ടോക്കിയോ ഒളിംപിക്‌സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് മീരാബായ് ചാനു. വനിതകളുടെ 49കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലാണ് മീരാബായ് നേടിയിരിക്കുന്നത്. ചൈനയുടെ ഷിയൂഹി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി മീരാബായി എന്ന 26 കാരി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. 202 കിലോ ഉയര്‍ത്തിയാണ് മീരാബായി വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞത്. ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡും 26കാരിയായ മീരാബായ് ചാനു സ്വന്തമാക്കി. പി വി സിന്ധുവിന് ശേഷം ഇന്ത്യക്കായി ഒളിംപിക്‌സ് വെള്ളി മെഡല്‍ നേടുന്ന വനിതാ താരമെന്ന അംഗീകാരവും മീരാബായ് സ്വന്തം പേരിനൊപ്പം ചേര്‍ത്തു.
വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ മീരാബായിക്ക് അഭിനന്ദന പ്രവാഹമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ മീരാബായിയെ അഭിനന്ദിച്ചു. കായിക മേഖലയിലെ പല പ്രമുഖരും മീരയെ അഭിനന്ദിക്കുകയും ആശംസ നേരുകയും ചെയ്തു. നേരത്തെ തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന മെഡലായിരുന്നു മീരാബായിയുടേത്. ആ പ്രതീക്ഷ കാക്കാന്‍ മീരാബായിക്ക് സാധിക്കുകയും ചെയ്തു.