സുദർശൻ കാർത്തികപ്പറമ്പിൽ*
നിന്നെയോർക്കാതില്ല പെണ്ണേ,യിന്നെനിക്കോണം
എന്നെയോർക്കാതില്ലയല്ലോ,നിനക്കുമോണം!
അത്തമിങ്ങു വന്നിടുമ്പോൾ തന്നെപുന്നാരേ,
അത്തലേതും മറന്നുഞാൻ കാത്തിരിക്കില്ലേ!
ചെത്തിമന്ദാരങ്ങൾ നുള്ളാനക്കരെത്തോപ്പിൽ,
മുത്തുമാല ചൂടിയാനൽകോടിയും ചുറ്റി,
ചിത്തിരപ്പൂന്തോണിയേറി നീതുഴഞ്ഞെത്തേ,
മുത്തമന്നു നൽകിയതുമോർപ്പുഞാൻ മുത്തേ!
ആ മിഴിക്കോണൊന്നിളകെ,കോമളാംഗീ ഞാൻ
തൂമയാർന്നോരെത്രപൊൻ കിനാക്കൾ കണ്ടാവോ!
പൂക്കളൊന്നായ് നുള്ളിനീയത്തോണിയിലേറെ,
നോക്കിയീഞാനന്നിരുന്നതൊക്കെയോർക്കുന്നേൻ!
പേടമാൻകണ്ണാളെ നിന്നെക്കൊണ്ടുപോയീടാൻ
ചോടുവച്ചാ,കാടുമേടുതാണ്ടിഞാനെത്തേ,
ഓടിവന്നെൻ മാറിലായ് നീചേർന്നുനിന്നീലേ,
ആടിമാസക്കാറ്റുമേറ്റു നമ്മൾ നിന്നീലേ!
ഇന്നുവേണ്ടെന്നിന്നുവേണ്ടന്നന്നുനീ ചൊല്ലേ,
എന്നിലെപ്പൂവാടികയ്ക്കെന്തെന്തു നൊന്തെന്നോ!
കാലമെത്ര പോയ്മറഞ്ഞെന്നാലുമാലോലം,
ചേലിൽ നീവന്നെത്തിടുന്നെന്നുള്ളിലാമോദം!
നീലവാനിലങ്ങുനോക്കി ഞാനിരിക്കുമ്പോൾ,
താലവുമായെന്തുനീയെൻ മുന്നിൽനിൽക്കുന്നോ!
കാണ്മു,ഞാനിന്നാവസന്ത ചാരുതയോലും
തേന്മൊഴീനിന്നാത്മ ഭാവത്തൂമിഴിച്ചന്തം!
കേൾപ്പു,ഞാനിന്നാവിശുദ്ധപ്രേമ ശ്രീരാഗം,
നാൾക്കുനാളായെന്റെയുള്ളം മീട്ടിടും രാഗം!
ജീവിതത്തിന്നന്തരങ്ങ,ളന്തരംഗത്തിൽ
തൂവിടുന്നോരശ്രുധാരയ്ക്കെന്തു വേദാന്തം?
പൂനിലാവിൽ പൂങ്കിനാക്കൾ കണ്ടിരുന്നാർദ്രം
ആ നിശാന്ത സ്മേരഭാവ,മറിഞ്ഞീടുന്നേൻ!
ഏതുരാഗ,മേതുതാളമായതു,പാടാൻ
ആതിരേ,യിന്നെൻഹൃദയ തന്തിയിൽ ബാക്കി!
ആടിയോടിമാറിയിന്നിങ്ങാവണി മാസം
കാടുകേറിയെത്തിടുമ്പോഴാടലേമാത്രം!
അപ്പൊഴുമെന്നോമലേ ഞാനറിവൂനേരിൽ,
ത്വൽപ്രണയത്തിന്നമൂർത്തസ്പന്ദനമേവം!
കാലമെത്ര മൂടിവച്ചാലും,മനസ്സേനിൻ
ജാലവിദ്യയ്ക്കുള്ള പേരോ,’പ്രേമ’മൊന്നോതൂ.
എന്നിൽ നിന്നും നീയകന്നീടാത്ത നാളോളം,
നിന്നെയോർക്കാതില്ല പൊന്നേ,യിങ്ങെനിക്കോണം!