽ, മരുമകൾ അവളുടെ വീട്ടിലേക്ക് തിരികെ പോകുന്ന അവസ്ഥ സംജാതമാകുന്നത്.
എത്ര വലിയ സാംസ്ക്കാരിക പുരോഗമനം ഉണ്ടെന്ന് അവകാശപ്പെട്ടാലും ഭൂരിപക്ഷം സമൂഹങ്ങളും പാട്രിയാർക്കി ചിന്തയിൽ അധിഷ്ഠിതമായി തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
പുരോഗമനം എന്നത് പലർക്കും നേടിയ ബിരുദങ്ങളുടെ, സ്ഥാനമാനങ്ങളുടെ കനം മാത്രമാണ്.
ആൺകുട്ടിയായതുകൊണ്ട് എന്തുമാവാമെന്ന ചിന്തയിൽ അവരെ സർവ്വ സ്വാത്രന്ത്ര്യങ്ങളും നൽകി സ്വതന്ത്രരായി വിടുന്നതും പെൺകുട്ടികളെ വളരെ കരുതലിൽ, ‘അരുതുകളുടെ’ അദൃശ്യപൂട്ടിട്ട് വളർത്തുന്നതും ഒക്കെത്തന്നെ പാട്രിയാർക്കി ചിന്തയുടെ ബാക്കിപത്രം തന്നെയാണ്.
വളരെ ചുരുക്കം മാതാപിതാക്കൾ മാത്രമേ പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം എന്ന വിചാരത്തോടെ മുന്നോട്ട് പോവുന്നുള്ളൂ..
ബാക്കിയെല്ലാവരും തന്നെ പെൺകുട്ടികളെ അവരുടെ പ്രായപൂർത്തി, വിവാഹം, സ്ത്രീധനം തുടങ്ങിയ ലേബലുകളിൽ കുടുക്കി തളച്ചു നിർത്തിയിരിക്കുന്നു. (ഇനി ബിരുദം കരസ്ഥമാക്കിയ പെൺകുട്ടിയായാലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കണ്ട. വിവാഹത്തിന്റെ കാര്യത്തിൽ തനിക്കിഷ്ടമുള്ള, അല്ലെങ്കിൽ തന്റെ അഭിരുചികൾക്ക് അനുയോജ്യനായ വ്യക്തിയെ വിവാഹം കഴിക്കുവാൻപോലും പെൺകുട്ടികൾക്ക് സാധിക്കുകയുമില്ല.)
പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പെട്ടൊന്നൊരു ദിവസം മാനത്തുനിന്നും പൊട്ടിവീണ ആണുങ്ങളൊന്നും അല്ല..
ഓരോ മാതാപിതാക്കളും നട്ട് നനച്ച് വളർത്തി വലുതാക്കിയത് തന്നെയാണ്.
അതുകൊണ്ട് തന്നെ സത്യത്തിൽ ആൺകുട്ടികളുടെ മേലെയാണ് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്.
അവരുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ വെക്കണം.
ലിംഗസമത്വം, പരസ്പരബഹുമാനം, തൊഴിൽസമത്വം എന്നിവയൊക്കെ പുസ്തകത്താളിൽ അച്ചടിച്ചുവച്ച വെറും വാക്കുകൾ അല്ലെന്ന് ആൺ മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക….
പെൺകുട്ടികളെ, സ്ത്രീകളെ, അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും ചെറുപ്പം മുതൽ പഠിപ്പിക്കുക….
മാനുഷിക മൂല്യങ്ങൾ പകർന്നുകൊടുത്ത് മനുഷ്യത്വമുള്ളവരായി വളർത്തുവാൻ ശ്രമിക്കുക….
സമൂഹമെന്നാൽ നാമെല്ലാവരും ചേർന്നതാണ്, അതിലുണ്ടാവുന്ന മൂല്യച്യുതികൾക്ക് ഏതെങ്കിലും ഒരുവിധത്തിൽ നമ്മളും കാരണക്കാരാണ്, ഓർത്തുവെക്കുക.
കെ.വി. വിനോഷ്