Priya Biju Sivakripa*

സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ ചിരിപ്പിക്കാൻ പ്രിൻസ് എപ്പോഴും ശ്രമിക്കാറുണ്ട്… എന്തെങ്കിലും ഒരു ചെറിയ കാര്യം മതി അവൾ ടെൻഷൻ ആവാൻ…
അവളെ സംബന്ധിച്ച് ഇന്നിപ്പോൾ ചെറുതല്ല വലിയൊരു കാര്യം തന്നെ സംഭവിച്ചിരിക്കുന്നു…
അവളുടെ മനസ്സിൽ നിന്നും ആ കുഞ്ഞു മുഖം മായുന്നില്ല… സോന മോളുടെ..
വിവാഹം കഴിഞ്ഞു അഞ്ചാമത്തെ വർഷം ആണ്…. ഇതുവരെ ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല… അലീനയ്ക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നു ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു…

കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും കേട്ട് മനസ്സ് തളർന്നപ്പോഴാണ് പ്രിൻസ് അലീനയെയും കൂട്ടി ടൗണിലേക്ക് മാറിയത്…
പ്രിൻസിന്റെ കൂട്ടുകാരൻ വിഷ്ണു ആണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ നിർദേശിച്ചത്…
അങ്ങനെയാണ് സാന്റാ മരിയ ഓർഫനേജിൽ അവർ എത്തിയത്… അവിടെ ഒരുപാട് കുഞ്ഞുങ്ങളെ കണ്ടെങ്കിലും അലീനയുടെ മനസ്സിൽ പതിഞ്ഞ ഒരാളെയും കണ്ടെത്താൻ കഴിഞ്ഞില്ല.. തിരികെ പോരാൻ തുടങ്ങുമ്പോഴാണ് വരാന്തയിലൂടെ ഒരു സിസ്റ്ററിന്റെ കൈ പിടിച്ചു പൂത്തുമ്പിയെ പോലെ പാറിപറന്നൊരു കുഞ്ഞു മാലാഖ വരുന്നത് കണ്ടത്…. തൂവെള്ള ഫ്രോക്ക് ആയിരുന്നു അവളുടെ വേഷം…
ഒറ്റനോട്ടത്തിൽ തന്നെ അവൾ പ്രിൻസിന്റെയും അലീനയുടെയും മനം കവർന്നു….അടുത്തു വന്നതും അവൾ അവർ നോക്കുന്നത് കണ്ട് അവരെ നോക്കി പുഞ്ചിരിച്ചു…..

തിരികെ ഓഫീസിൽ കയറി ആ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആ കുഞ്ഞൊഴികെ വേറെ ഏതു കുഞ്ഞിനേയും കൊടുക്കാമെന്നായി അവർ…
അതിനു പിന്നിലെ രഹസ്യം എന്താണെന്നു ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ അവർ നിരാശയോടെ അവിടെ നിന്നും മടങ്ങി…
“നീ വിഷമിക്കാതെ.. നമുക്ക് സോഫിയ സിസ്റ്ററിനെ വിളിച്ചു നോക്കാം..
അലീന പ്രത്യാശയോടെ അവനെ നോക്കി….

സാന്റാമരിയ ഓർഫനേജിലെ സിസ്റ്റർ സോഫിയ പ്രിൻസിന്റെ അമ്മയുടെ അനുജത്തി ആണ്…
പിറ്റേന്ന് തന്നെ പ്രിൻസ് സോഫിയ സിസ്റ്ററിനെ വിളിച്ചു സംസാരിച്ചു… അപ്പോഴാണ് അറിഞ്ഞത് സോന മോൾക്ക്‌ അമ്മയുണ്ട്… മുംബൈയിലാണ് സാന്റ മരിയയിലെ മദർ സുപ്പീരിയർ എലിസബത്തിന്റെ ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ കുഞ്ഞാണ് സോനമോൾ… ബാംഗ്ലൂരിലെ പഠനകാലത്തു കാമുകൻ നൽകിയ സമ്മാനം….വീട്ടുകാർ അറിയാതെ പ്രസവിച്ച കുഞ്ഞിനെ മദറിന്റെ സഹായത്തോടെ അവൾ വളർത്തുന്നു……

അവളുടെ വിവാഹം കഴിഞ്ഞതാണ് മറ്റാർക്കും ഇതൊന്നും അറിയില്ല…ഇപ്പോൾ ഭർത്താവിനോടും കുഞ്ഞിനൊടുമൊപ്പം മുംബൈയിൽ സ്ഥിര താമസം ആണ് അവൾ
ഇടയ്ക്ക് വന്നു സോനമോളുടെ കാര്യങ്ങളൊക്കെ അന്വേഷിക്കും…
ഒരു കാരണവശാലും അവൾ കുഞ്ഞിനെ മറ്റാർക്കും കൊടുക്കാനിടയില്ല.. കാരണം അത്രമേൽ ത്യാഗം സഹിച്ചാണ് അവൾ സോനമോളെ പ്രസവിച്ചത്…. എങ്കിലും താനൊന്നു ശ്രമിക്കാമെന്നു സോഫിയ സിസ്റ്റർ അവരോടു പറഞ്ഞു…
ദിവസങ്ങൾ കടന്നു പോയി.. സോനമോളുടെ കാര്യം പതിയെ പതിയെ അവർ മറക്കാൻ ശ്രമിച്ചു.. പ്രിൻസ് ജോലിതിരക്കുകളിലേക്ക് മടങ്ങി…

അലീന വീണ്ടും ഏകാന്തയുടെ സഖിയായി…. അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ സിസ്റ്റർ സോഫിയയുടെ കാൾ വന്നു… ഞാൻ സോനമോളുടെ അമ്മയോട് സംസാരിച്ചു…. നിങ്ങളെ രണ്ടാളെയും അവർക്കൊന്നു നേരിട്ട് കാണണം എന്നു…ഈ വരുന്ന സൺ‌ഡേ ഇങ്ങോട്ടേക്കു വരുന്നുണ്ട്… രണ്ടാളും കൂടി ഒന്നു ഓർഫനേജിലേക്ക് വരണം…
പ്രതീക്ഷകൾ വീണ്ടും തളിർക്കുന്നത് പോലെ അവർക്കു തോന്നി….
ഞായറാഴ്ച അതിരാവിലെ തന്നെ അവർ പുറപ്പെട്ടു… അവർ ഓഫീസിൽ ചെല്ലുമ്പോൾ മദറിനോട് സംസാരിച്ചുകൊണ്ട് ഒരു സ്ത്രീ ഓഫീസിൽ ഇരിപ്പുണ്ടായിരുന്നു.. അവർ ചെന്നതും മദർ അവരെ പരിചയപ്പെടുത്തി… സോനയുടെ അമ്മ അവർക്കഭിമുഖമായി തിരിഞ്ഞു… ആ മുഖം കണ്ടതും

പ്രിൻസിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…
ഡെയ്സി…
ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന ഡെയ്സി ചാക്കോ…. വിധിയുടെ വികൃതികൾക്കിടയിൽ അകന്നുപോയി തങ്ങൾ ഇരുവരും.. ഡെയ്സിക്ക് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. അവൾ അവരെ നോക്കി മന്ദഹസിച്ചു…
.. അവൾ എഴുന്നേറ്റു രണ്ടുപേർക്കും ഹസ്തദാനം നൽകി.. കുറേ നേരം അവർ മൂവരും സംസാരിച്ചു… ഒടുവിൽ ഡെയ്സി പറഞ്ഞു.. എനിക്ക് മിസ്റ്റർ പ്രിൻസിനോട് ഒന്നു പേർസണലായി സംസാരിക്കണം… അവിടേക്കു വന്ന സോനമോളിലായിരുന്നു അലീനയുടെ മിഴികൾ.. അവൾ സോനമോളെയും കൈ പിടിച്ചു ആ ഗാർഡനിലൂടെ നടന്നു…
” ഡെയ്സി.. നിനക്കെന്നെ ഓർമ്മയില്ലേ “
” അതിനു മറന്നാലല്ലേ
“ഓർമ്മിക്കേണ്ട കാര്യം ഉള്ളു.”

അവൾ ഏതോ ഒരോർമ്മയിൽ വിഷാദവതിയായി ..
“അന്ന് എന്റെ അപ്പച്ചന്റെ ഗുണ്ടകൾ റെയിൽവേ സ്റ്റേഷനിൽ നിന്നും നിന്നെ പിടിച്ചു കൊണ്ടു പോകുമ്പോൾ നെഞ്ചു പൊട്ടിക്കരയാനല്ലേ എനിക്ക് കഴിഞ്ഞുള്ളു….
നീ പോയതിനു ശേഷം അപ്പച്ചൻ എന്നെ എലിസബത്തു അമ്മച്ചിയുടെ വീട്ടിലാക്കി… അവിടെ നിന്നാണ് പിന്നെ ഞാൻ പഠിച്ചതും ജോലി നേടിയതും അതിനിടയിൽ സോന മോളെ… അവൾ പറയാൻ വന്നത് നിർത്തി…

പ്രിൻസ് അവിശ്വസനീയതയോടെ അവളെ നോക്കി…
“അതേ.. സംശയിക്കേണ്ട.. സോനമോൾ നമ്മുടെ മകളാണ്…
പ്രിൻസിന്റെ മിഴികളിൽ ഒരായിരം നക്ഷത്രമുദിച്ചു… നിങ്ങൾ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ സോഫിയ സിസ്റ്റർ തന്ന ഡീറ്റൈൽസിൽ നിന്നും എനിക്ക് നിന്നെ മനസ്സിലായി… ഇപ്പോഴാണ് എനിക്ക് സമാധാനമായത്.. അർഹിക്കുന്ന കൈകളിൽ തന്നെ അവളെ ഏൽപ്പിക്കാൻ കഴിഞ്ഞല്ലോ.. അവൾക്കു അറിയില്ല ഞാൻ അവളുടെ അമ്മ ആണെന്ന്.. നാളുകൾ കൂടുമ്പോൾ കുറേ ചോക്ലറ്റും ഡ്രസ്സ്‌ ഒക്കെയായി വരുന്ന അവളെ ഏറെ ഇഷ്ടമുള്ള ഒരു ആന്റി അത്രേയുള്ളൂ അവളുടെ മനസ്സിൽ ഞാൻ… അതിപ്പോൾ നന്നായില്ലേ.. നിന്നെയും അലീനയെയും അവൾ അപ്പനും അമ്മയുമായി അംഗീകരിക്കും… എനിക്ക് സമാധാനമായി ഇരിക്കാമല്ലോ… കഴിഞ്ഞ കുറേ വർഷങ്ങളായി നെരിപ്പോടില്ലെന്നപോലെ എരിയുകയായിരുന്നു ഞാൻ…”
ഡെയ്സിയുടെ മിഴികൾ നിറഞ്ഞൊഴുകി..

“തല്ക്കാലം അലീനയോടു ഇതൊന്നും പറയണ്ട… എല്ലാം ഒന്നു നേരെയായി വന്നിട്ട് മെല്ലെ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം… വല്ലപ്പോഴും ഞാൻ വരും എന്റെ കുഞ്ഞിനെ കാണാൻ……
അലീന കുഞ്ഞുമായി അവിടെക്കു വരുന്നത് കണ്ടു ഡെയ്സി മിഴികൾ തുടച്ചു….
“ഇന്ന് തന്നെ ഫോർമാലിറ്റികൾ തീർത്തു മോളെ കൊണ്ടു പൊയ്ക്കോളൂ… ഞാൻ ഈവനിംഗ് മടങ്ങും… ഡെയ്സി ഇരുവരോടുമായി അറിയിച്ചു…. സന്തോഷം കൊണ്ടു അലീന യുടെ മനസ്സ് തുള്ളിച്ചാടി… പ്രിൻസിന്റെ ഉള്ളിലാവട്ടെ….. പൂവാകകൾ പൂക്കുകയായിരുന്നു…. കൊഴിഞ്ഞു വീണാലും പ്രതീക്ഷകളുടെ പൂമെത്തയൊരുക്കുന്ന പൂവാകകൾ…..

By ivayana