സുനി ഷാജി*
“ആഹാ… നീ ആളു കൊള്ളാമല്ലോടാ… ഒരേ, പ്രണയലേഖനം തന്നെ മൂന്ന് പേർക്ക് എഴുതി കൊടുത്തിരിക്കുന്നു അവന്…”
“മൊട്ടേന്ന് വിരിഞ്ഞില്ല മൂന്നെണ്ണത്തിനെ വളച്ചെടുത്തിരിക്കുന്നു….അഹങ്കാരി”
“അവന്റെ നിൽപ്പ് കണ്ടില്ലേ ടീച്ചറേ..ഒരു കൂസലുമില്ലാതെ…”
മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ, ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞതേയുള്ളൂ ഞാൻ.
ആദ്യത്തെ പിരീഡ് ക്ലാസ്സും, കഴിഞ്ഞ് അടുത്ത പീരീഡ് ഫ്രീ ആയതിനാൽ സ്റ്റാഫ് റൂമിൽ എത്തിയതാണ്.
ശ്രദ്ധിച്ചപ്പോൾ, ഒരു പയ്യനെ തലങ്ങും വിലങ്ങും ചോദ്യം ചെയ്യുകയാണ് എല്ലാവരുംകൂടി.
“മേരി ടീച്ചറേ… ആ പ്രണയലേഖനം ഒന്നു വായിച്ചു നോക്കിയേ… എന്തൊരു സാഹിത്യം..! മുതിർന്ന എഴുത്തുകാർ തോറ്റുപോകും അവന്റെ അക്ഷരങ്ങൾ കണ്ടാൽ.”
ഒരു പേപ്പർ പൊക്കിപ്പിടിച്ചുകൊണ്ട് മലയാളം അദ്ധ്യാപകനായ തോമസ് മാഷായിരുന്നു അത്.
“എന്നിട്ട് നിൽക്കുന്നത് കണ്ടോ…കുന്തം വിഴുങ്ങിയ പോലെ…”
“എഴുതി കഴിഞ്ഞിട്ട്, മൂന്നുപേരെ കൊണ്ട് കൊടുപ്പിച്ചിരിക്കുന്നു…ആ ദൂതന്മാരെയും പിടിക്കണം.”
അവരെല്ലാവരും മാറിമാറി വാക്ക് ശരങ്ങൾ എയ്യ്തു അവനെ മുറിവേൽപ്പിക്കുന്നുണ്ട്…
ആ വേദനയിൽ പിടഞ്ഞ് അവന് ശ്വാസം കിട്ടാതെ പിടയുന്നുണ്ടെന്നു ആ മുഖം കണ്ടാൽ മനസ്സിലാവും.
എന്റെ സച്ചുമോന്റെ അതേ പ്രായം വരും…
എട്ട് ‘ബി ‘യിലെ നരേന്ദ്രൻ ആണത്.
ആഴ്ചയിൽ രണ്ട് പീരീഡ്, ഉണ്ട് എനിക്കവിടെ.
ഒന്നും മിണ്ടാതെ നിർവികാരനായി നിൽക്കുന്ന, അവനെ കണ്ടപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി…
എന്നാലും മനസ്സ് മന്ത്രിച്ചു,
കൊള്ളാമല്ലോ ചെക്കൻ… ഇത്ര ചെറിയ പ്രായത്തിലേ മൂന്നുപേർക്ക് പ്രേമലേഖനം കൊടുക്കാൻ മാത്രം ധൈര്യം.”
ആവശ്യത്തിന് ക്രോസ് വിസ്താരം ചെയ്തുകഴിഞ്ഞു, അവരുടെ വക ശിക്ഷയും കൊടുത്തിട്ട്… അവരവരെ ഹെഡ്മാസ്റ്ററിന്റെ അടുത്തേക്ക് കൊണ്ടുപോയി.
അവിടെനിന്നും വഴക്കും, അടിയും ഒക്കെ കിട്ടി… അവൻ, നേരെ വന്നത് എന്റെ ക്ലാസിലേക്കായിരുന്നു.
അവൻ വന്നു കയറിയപ്പോൾ… കുട്ടികളൊക്കെ അമർത്തി മൂളുകയും, പരിഹാസപൂർവ്വം ചിരിക്കുകയും ഒക്കെ ചെയ്തുവെങ്കിലും ഞാൻ ഒരു നോട്ടത്താൽ അവരെ അടക്കി.
ഉള്ളിലേക്ക് കയറി, തന്റെ ബെഞ്ചിനെ ലക്ഷ്യമാക്കി അവൻ നടന്നു നീങ്ങിയപ്പോൾ… ഞാൻ, അവനെ അടിമുടി ഒന്ന് സൂക്ഷിച്ചുനോക്കി.
എണ്ണ തേക്കാത്തതിനാലാവണം ചുരുളൻ മുടി ഇത്തിരി പാറിപ്പറന്നു കിടക്കുന്നു.
ഇരുനിറമാണ് മുഖമെങ്കിലും, നല്ല അഴക്.
അത്ര തടിച്ചതോ, തീരെ മെലിഞ്ഞതോ അല്ലാത്ത ഒരു ശരീരപ്രകൃതി.
ഇത്രയൊക്കെ വഴക്ക് കേട്ടിട്ടും, അടികൊണ്ടിട്ടും ആ കണ്ണുകൾ ഒന്ന് നിറഞ്ഞില്ല……..
എന്തിന്,
മുഖത്ത് ഒരു വികാരം പോലുമില്ല..!
ഇത്, എന്തൊരു ചെക്കൻ എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ ക്ലാസ് തുടർന്നു.
എന്റെ ക്ലാസിൽ ഒരു സാധാരണ കുട്ടിയാണ് അവൻ.
പക്ഷേ പാഠപുസ്തകങ്ങളിൽ നിന്നും വിട്ട്… സാഹിത്യത്തിലോ, സയൻസിലോ, ചരിത്രത്തിലെയോ എന്തെങ്കിലും ചർച്ചയ്ക്കു വന്നാൽ… അവന് പിന്നെ നിയന്ത്രണമില്ല, അവന്റെ വാക്കുകൾ പലപ്പോഴും അതിശയത്തോടെ ഞാൻ കേട്ടിരുന്നിട്ടുമുണ്ട്, ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ.
അന്നു വീട്ടിലെത്തി, ഉറങ്ങാൻ കിടന്നപ്പോൾ ആ സംഭവവും, അവന്റെ മുഖവും പലയാവർത്തി മനസ്സിൽ തെളിഞ്ഞുവന്നു.
എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്ന ഒരു മുഖമായിരുന്നു അവന്റെ.
പിറ്റേന്ന് ശനിയാഴ്ചയായതിനാൽ , ക്ലാസ്സില്ലാരുന്നു. വൈകുന്നേരം ഭർത്താവും, മക്കളും, അമ്മയും, അച്ഛനുമൊക്കെയായി പുറത്ത് പോയി. വീക്കെൻഡിൽ എല്ലാരും
ഒത്തൊരുമിച്ച് ഒരു കറക്കവും, പുറത്തു നിന്ന് ഭക്ഷണം കഴിക്കാറും പതിവുള്ളതാണ്.
അന്ന്, സച്ചുമോന്റെ ജന്മദിനം പ്രമാണിച്ചു ഏറ്റവും മുന്തിയ ഹോട്ടലിൽ തന്നെ കയറി…..
ഹോട്ടൽ ഹൈ- പോയിന്റ്.
ഓരോരുത്തരും അവരവർക്കു, വേണ്ടതെല്ലാം ഓർഡർ ചെയ്തു വളരെ ആഘോഷപൂർവ്വം ഞങ്ങൾ ഇരുന്ന് കഴിച്ചു…
എല്ലാം കഴിഞ്ഞു, പുറത്തേക്ക് ഇറങ്ങാൻ നേരം…ബില്ലു കൊടുക്കുന്നിടത്തു താമസം ഉള്ളതുകൊണ്ട്, അവിടെ വെയിറ്റ് ചെയ്യുകയാണ് ഞങ്ങൾ.
പെട്ടെന്ന് ഒരു
ആക്രോശം
“നീ എന്തോ നോക്കിയിരിക്കുവാ…വേഗം കഴുകെടാ…….”
ബില്ല് കൊടുക്കുന്നിടത്തു നിന്നും നോക്കിയാൽ…. അടുക്കളയോട് ചേർന്നുള്ള ചായ്പ്പ് കാണാം…അവിടെ പാത്രങ്ങൾ കുന്നു കൂട്ടിയിട്ടിരിക്കുന്നു…
അവിടെ ഇരുന്നു പാത്രങ്ങൾ കഴുകുന്ന അവന്റെ അടുത്തേക്ക്, കുറെ പാത്രങ്ങൾ ഇട്ടുകൊടുത്തു കൊണ്ടായിരുന്നു, ഒരു മനുഷ്യന്റെ ദേഷ്യപ്പെടൽ.
ഞാൻ അലക്ഷ്യമായി ഒന്ന് നോക്കി…
പാത്രം കഴുകുന്ന ആളെ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്ന മുഖം………!!!!
ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ…
അത് നരേന്ദ്രൻ ആണ്…
അവൻ എന്നെ കണ്ടിട്ടില്ല.
ഉള്ളിലൊരു ആന്തലോടുകൂടിയാണ് ക്യാഷ്യർ കസേരയിലിരിക്കുന്ന ഹോട്ടൽ മുതലാളിയോട് ഞാൻ ചോദിച്ചത്…
“അത് നരേന്ദ്രൻ അല്ലേ…? “
“ഉവ്വ്….”
“എന്താണ് അവൻ ഇവിടെ…? ഞാനവനെ പഠിപ്പിക്കുന്നുണ്ട്.”
“ടീച്ചറെ…അവൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. ഒരു സഖാവ് ആയിരുന്നു അവന്റെ അച്ഛൻ. ഒരുപാട് പണമുള്ള വീട്ടിലെ ഒരു സുന്ദരി പെണ്ണിനെ പ്രണയിച്ചു, പാർട്ടി ഓഫീസിൽ വച്ച് കെട്ടിയതാണ്…
അവസാനം മദ്യപാനിയായ അയാൾ ഹൃദയസ്തംഭനംമൂലം മരിച്ചപ്പോൾ പറക്കമുറ്റാത്ത മൂന്ന് പിള്ളേരെയും കൊണ്ട് അവർ ഒരുപാട് കഷ്ടപ്പെട്ടു…നാട്ടുകാരും പാർട്ടിക്കാരും ഒക്കെ കൂടി ഒരു വീട് വച്ചു കൊടുത്തു…അത്യാവശ്യം സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്തുവെങ്കിലും…എല്ലാത്തിലും ഒരു പരിധിയില്ലേ….
മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്ത് കിട്ടുന്ന കാശും, മെറ്റൽ അടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനവും കൊണ്ട് അവന്റെ അമ്മ ഒരുപാട് കഷ്ടപ്പെടുന്ന കണ്ടപ്പോഴാണ്….ഇവിടെ അടുക്കളയിൽ ഒരു ജോലി ശരിയാക്കി കൊടുത്തത്…
അമ്മയെ സഹായിക്കാൻ എത്തിയതാണിവൻ… ഇപ്പോൾ അമ്മയെ വീട്ടിൽ ഇരുത്തി അവൻ ആ ജോലി ഏറ്റെടുത്തു….പാവം, രാത്രി വൈകി…പന്ത്രണ്ട് മണി വരെ ഒക്കെ ജോലി ഉണ്ടാകും ടീച്ചറെ… ഇവിടെത്തന്നെയാണ് അവന്റെ കഴിപ്പും, കിടപ്പും ഒക്കെ.
മൂന്ന്, നാല് മാസം കൂടുമ്പോൾ വീട്ടിൽ പോകും…അമ്മയും ചേട്ടനും, പെങ്ങളെയും കാണാൻ…
രാവിലെയുംകൂടി ഇവിടെ സഹായിച്ചിട്ടാണ് അവൻ സ്കൂളിൽ വരുന്നത്.
പഠിക്കാൻ സമയം കിട്ടില്ലായെങ്കിലും അവൻ ഒരുപാട് അറിവുള്ള കൊച്ചനാണ്. ഒഴിവുസമയങ്ങളിൽ വലിയ, വലിയ പുസ്തകങ്ങൾ ആ ലൈബ്രറി നിന്ന് എടുത്തു വായിക്കും.”
അടുത്തുള്ള പബ്ലിക് ലൈബ്രറി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അയാൾ അത് പറഞ്ഞത്.
“അവന് അംഗത്വമെടുക്കാൻ പ്രായമായിട്ടില്ലായെങ്കിലും എന്റെ പേരിൽ ആണ് എടുത്തു വായിക്കുന്നത്. ചേതമില്ലാത്ത ഉപകാരമല്ലേ……
ആ വായനയിലൂടെയെങ്കിലും ആ മനസ്സിന് ഇത്തിരി സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ… പാവം പയ്യനാണ്.
ഇത്ര ചെറിയ പ്രായത്തിലേ ഒരു കുടുബത്തിന്റെ ഭാരം മുഴുവനും തോളിലേറ്റാൻ വിധിക്കപ്പെട്ട പാവം കുട്ടി.
ഒരാളെ കുറിച്ചുള്ള ചിന്തകൾ എത്ര വേഗമാണ് നമ്മുടെ ഉറക്കത്തെ കട്ടെടുത്ത് കൊണ്ടുപോകുന്നത്…
അവന്റെ ജീവിതവും, ആ പ്രണയ ലേഖനങ്ങളും തമ്മിൽ എന്തോ ഒരു പൊരുത്തക്കേട്…..
അതുകൊണ്ടുതന്നെയാണ് തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ ഞാൻ അവനെ അടുത്തു വിളിച്ചത്…
എന്നിട്ട് ഞാൻ കണ്ടതും, കേട്ടതുമായ കാര്യങ്ങൾ അവനോട് പറഞ്ഞിട്ട്…
ഇത്രയും കൂട്ടിച്ചേർത്തു
“എനിക്കൊരിക്കലും വിശ്വസിക്കാനാവുകയില്ല, നിനക്ക് പ്രണയം ഉണ്ടായിട്ടാണ് ആ കത്തുകൾ എഴുതിയതെന്ന്…. സത്യം പറ എന്താണ് സംഭവം…? “
ടീച്ചർ അറിഞ്ഞത് ഒക്കെയും സത്യമാണ്. അമ്മയ്ക്കും, എനിക്കും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിച്ചു പോകാൻ ബുദ്ധിമുട്ടാണ്. ഏട്ടൻ ആണെങ്കിൽ വയ്യാ താനും. ഇവിടെ ഏഴാം ക്ലാസുവരെ ഉച്ചക്കഞ്ഞി കിട്ടുമായിരുന്നു… ഞാൻ ഹൈസ്കൂൾ ആയതിനാൽ അതില്ല ടീച്ചറെ……..
ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുമ്പോളുള്ള മണവും, കഞ്ഞിപ്പുരയിലെ മണവും ഒക്കെയടിക്കുമ്പോൾ എന്റെ വയറ് കാളും ടീച്ചർ…
പ്രണയലേഖനം എഴുതി കൊടുത്താൽ അവന്മാർ കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിന്റെ പാതി എനിക്ക് കൂലിയായി തരും…
വിശപ്പടക്കാനുള്ള ഒരു വഴി ആയിട്ടാണ് ഞാൻ ആ കത്തുകൾ എഴുതി നൽകിയത്.
ആ മൂന്നെണ്ണം മാത്രമല്ല വേറെയും ഒരുപാട് എഴുതി കൊടുത്തിട്ടുണ്ട്.”
“എന്റെ മോനെ………”
ഒരു പൊട്ടിക്കരച്ചിലോടെയാണ് ഞാൻ അവനെ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചത്…. എന്നിലെ മാതൃത്വം ഉണരുകയായിരുന്നു അപ്പോൾ.
അവന്റെ കണ്ണുനീർ വീണ് എന്റെ നെഞ്ച് പൊള്ളി.
ഞാൻ, ആ മുഖത്തും, നെറ്റിയിലും, നെറുകയിലും മാറി… മാറി ഉമ്മവച്ചു…
ഒരു തേങ്ങലോടെ, ഹൃദയം നുറുങ്ങുന്ന അമ്മമനസ്സിന്റെ വേദനയോടെ.
ഇരുപത് വർഷങ്ങൾക്കു മുൻപ് നടന്ന ഈ സംഭവം ഞാനിന്ന് പെട്ടെന്ന് ഓർക്കാൻ കാരണമുണ്ട്.
ഞാനന്ന് ചപ്പാത്തിയും, ചിക്കനും, ഐസ് ക്രീമും.. ആവോളം സ്നേഹവും ഒക്കെ വാരിക്കോരി കൊടുത്തു വളർത്തിയ എന്റെ സച്ചുമോൻ, അദ്ദേഹത്തിന്റെ മരണശേഷം…
സ്വത്തുക്കളെല്ലാം അവന് എഴുതി കൊടുക്കുമ്പോൾ ഏകമകൻ ചതിക്കില്ല എന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു എനിക്ക്….ആ മകൻ ഭൂമിയിലെ സ്വർഗ്ഗം ആണെന്ന് പറഞ്ഞ് എന്നെ കൊണ്ടാക്കിയ ‘സ്നേഹ മന്ദിരം’ എന്ന വൃദ്ധസദനത്തിൽ ഇന്നൊരു #പിറന്നാൾസദ്യ ഉണ്ടായിരുന്നു.
വൃദ്ധസദനത്തിലേക്ക്, ആളുകൾ… മിക്ക ആഘോഷങ്ങൾക്കും ഭക്ഷണം സ്പോൺസർ ചെയ്യുന്നതിനാൽ ഇതും അതുപോലെ ഒന്നാണെന്ന് കരുതിയാണ് ഞാൻ കയ്യും കഴുകി പ്ലേറ്റിനു മുൻപിൽ ഇരുന്നത്.
എന്റെ പാത്രത്തിലേക്ക് വിളമ്പിയ ആ കൈവിരൽ കണ്ടപ്പോളാണ്… ഞെട്ടിത്തരിച്ച് ഞാൻ ആ മുഖത്തേക്ക് നോക്കിയത്…
അവൻ, അപ്പോയേയ്ക്കും അടുത്ത പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി കഴിഞ്ഞിരുന്നു.
അത്…. നരേന്ദ്രൻ ആയിരുന്നു.
അവൻ എന്നെ കണ്ടില്ല.
അല്ലെങ്കിൽ തന്നെ ഒരു അഗതിമന്ദിരത്തിലെ പ്ലേറ്റിനു മുമ്പിൽ ഒരിക്കലും അവൻ എന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവുകയില്ല.
നെഞ്ചിൽ തികട്ടി വന്ന വേദനയാൽ, കണ്ണുനീര് വിലങ്ങി…ശ്വാസം മുട്ടിയപ്പോൾ, ഞാൻ
വിളമ്പി വെച്ച ഭക്ഷണത്തിന് മുമ്പിൽ നിന്നും വേഗം എണീറ്റ് നടന്നു.
പുറകെയെത്തിയ മേട്രൺ കാര്യം തിരക്കിയപ്പോൾ…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്ന് മാത്രം പറഞ്ഞു.
കാര്യങ്ങളെല്ലാം അറിഞ്ഞ അവൻ, ആ പ്ലേറ്റിൽ വിളമ്പിവച്ച ഭക്ഷണവുമായി എന്റെ അടുത്തു എത്തി.
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയ അവൻ…
ഭക്ഷണം മേശപ്പുറത്ത് വച്ചിട്ട്…
“എന്റെ ടീച്ചറെ………!!!”
എന്നൊരു വിളിയോടെ എന്നെ നെഞ്ചോട് ചേർത്തു.
“ടീച്ചർ എന്താണ് ഇവിടെ…..!!? “
വർഷങ്ങൾക്കു മുമ്പ് ഞാൻ കരഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ മുത്തം നൽകിയതുപോലെ അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെറുകയിൽ ഉമ്മ വച്ചു.
വിതുമ്പലോടെ കാര്യങ്ങളെല്ലാം ഞാൻ അവനെ അറിയിച്ചു കഴിഞ്ഞപ്പോൾ…
“ടീച്ചറെ… വലിയ വൈറ്റ് കോളർ ജോലിയൊന്നുമല്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന ഒരു ജോലിയുണ്ട് എനിക്കിന്ന്.
പക്ഷേ…
എല്ലാമാസവും
അക്കൗണ്ട് കാലിയാകുമെന്ന് മാത്രം… പണം നമുക്ക് അവശ്യങ്ങൾക്ക് ചിലവഴിക്കാൻ ഉള്ളതല്ലേ….കുന്ന് കൂട്ടിവച്ചിട്ട് കാര്യമില്ല ടീച്ചർ… ഒന്നും നമ്മൾ കൊണ്ടുപോകില്ല, വെറുംകൈയോടെ അല്ലേ നമ്മുടെ അവസാന യാത്ര….”
അവൻ എത്ര തത്വജ്ഞാനിയെ പോലെ സംസാരിക്കുന്നു….
മൂർച്ചയേറിയ വാക്കുകൾ. അത്ഭുതത്തോടെ കേട്ടുനിന്നു പോയി.
“ടീച്ചർ, അന്ന് കണ്ട വീട് തന്നെയാണ് ഇപ്പോഴും. കുറച്ചൊന്നു പുതുക്കി പണിതു…അത്ര തന്നെ.
അവിടെ ഭാര്യയും, മൂന്നു കുഞ്ഞുങ്ങളും,അമ്മയും, ഏട്ടനും ഒക്കെയായി, ഉള്ളതുകൊണ്ട് സന്തോഷമായ് കഴിയുന്നു.”
പ്രായാധിക്യത്താൽ ചുക്കിച്ചുളിഞ്ഞ, ഞരമ്പുകൾ ഉന്തിയ എന്റെ കൈവിരലുകൾ തലോടി കൊണ്ട് അവൻ തുടർന്നു…
“ടീച്ചർക്ക്,അവിടെ ഒരു മുറി തരാൻ സാധിക്കില്ല… പക്ഷേ ഒരു കിടക്ക തരാനാവും, ഉള്ള സൗകര്യത്തിൽ ഇനിയുള്ള കാലം എന്റെ ഒപ്പം കഴിയാൻ വരാമോ ടീച്ചറെ.”
ഞാനപ്പോൾ ഓർത്തത്…. എന്റെയും, അദ്ദേഹത്തിന്റെയും ഒരായുസ്സ് കാലം കൊണ്ട് നേടിയ പണം ഉപയോഗിച്ച് , പണിത ഞങ്ങളുടെ ഇരുനില വീട്ടിലെ…ആരും ഉപയോഗിക്കാത്ത മുറികളെ കുറിച്ചായിരുന്നു…അതിൽ
ഒന്നിൽ പോലും ജീവിക്കാൻ എന്നെ,
എന്റെ സ്വന്തം മകൻ…
ഞാൻ പ്രസവിച്ച മകൻ…
എന്റെ സച്ചുമോൻ അനുവദിച്ചില്ലല്ലോ….
കരച്ചിലടക്കാനാവാതെ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണ്ടും ചാരി.
അവനെന്നെ, കൈകളാൽ ചേർത്തുപിടിച്ചു, തലോടുമ്പോൾ എന്റെ മനസ്സിലെ ഭാരങ്ങൾ ഒക്കെ പെയ്തൊഴിയുന്നത് ഞാൻ അറിഞ്ഞു.
അവരുടെ ഇല്ലായ്മയിലേക്ക് ഞാൻ ഒരു ഭാരം ആകാൻ പാടില്ല…
സ്നേഹപൂർവ്വം, ഞാൻ ആ ക്ഷണം നിരസിച്ചു.
“ഒരു ദിവസം ഞാൻ വരാം…. ഒരേ ഒരു ദിവസത്തേക്ക് മാത്രം, സമയമാവട്ടെ.”
“ഞാൻ കാത്തിരിക്കും…..”
എന്ന് പറഞ്ഞുകൊണ്ട്, അവിടെ ഇരുന്നു അവൻ, ആ ചോറ് മുഴുവൻ എനിക്ക് വാരി തന്നു…
അപ്പോൾ നിറഞ്ഞത് എന്റെ വയറു മാത്രമല്ല മനസ്സ് കൂടിയാണ്.
എനിക്ക് കിട്ടിയ അമൂല്യമായ ഗുരുദക്ഷിണ.
അവൻ പറയുകയായിരുന്നു…
“വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിനപ്പുറം മറ്റൊരു പുണ്യം ഇല്ലെന്ന് പഠിപ്പിച്ചത് എന്റെ ടീച്ചർ അല്ലേ…?
ടീച്ചർ, അന്ന് ആരും കാണാതെ നൽകിയിരുന്ന പൊതിച്ചോറിന്റെയും, മിഠായിയുടെയും ഒക്കെ രുചി ഇപ്പോഴും ഈ നാവിൻ തുമ്പിൽ ഉണ്ട്.
അതാണ് ഇന്നത്തെ നരേന്ദ്രന്റെ ജീവിതം. “
എന്റെ കൈയെത്തുംദൂരത്ത്…. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ… എന്റെ പ്രിയ ശിഷ്യൻ നരേന്ദ്രൻ ഉള്ളടത്തോളം കാലം ഞാൻ ഇനി കരയുകയില്ല…
ദൃഢമായ തീരുമാനമായിരുന്നു അത്.
ആത്മാവിൽ സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ഇത്തരം ചില ബന്ധങ്ങളുണ്ട് ഈ ഭൂമിയിൽ. രക്തബന്ധത്തെക്കാൾ തീവ്രമായ ചില ഗുരു ശിഷ്യ ബന്ധങ്ങൾ.
എന്റെ നരേന്ദ്രന്റെ ജന്മദിനം ആണിന്ന്. അവന്റെ ജീവിത പുസ്തകത്തിൽ നിന്നും പകർത്തിയെഴുതിയ
ഈ ഓർമ്മകുറിപ്പ്…അവനുള്ള എന്റെ പ്രിയപ്പെട്ട പിറന്നാൾ സമ്മാനമാണ് .