സുനു വിജയൻ*
ഉണ്ണിആചാരിക്ക് ഒരു ചായ കുടിക്കണം എന്ന ആഗ്രഹം കാലത്ത് എട്ടു മണിക്ക് തുടങ്ങിയതാണ്. ഇപ്പോൾ മണി പതിനൊന്നായി. കാലത്ത് എഴുന്നേറ്റപ്പോൾ സരസ്വതി ഒരുഗ്ലാസ് തുളസിവെള്ളം കുടിക്കാൻ തന്നതാണ് . ചായക്ക് പകരമാകുമോ തുളസി വെള്ളം. ഇതുവരെ വെളിക്കിരിക്കാൻ പോയില്ല. അതെങ്ങനെയാ വയറ്റിൽ വല്ലതും ഉണ്ടങ്കിലല്ലേ അതു നടക്കൂ.
ഒരുഗ്ലാസ് കട്ടൻ ചായ കുടിക്കാൻ സാധിക്കാത്തതിന്റെ അസ്കിത പറഞ്ഞു ഫലിപ്പിക്കുവാൻ കഴിയില്ല. വയറിനു എന്തോ ഒരേനക്കേട്. ഒരുതുടം ചായവെള്ളം കുടിക്കാൻ ഗതിയില്ലാതാക്കിയല്ലോ നീ ഭഗവാനെ. ഉണ്ണിആചാരി കോലായിലെ പഴയ വട്ടക്കസേരയിൽ ചാരിയിരുന്നു വയറിനോരൽപ്പം സുഖം കൊടുക്കാൻ ശ്രമിച്ചു.
സരസ്വതി കഞ്ഞി വച്ചിട്ടാണ് ഇന്നാദ്യമായി തൊഴിലുറപ്പു പണിക്കു പോയത്. കഞ്ഞി എന്നു പറഞ്ഞാൽ വെറും ഉപ്പിട്ട കഞ്ഞി. കൂട്ടാൻ യാതൊന്നും ഇല്ല. റേഷൻ കടയിൽനിന്നും കിട്ടിയ ചാക്കരി കൊണ്ട് കഞ്ഞിവച്ചതാണ്. സർക്കാർ തന്ന ഭക്ഷ്യകിറ്റിലെ പരിപ്പും, പയറും ഒരാഴ്ച അരിച്ചരിച്ചു കൂട്ടാൻ വച്ചു. അതൊക്കെ തീർന്നിട്ട് ഇപ്പൊ ദിവസങ്ങളായി സ്വൽപ്പം മഞ്ഞൾ പൊടി മിച്ചമുണ്ട്. അതുകൊണ്ട് എന്തു ചെയ്യാനാ.
സ്റ്റീലിന്റെ തൂക്കു പാത്രത്തിൽ ഉപ്പിട്ട കഞ്ഞി മാത്രം സരസ്വതിപണിക്കു പോയപ്പോൾ കൊണ്ടുപോയിട്ടുണ്ട്. കഴിക്കുമ്പോൾ കൂടെ പണിയുന്ന പെണ്ണുങ്ങൾ അതു കാണില്ലേ. അവരൊക്കെ എന്തു കരുതും. ഒരു ചമ്മന്തി പോലും കൂട്ടാനില്ലാത്ത ഗതികേടിലേക്ക് തട്ടാൻ ഉണ്ണിആചാരിയുടെ കുടുംബം കൂപ്പുകുത്തി എന്നു കരുതിയേക്കാം. കണ്ണീരു പടർന്ന കണ്ണുകൾ തുടച്ച് ആ വൃദ്ധൻ മുറ്റത്തു ചന്നം പിന്നം പെയ്യുന്ന മഴയിലേക്ക് നോക്കി.
സരസ്വതി മഴ നനയില്ലേ. അവൾക്ക് ചെറിയ മഴ നനഞ്ഞാൽ പനി വരുന്ന പ്രകൃതമാ. ഇതിപ്പോൾ അയൽക്കൂട്ടം പണിയാണെങ്കിലും മഴയൊക്കെ പെയ്യുമ്പോൾ എവിടെയെങ്കിലും നനയാതെ കയറി നിൽക്കാൻ കഴിയുമോ ആവോ.
താൻ സരസ്വതിയോട് പണിക്കൊന്നും പോകണ്ട എന്നു പറഞ്ഞതാ. കല്യാണത്തിന് മുൻപോ അതിനു ശേഷമോ ഒരു പണിക്കും അവൾ പോയിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഇതിപ്പോൾ വേറെ ഗതിയില്ലാതെ ആയില്ലേ. മറ്റു പണിക്കു പോകാൻ അതൊന്നും അറിയില്ല.അല്ലങ്കിൽത്തന്നെ വായോവൃദ്ധക്ക് എന്തുപണി കിട്ടാൻ. ഇതാകുമ്പോൾ ചെറിയ പണിയൊക്കെ ചെയ്‌താൽ മതി എന്നു പറഞ്ഞു അയല്പക്കത്തെ ഗോമതിയാണ് വേണ്ട കാര്യങ്ങൾ ഒക്കെ ശരിയാക്കിയത്.
ഒരു മരുന്നിനു പോലും നയാപൈസ ഇല്ലാതെ എങ്ങനെ ജീവിക്കും. ഇതിപ്പോൾ ദിവസേന പൈസ കിട്ടിയില്ലെങ്കിലും അയൽക്കൂട്ടം പണിയുടെ പൈസകിട്ടുമ്പോൾ കൊടുക്കാം എന്നു പറഞ്ഞു പീടികയിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ കടമായെങ്കിലും വാങ്ങാമല്ലോ എന്നാണ് സരസ്വതി പറയുന്നത്. തിരിച്ചു കൊടുക്കാൻ ഒരുപാധി ഇല്ലാത്തവർക്ക് ആരും കടമായിപ്പോലും ഒന്നും തരില്ല.
മഴക്ക് ശക്തി കൂടി വന്നു. തിണ്ണയിൽ ചോരുന്ന സ്ഥലങ്ങളാണ് അധികവും. പഴയ വീടല്ലേ.
ഓടൊക്കെ പൊളിച്ചു മേയേണ്ട കാലം പണ്ടേ കഴിഞ്ഞതാ. അടുക്കളയിൽ കാലിപാത്രങ്ങൾ ഒരുപാടിരിക്കുന്നു. പാത്രങ്ങളിൽ ഇട്ടുവക്കാൻ ഒന്നും ഇല്ലാണ്ടായിട്ട് മാസങ്ങളായി. ആ പാത്രങ്ങൾ തിണ്ണയിൽ വെള്ളം വീഴുന്ന സ്ഥലത്ത് കൊണ്ടുവച്ചാൽ നന്നായിരുന്നു എന്നു തോന്നിയെങ്കിലും ഉണ്ണിആചാരി കസേരയിൽ നിന്നും എഴുന്നേറ്റില്ല. എഴുനേൽക്കാൻ തോന്നിയില്ല. സരസ്വതി അവിടെപണി സ്ഥലത്ത് നനയുമ്പോൾ ഈ കോലായിൽ അൽപ്പം മഴവെള്ളം വീണാലെന്താ.
തിണ്ണയിൽ വീഴുന്ന പെയ്ത്തു വെള്ളം ചാലിട്ട് മുറ്റത്തേക്ക് ഒഴുകി. മുറ്റത്തിന്റെ നടുവിൽ തുളസിത്തറയിലെ കൃഷ്ണതുളസി മഴയേറ്റു ബലമില്ലാതെ നിലമ്പറ്റുന്നത് കണ്ടപ്പോൾ ഉണ്ണിആചാരി വേദനയോടെ നെഞ്ചു തടവി. ആ തുളസിത്തറയിൽ വീണു കിടക്കുന്നതു താനാണ് എന്നയാൾക്ക് തോന്നി.
ചേർപ്പുളശ്ശേരിയിലെ ആ പഴയ സ്വർണ്ണക്കടയുടെ മുൻപിൽ പതിനാറാം വയസ്സിൽ അച്ഛനൊപ്പം പണിക്കിരുന്നതാണ്. നീണ്ട അൻപതു വർഷങ്ങൾ അവിടെത്തന്നെ. ഒരിക്കലും ദാരിദ്ര്യം അറിഞ്ഞിട്ടില്ല. എന്നും പണിയുണ്ടായിരുന്നു. നാട്ടിലെ ഒട്ടുമിക്ക പെൺകുട്ടികളുടെയും കാത് കുത്തിയിരിക്കുന്നത് അച്ഛനോ താനോ ആയിരുന്നു. എത്രയോ ആഭരണങ്ങൾ പണിതിരിക്കുന്നു.. ഉണ്ണി ആചാരി പണിയാത്ത പൊന്നുള്ള വീട് ചേർപ്പുളശ്ശേരിയിൽ ഇല്ലന്നു തന്നെ പറയാം. എന്നിട്ടിപ്പോൾ ഒരുതുടം കട്ടൻ ചായക്കു ഗതിയില്ലാതെ.
പഴയ കടയായിരുന്നെങ്കിലും കൊറോണ എന്ന മഹാവ്യാധി പടർന്നു പിടിക്കും മുൻപുവരെ ആ ജൂവലറിയുടെ ഇടതു വശത്ത് അപ്പൂപ്പന്റെ കാലം മുതൽ ഉള്ള തട്ടാന്റെ ഇരിപ്പിടം തേടി ആരെങ്കിലുമൊക്കെ പൊട്ടും പൊടിയും ശരിയാക്കാനോ,ഏലസ്സ് ഉണ്ടാക്കാനോ, വിളക്കാനോ, എന്തെങ്കിലും ചെറിയ ഉരുപ്പടികൾ ഉരുക്കി പണിയാനോ വന്നിരുന്നു. കൊറോണ പടർന്നതോടെ സ്വർണ്ണക്കട അടച്ചു. പിന്നെ ഇന്നേവരെ ആ പഴയ കട അവർ തുറന്നില്ല. തുറന്നിട്ട് കാര്യവും ഇല്ലായിരുന്നു.അതു മനസ്സിലാക്കിയാണ് ഏറെ പഴക്കമുള്ള ആ സ്വർണ്ണക്കട അവർ അടച്ചുപൂട്ടിയത്
അന്ന് തുടങ്ങിയ ദാരിദ്രമാണ്. ഉണ്ടായിരുന്ന ഇത്തിരി പൊന്നൊക്കെ വിറ്റു. നാൾക്കുനാൾ പട്ടിണി കൂടി വന്നപ്പോൾ വിൽക്കാവുന്നതൊക്കെ കിട്ടിയ വിലക്ക് വിറ്റു. ഭാഗവാന്റെ മുന്നിൽ വിളക്കുതെളിക്കുമ്പോൾ വെള്ളം നിറച്ചു വയ്ക്കുന്ന കിണ്ടി വരെ വിറ്റു. ഇനി ആകെ അൽപ്പം വിലയുള്ളത് ആ നിലവിളക്കും അന്തിയുറങ്ങുന്ന ഈ അഞ്ചുസന്റ് പുരയിടവും ആണ്.
പെൻഷൻ കിട്ടുമ്പോഴേ ഒരു മാസത്തേക്കു രണ്ടാൾക്കുമുള്ള മരുന്നു വാങ്ങി വക്കും. പെൻഷൻ പൈസ കിട്ടും എന്നുറപ്പുള്ളതിനാൽ മരുന്നു കടയിൽ നിന്നും അത് കുറച്ചു ദിവസത്തേക്ക് കടമൊക്കെ കിട്ടും. പിന്നെ മക്കളില്ലാത്ത വയസനും വയസിയുമല്ലേ എന്ന ചെറിയ പരിഗണനയിൽ വല്ലപ്പോഴും ആരെങ്കിലും ചെറിയ സഹായമൊക്കെ തന്നിരുന്നതാ. അതൊക്കെ കൊറോണ വന്നതോടെ തീർന്നു ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല.
മഴ വീണ്ടും ശക്തമായി ഉണ്ണിആചാരി സരസ്വതിയെ ഓർത്തു വേവലാതി പൂണ്ടു. അവളോട് ഈ വയ്യാത്ത കാലത്ത് പണിക്കൊന്നും പോകണ്ട എന്നു പറഞ്ഞതാ. അപ്പോളാ അവളുടെ ആഗ്രഹം ഈ ഓണത്തിനെങ്കിലും പുതിയ പൂടവയണിഞ്ഞു എന്നോടൊപ്പം ചേർപ്പുളശ്ശേരിഅമ്പലത്തിൽ ഭാഗവതിക്കു മുൻപിൽ ഒന്നു തൊഴണം എന്നുള്ളത്. അതിപ്പോൾ കൊറോണ കുറഞ്ഞില്ലങ്കിലോ എന്നു ചോദിച്ചപ്പോൾ അമ്പലത്തിനു പുറത്തു നിന്നെങ്കിലും തൊഴമല്ലോ എന്നു പറഞ്ഞപ്പോൾ പിന്നെ താൻ ഒന്നും പറഞ്ഞില്ല.അവൾക്ക് ഇങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങളെ ജീവിതത്തിൽ ഉള്ളൂ. അതെങ്കിലും സാധിച്ചു കൊടുക്കേണ്ടേ.
ഒരൽപ്പം ചായവെള്ളം കുടിക്കാനില്ലാത്ത ഈ ദാരിദ്ര്യം കുറച്ചെങ്കിലും മാറുമല്ലോ പണിക്കു പോയാൽ എന്ന വിചാരവും ഇല്ലാതില്ലായിരുന്നു സരസ്വതിക്ക്. മഴ പെയ്തു തളർത്തിയ കൃഷ്ണതുളസിക്കതിരുപോലെ ഓർമ്മകളിൽ മുങ്ങി ഉണ്ണി ആചാരി ആ കസേരയിൽ ഒരുതുടം കടുംചായ കുടിക്കാൻ കൊതിച്ചു വ്യസനിച്ചു മയങ്ങി.
അടുക്കളയിൽ മൺകലത്തിൽ സരസ്വതി രാവിലെ വേവിച്ചു വച്ച ചാക്കരിക്കഞ്ഞി തണുത്തുറഞ്ഞു കിടന്നു. കർക്കടക മഴ ഇടക്കിടക്ക് പെയ്യുകയും തോരുകയും ചെയ്തു. മുറ്റത്തെ തുളസിത്തറയിലെ കൃഷ്ണതുളസി കർക്കടക മഴ താങ്ങാനാവാതെ ഒടിഞ്ഞു നിലംപറ്റി.
ഉണ്ണിആചാരി തിണ്ണയിൽ വീണ്ടും മഴവെള്ളം ചോർന്നു ചാലിട്ടെഴുകിയത് കാണാതെ ആ പഴയ വട്ടക്കസേരയിൽ ഒന്നും അറിയാതെ കിടന്നു. അയാളുടെ നെഞ്ചിലെ വ്യാസനം കർക്കടകമഴനനഞ്ഞു പണിചെയ്തുകൊണ്ടിരുന്ന സരസ്വതി അറിഞ്ഞിരുന്നോ ആവോ.