Haris Khan*
മാലിക് പ്രതീക്ഷിച്ചപ്പോലെ തന്നെ ..
മഹേഷ് നാരായണൻ ഗംഭീരമെയ്ക്കിങ്ങാണ്.
ഇസ്ലാമോഫോബിയയും സിനിമയുടെ നെഗറ്റീവ് വശങ്ങളും അത് വഴി കുറേ മറച്ച് വെക്കാൻ പറ്റുന്നുണ്ടേലും ഇടക്കിടെ അതിൻെറ തേറ്റ പുറത്തേക്ക് വെളിവാകുന്നുണ്ട്…
അദ്ദേഹത്തിൻെറ മുൻകാല ചിത്രമായ “ടേക് ഓഫും” ഇത്തരം വികലചിന്തകൾ പേറുന്നതായിരുന്നു. പക്ഷെ അന്നത് വേണ്ട പോലെ ചർച്ച ചെയ്യപ്പെട്ടില്ല.
മുസ്ലീം സമുദായത്തിനെ ആസ്പദമാക്കി വരുന്ന സിനിമകളെല്ലാം കോഴിക്കോട്ടെ മുതലക്കുളം മൈതാനം പോലെയാണ് അവിടെ മുതല പോയിട്ട് കുളംപോലുമുണ്ടാവില്ല..
ഈ സിനിമകളിലെല്ലാം ചിന്ത തൊട്ട് വസ്തധാരണം വരെ സമുദായവുമായി ഒരു ബന്ധവും കാണില്ല. ഒന്നുകിൽ നെന്മമരമായിരിക്കും അല്ലേൽ വില്ലൻ. അതിനിടക്കൊരു സ്പേസില്ല.
മുസ്ലീം ചിത‌്രങ്ങളുടെ ഹോൾസെയിൽ ഡയറക്ടർ പൂർവ്വികനായ എം. കൃഷ്ണൻ നായർ (കവി കെ. ജയകുമാർ IAS ൻെറ അഛൻ) തൊട്ടിങ്ങോട്ട് അതങ്ങിനെയാണ്. കുട്ടിക്കുപ്പായം, മൈലാഞ്ചി, യത്തീം, ഖദീജ, മണിയറ, മണിത്താലി etc.. ഈ ചിത്രങ്ങളുടെ ചുവട് പിടിച്ച് കുറേ ചിത്രങ്ങൾ ..
പിന്നീട് പതിയെ ഈ നെന്മമരങ്ങൾക്ക് വില്ലൻ,തീവ്രവാദ ഛായകൾ വന്ന് തുടങ്ങി..
ഈ സമുദായം എന്തെന്ന് ചുറ്റുപാടുകളിൽ നിന്ന് പഠിക്കാത്ത കുറേ ചലചിത്രകാരൻമാർ.
അപ്പുറത്ത്, വിമർശിക്കേണ്ടതിനെ വിമർശിക്കാതെ എല്ലാറ്റിലും ഇരവാദവും ഇസ്ലാമോഫോബിയയും ആരോപിക്കുന്ന കുറേ പേരും .ഇതിനിടയിലെ യഥാർത്ഥ സമുദായത്തെ ആരും കാണാൻ ശ്രമിച്ചില്ല.
സക്കറിയയുടെ ഒരു പ്രസ്താവനയുണ്ട്
“വിദ്യഭ്യാസമുള്ള നേതൃത്വവും അനുസരണയുള്ള കുഞ്ഞാടുകളുമാണ് കൃസ്ത്യൻ സമുദായത്തിലെങ്കിൽ, വിദ്യാഭ്യാസമില്ലാത്ത, യാഥാസ്തികമായ നേതൃത്വവും അറിവുള്ള അണികളുമാണ് മുസ്ലീം സമുദായത്തിൽ “എന്ന്.
ഏറെ കുറേ വളരെ കൃത്യമായ ഒരു നിരീക്ഷണമാണത്. ഈ സമുദായത്തെ മുന്നോട്ട് നയിച്ചത് നേതൃത്വമല്ല, അണികളാണ് എന്നു കാണാം…
ഈ പണ്ഢിതരെയെല്ലാം നിരാകരിച്ചിട്ടാണ് അണികൾ അവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ശ്രമിച്ചത്.
മലപ്പുറത്തെല്ലാം ഇന്ന് മുസ്ലീം പയ്യൻമാർക്ക് പെണ്ണ് കിട്ടാൻ പോലും പ്രയാസം നേരിടുന്നുമുണ്ട്. ഡിഗ്രിയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള മുസ്ലീം പെൺകുട്ടികൾ പത്താംതരം വരെ മാത്രം പഠിച്ച പയ്യൻമാരെ വേണ്ട എന്ന നിലപാടിലേക്കുവരെ മുന്നേറിയ കാലത്താണ്, കാച്ചിത്തുണിയും, വട്ടത്തൊപ്പിയും, പൈപ്പിംഗ് വെച്ചകുപ്പായവും, ചിന്തകളുമായി ഓരോ സിനിമകൾ വരുന്നത്…
മാലിക് ഏതായാലും ഈ ഒരു കാറ്റഗറിയിൽ വരുന്ന സിനിമയല്ല.സമുദായം ഉൾപ്പെട്ട ഒരു റിയൽ ഇൻസിഡണ്ടിനെ കുറിച്ച് പറയാൻ ശ്രമിക്കുകയും, അതിൽ വെള്ളം ചേർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നൊരു അപരാധമാണ് സിനിമ ചെയ്തു വെച്ചിരിക്കുന്നത്..
മാലിക് സിനിമയുടെ പൊളിടിക്സിനെ കുറിച്ച് ഒരു പാട് പേർ എഴുതിയത് കൊണ്ട് ഞാനത് വിടുന്നു. (അങ്ങിനെ വിടാൻ പാടുള്ളതല്ല) നല്ല ചർച്ചകൾ വരട്ടെ..
മാലിക് തുടക്കം ആദ്യ പതിനഞ്ച് മിനുട്ട് ചിത്രീകരണം അതി ഗംഭീരമായാണ്. അതൊരു മികച്ച തിയേറ്റർ അനുഭവമാകുമായിരുന്നു…
(പണ്ട് ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത “അഥർവ്വം” എന്ന സിനിമയെ കുറിച്ചോർത്തു .അത് അങ്ങനെയായിരുന്നു ആദ്യ ഇരുപത് മിനുട്ട് ഉജ്വലമായിരുന്നു പിന്നീട് കൈവിട്ട് പോയെങ്കിലും)
അപ്പാണി ശരത്തിനെ ബോബെറിയുന്നത്, ഫഹദ് വെടികൊണ്ട മകനെ എടുക്കാൻ പോവുമ്പോഴുള്ള വെടിവെപ്പ് ചിത്രീകരണമെല്ലാം ഹോളിവുഡ് നിലവാരം പുലർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ..
മാലികിനെ ഗോഡ്ഫാദറും, കമലഹാസൻെറ വേലു നായിക്കരുമായൊക്കെയായി ചിലർ താരതമ്യം ചെയ്തു കണ്ടു. അതൊക്കെ ഇച്ചിരി ഓവറല്ലെ? മാലികിന് മേൽപറഞ്ഞ കഥാപാത്രങ്ങളെ പോലുള്ളൊരു പശ്ചാത്തലമോ, ശക്തിയോ, ആഴമൊ ഒന്നുമില്ല. ജനം മാലികിന് പിന്നിൽ എന്തിനാണ് നിലയുറപ്പിക്കുന്നത് എന്ന് പോലും കൃത്യമായി പറയാൻ സിനിമക്ക് കഴിഞ്ഞിട്ടില്ല.
ദുർബലമായ തിരക്കഥയെ മറികടക്കാൻ കുറേയൊക്കെ മഹേഷിൻെറ ചിത്രീകരണത്തിന് കഴിയുന്നു എന്ന് മാത്രം.
ഫഹദും, നിമിഷാ സജയനും, ദിലിഷ് പോത്തനും കഥാപാത്രങ്ങളോട് നീതി പുലർത്തി. വിനയ് ഫോർട്ട് ഫഹദിനൊപ്പം പ്രായത്തിലും ക്യാരക്ടറിലും വളരേണ്ടതായിരുന്നിട്ടും വളർച്ച മുപ്പത് വയസിൽ തന്നെ മുരടിച്ച് നിന്നു (ഇനി മേക്കപ്പ് മേൻെറ കുഴപ്പമാവുമോ ..? )
ജോജു ജോർജ്ജിൻെറ അൻവർ അലി
ഈ സിനിമയിൽ ഒരു ക്ലാരിറ്റിയില്ലാത്ത കഥാപാത്രമാണ്..
“ആണും പെണ്ണും” സിനിമയിലെ ഒരു സിനിമയായ “സാവിത്രി”യിലെ തമ്പ്രാനിലും മാലികിലെ കളക്ടർ റോളിലും ജോജുവിനെ ജോജുവായി തന്നെയാണ് കാണാൻ പറ്റിയത്..
മികച്ച ബി ജി എം, ഫോട്ടൊഗ്രഫി
വിയോജിപ്പുകൾക്കിടയിലും മഹേഷ് നാരായണന് നല്ല തിരക്കഥകളിൽ കൂടുതൽ മികച്ച സിനിമകൾ ചെയ്യാൻ സാധിക്കും എന്നു തന്നെ വിശ്വസിക്കുന്നു…