കവിത : ബീഗം*
അവഗണനയുടെ തീവണ്ടിയാത്ര
ആദ്യബോഗിയിൽ
ചങ്ക് പറിച്ചെടുക്കുന്ന
ചതിയക്കൂട്ടങ്ങൾ
യാത്രയുടെ ദൈർഘ്യം
കൂടിയതാവാം രണ്ടാമത്തെ ബോഗിയിലേക്കും
ഒരെത്തിനോട്ടം
അവിടെ
കൂടപ്പിറപ്പിൻ കുപ്പായമണിഞ്ഞ്
കണ്ടഭാവം നടിക്കാതെ
ചായ ഊതി കുടിക്കുന്നവർ
യാത്ര തീരുന്നില്ല അടുത്തതിൽ ദുരാഗ്രഹത്തിൻ്റെ ദുർഗന്ധം
തിരിച്ചറിയാതെ
പലഹാരങ്ങൾ കഴിക്കുന്നവർ
കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നവൾ
ഉഗ്രവിഷം ചീറ്റുന്നതിൻ്റെ
ശബ്ദങ്ങൾ തിരിച്ചറിയാതെ
അടുത്ത ബോഗിയിൽ
നിർത്തിയിട്ട തീവണ്ടിയിൽ ഓടിക്കയറുന്നവൾക്ക്
ശുഭയാത്ര നേരുന്നു
അശുഭ ചിന്തയുടെ
കൈത്തലം ഉയർത്തിക്കൊണ്ട്
അഹങ്കാരത്തിൻ്റെ വെടിയുണ്ടകൾ
നിറയൊഴിക്കാൻ പാകത്തിൽ അടുങ്ങിയിരിക്കുന്നു
ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ
സ്വാഗതം ആശംസിച്ച കാർഡിൽ അക്ഷരങ്ങളുടെ
അട്ടഹാസവും
തിരിച്ചു വരില്ലെന്ന
വാക്കുകളുടെ
പരിഹാസച്ചിരിയും