ഡാർവിൻ പിറവം*
വിത്യസ്തമായ വിഷയം കാവ്യാത്മകമായ് നിങ്ങളിലേക്ക് എത്തിക്കുകയാണ് കവിതയിലൂടെ. അമേരിക്ക തങ്ങളുടെ എക്സ് ഫയൽ രഹസ്യങ്ങൾ ഈ മാസം വെളിപ്പെടുത്തുമെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ അന്യഗ്രഹ ജീവികൾ സത്യമാകുന്നുവെങ്കിൽ, കാലാകാലങ്ങളായ് ഓരോ ദേശത്തും കടന്ന് കയറി അവിടെ അവരുടെ മതങ്ങൾ സ്ഥാപിച്ചതുപോലെ, ഇന്ത്യയിൽ ദ്രാവിഡരെ തള്ളി ആര്യന്മാർ കടന്നുവന്ന് അവരുടെ ദൈവങ്ങളെ സൃഷ്ടിച്ചതു പോലെ, തുടർന്നും മറ്റുമതങ്ങൾ കടന്ന് കയറിയതുപോലെ മനുഷ്യരെക്കാൾ ശക്തരായ ഏലിയാൻസ് കടന്നുവന്ന് അവരുടെയും മതത്തെയും മനുഷ്യരിൽ അടിച്ചേൽപ്പിക്കില്ല എന്നാര് കണ്ടു? വരും കാലം, ഭൂമിയിലെ മനുഷ്യസമൂഹം മുഴുവൻ ഭയത്താൽ ഏലിയൻസിനെ സ്തുതിക്കണ്ടിവരില്ലയെന്ന് ആര് കണ്ടു. കവിയുടെ വേവലാധികൾ കവിതയായ് പിറക്കുകയാണിവിടെ…
“അത്ഭുത പ്രപഞ്ചം”
അന്യഗ്രഹങ്ങളും,പേടകവുമൊക്കെ-
ഇന്നിൻ്റെ ചിന്താവിഷയമല്ലോ!
കണ്ടില്ലയൊന്നുമേ ഇക്കാലമത്രയു,-
മൊക്കെയും ജല്പനം മാത്രമാണോ?
കണ്ടിടുമേലിയാൻ പേടകമത്രയും-
മണ്ണിലെ മാനവവിഭ്രാന്തിയോ?
കാലങ്ങളൊക്കെയും മാറിമറിയവേ-
കണ്ടതിൽ തെല്ലൊക്കെ സത്യമുണ്ടാം!
എക്സ്ഫയലായിട്ടടഞ്ഞു കിടന്നവൻ-
അന്യഗ്രഹത്തിന്റെ സത്യമോതും.
വിണ്ടലജീവിയും പേടകമൊക്കെയു-
മുണ്ടാകുമെന്നവർ ചൊല്ലിസത്യം!
എന്തിനാണിത്രനാളിക്കൂട്ടരൊക്കെയു-
മിക്കഥയൊക്കെ മറച്ചുവച്ചു.
ഭൂതലവാസികൾ കണ്ടിടുമത്ഭുതം
കള്ളക്കഥയെന്ന് ചൊല്ലിമാറ്റീ!
പണ്ടുതൊട്ടിന്നോളം വിഡ്ഡിത്തമായതാം-
കാര്യങ്ങളൊക്കെയും സത്യമായി!
സത്യങ്ങളൊന്നുമേകാലങ്ങൾക്കപ്പുറം-
കള്ളമായ് മാറ്റുവാനാകതില്ല!
കള്ളക്കഥയെന്നമേരിക്കചൊല്ലിയ-
സ്വർലോകസത്യം പുറത്തുവന്നു.
ഭാരതമോതിയ കള്ളക്കടങ്കഥ-
ശാസ്ത്രസത്യങ്ങളായ് മാറിടുന്നു.
എങ്കിലുമേതിലുമെല്ലാർക്കുമാശങ്ക-
‘യാപത്തുവല്ലതു’മുണ്ടാകുമോ?
മാനവർക്കില്ലേയറിയാനവകാശം-
അന്യഗ്രഹജീവിതൻനേരുകൾ?
യുഎസ്സോ തന്നുടെ ഫിഫ്റ്റിവണ്ണേരിയ-
ഗൂഢതയാക്കിയതെന്തിനാണ്?
നാം ഭയന്നീടുന്ന ‘ഏലിയാൻ’ ജീവിയെ
ബന്ധിയായ് മാറ്റിയോ ഫിഫ്റ്റിവണ്ണിൽ?
കാലങ്ങളായിനാം,കാത്തുസൂക്ഷിക്കുന്ന-
പൈതൃകമാകും രഹസ്യമൊക്കെ,
അത്ഭുതമേറുന്നനേകമാം സംസ്കൃതി-
ഒക്കെയും നിർമ്മിച്ചതേലിയാനോ?
വിസ്മയമേറും ഹിമാലയസാനുക്കൾ-
മഞ്ഞുപുതച്ചയന്റാർട്ടിക്കയും.
ഈജിപ്ഷ്യനത്ഭുതമാകും പിരമിഡു-
മൊക്കെനിഗൂഢതപേറിടുന്നു!
കാലങ്ങളായിയീയേലിയാൻഭൂമിയിൽ-
വന്നുപോകുന്നത് സത്യമെന്നാൽ?
പൃഥ്വിയിലായിരമായിരമാണ്ടോളം-
അന്യഗ്രഹജീവി വന്നുപോകാം!
മാനവനേലിയാൻ തന്നുടെസ്യഷ്ടിയോ-
സൂക്ഷ്മനിരീക്ഷണവസ്തുവാകാം!
എന്തൊക്കെയായാലുമൊന്നിതുസത്യമാം,
മാനവനല്ല പ്രപഞ്ചതമ്പ്രാൻ!
ഏലിയാൻ നമ്മെത്തകർത്തീടുമെന്നത-
മേരിക്കതന്റെ കുടിലതന്ത്രം!
“കോക്കാനെ”ന്നോതിയിട്ടാഹാരമേകുന്ന-
അമ്മതൻബുദ്ധിയെന്നോർക്കനമ്മൾ!
പാരിന്നധികാരി മാനവരല്ലെങ്കിൽ-
ക്ഷീരപഥത്തിൻ പ്രഭുവേലിയാൻ!
കോടാനുകോടിയിലേറെയബ്ദങ്ങളായ്-
പോറ്റിടുമേലിയാനെന്നും സ്തുതി!