രാവിലത്തെ ജോലി തിരക്കുകൾ കഴിഞ്ഞ് ഉമ്മറത്ത് പത്രവായനയിൽ മതിമറന്നിരിക്കുന്ന സമയത്താണ് ആ കരച്ചിൽ എന്റെ കാതിലും മുഴങ്ങിയത്. വായനയിൽ നിന്ന് മുഖം തിരിച്ച് ഒരിക്കൽക്കൂടി ചെവി ഓർത്തുകൊണ്ട് അല്പനേരം ചുറ്റിലും നോക്കി.വെറും തോന്നലായിരിക്കുമെന്ന് കരുതി വീണ്ടും വായിക്കാനൊരുങ്ങിയ അവസരത്തിലാണ് കരച്ചിലിന്റെ ശക്തി കൂടി വരുന്നതായി വീണ്ടും വീണ്ടും കേട്ടത്.
ഒരാളിൽ നിന്ന് തുടങ്ങിയ കരച്ചിൽ മറ്റുള്ളവരിലേക്ക് വ്യാപിച്ചപ്പോൾ ഒരു കൂട്ടനിലവിളി തന്നെയായിരുന്നു.പിന്നെ ഞാനൊന്നും നോക്കിയില്ല. പത്രവും ചാടി നിലവിളി കേട്ട ഭാഗത്തേക്ക് ഓടി.വീടിന്റെ കിഴക്ക് ഭാഗത്ത് പുതിയ താമസക്കാരുടെ വീട്ടിൽ നിന്നായിരുന്നു ആ നിലവിളി ഉയർന്നത്. വേഗം സംഭവസ്ഥലത്തേക്ക് പ്രവേശിക്കാമെന്ന് വിചാരിച്ചലത് ഒട്ടു കഴിയുന്നുമില്ല.
ചുറ്റിലും ജയിലു പോലെ ഉയരത്തിൽ കെട്ടിവച്ചിരിക്കുന്ന മതിലല്ലേ. ഗേറ്റുകടന്നു പോകണമെന്ന് വച്ചാൽ റോഡിലൂടെ കുറച്ച് ചുറ്റണം. ഒരു വിധം സാഹസപെട്ട് മതിലും ചാടി വീട്ടുമുറ്റത്തെത്തി. ഒറ്റ നോട്ടത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല. ആ പ്രദേശം മുഴുവൻ കേൾക്കുമാറുച്ചത്തിലുള്ള നിലവിളി കേട്ടിട്ടായിരിക്കാം ഒരു പ്രദേശം മുഴുവൻ ഓടിയെത്തിയിട്ടുമുണ്ട്.
വന്നവർ വന്നവർ കാര്യമെന്തെന്ന് തിരക്കുന്നുണ്ടെങ്കിലും കൂട്ടക്കരച്ചിലിനിടയിൽ ആരും വ്യക്തമായി ഒന്നും പറയുന്നുമില്ല. അപ്പോഴാണ് ആ വീട്ടിലെ മൂത്ത സന്തതി ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നുവന്നത്.കൂട്ടക്കരച്ചിൽ നടത്തിയ സ്ത്രികളോടായി ഇങ്ങനെ പറയുന്നുമുണ്ട്.
” ഒന്ന് മിണ്ടാതിരിക്ക്വാ, ആവശ്യമില്ലാത്ത കാര്യത്തിന് ഒച്ചവച്ച് ആൾക്കാരേ കൂട്ടിരിക്കുന്നു.”
കലി കയറിയ അവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് ഒപ്പം വന്നവരെയൊക്കെ എന്തൊക്കെയോ പറഞ്ഞ് തിരിച്ചയക്കുന്നുമുണ്ട്.
കാറ്റും, വെളിച്ചവും, വെയിലും, മഴയും ഒന്നും കൊള്ളാതെ കൂട്ടിലടച്ചിട്ട പക്ഷിയെ പോലെ ആ വീടിന്റെ അകത്തളങ്ങളിൽ കഴിഞ്ഞിരുന്ന ഇളയ സന്തതി ഇന്ന് പുറത്തേക്ക് ഇറങ്ങി. പൂന്തോട്ടം വൃത്തിയാക്കാൻ വന്ന ചേച്ചിക്ക് ഉപദേശ നിർദേശങ്ങൾ കൊടുക്കുന്നതിനിടയിൽ കുറച്ച് സമയം വെയിലും കൊണ്ടു.
ഒരു മണിക്കൂർ തികച്ചായില്ല പുള്ളിക്കാരത്തിയൊന്ന് തല കറങ്ങി വീണു.ജോലിക്കാരി ചേച്ചിക്ക് താങ്ങി എഴുന്നേൽപ്പിക്കാനാവാതെ വന്നപ്പോൾ അകത്ത് അമ്മയെ വിളിച്ചതാ.
ന്റെ മോൾക്ക് ഇതെന്തു പറ്റിയെന്ന് പറഞ്ഞ് കരച്ചിലും. അമ്മക്ക് പിന്നാലെ വീട്ടിനുള്ളിൽ നിന്ന് പുറത്ത് ഇറങ്ങി വന്നവരും കരച്ചിലോടു കരച്ചിൽ അങ്ങനൊരു കൂട്ട നിലവിളിയായി.
മുഖവും കഴുകിച്ച് വെള്ളവും കുടിപ്പിച്ച് തലകറങ്ങിയവർ ഓക്കേ ആയിട്ടും ജനപ്രവാഹത്തിന് കുറവൊന്നും ഉണ്ടായില്ല. ഒടുവിൽ വന്നവരൊക്കെ പൂന്തോട്ടവും കണ്ട് മടങ്ങിപ്പോയി. അപ്പോളാണ് മതിലു ചാടി കയറിയപ്പോൾ കാല് ഉരഞ്ഞ് പൊട്ടിയത് എന്റെ ശ്രദ്ധയിലും പെട്ടത്.പത്രവായനയും മുടങ്ങി കാലും പൊട്ടിയത് മിച്ചം.
വീടിനകത്തിരുന്ന് ഉപകരണങ്ങളിൽ ജോലിയും ചെയ്ത്, ചുറ്റുമതിലുണ്ടായിട്ട് പോലും പുറം ലോകം കാണാൻ മടിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ(ന്യൂജനറേഷന്റെ) ദയനീയമായ അവസ്ഥകൾ ഇങ്ങനെയുമാകാം.
ബേബിസബിന