ജയന്തി അരുൺ ✒️
ഒരോ ഗ്രാമവും ഒരോ നഗരവും എത്രയോ പുരാവൃത്തങ്ങളാണ്, അറിയപ്പെടാത്ത എത്രയോ ചരിത്രങ്ങളാണ് ഉൾക്കൊള്ളുന്നത്.
ഓരോന്നിനും അതിന്റെതായ പാരമ്പര്യവും തനിമയുമുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചരിത്രത്തിന്റെ ഭാഗമായ എത്രയോ സംഭവങ്ങളാണ്
ഓരോ പ്രദേശത്തിനും പറയാനുള്ളത്, മണ്മറഞ്ഞുപോയ തലമുറയോടൊപ്പം മാഞ്ഞുപോയത്.
വളരെ ചെറുപ്പത്തിൽ, കണ്ണിമുറിയാതെ ഓർമകൾ കൂട്ടിക്കെട്ടാൻ പറ്റുന്നതിനും മുമ്പുള്ള പ്രായത്തിൽ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഒരു പാട്ടുണ്ട്. പാട്ട് എന്നു പറയാൻ മാത്രം ഈണവും താളവുമില്ല.
എഴുതിയതോ പാടിയതോ ആരുമാകട്ടെ, എന്റെ നാടായ കോതമംഗലത്തിനുമാത്രം അവകാശമുള്ളത് എന്നു ഉറപ്പിച്ചു പറയാം.
“വാരപ്പെട്ടി വാരിക്കെട്ടി
കോതമംഗലം കൊണ്ടോടി
ഇളങ്ങവം എങ്ങിനോക്കി
പുതുപ്പാടി പുഞ്ചിരിച്ചു
മാതിരപ്പിള്ളി മാറിനിന്നു
കാക്കടാശ്ശേരി കട്ടോണ്ടു പോയി
കറുകടം കണ്ടുനിന്നു.”
ഇനിയും വരികളുണ്ടോയെന്നു ഓർത്തെടുക്കാൻ പലവട്ടം ശ്രമിച്ചു. പലരോടും ചോദിച്ചു. കിട്ടിയില്ല. കോതമംഗലം താലൂക്കിലെ പ്രദേശങ്ങൾ എന്നല്ല വാരപ്പെട്ടി പഞ്ചായത്തിലെ വെറുമൊരു വാർഡായ ഇളങ്ങവം എന്ന ഗ്രാമം പോലും കടന്നുവരുന്ന ഈ പാട്ട് എന്റെ അയൽക്കാരിൽ ആരുടേതോ ആകും. ഓർമകളിലേക്ക് സ്വന്തം ഗ്രാമത്തെ, നഗരത്തെ കുടിയിരുത്തുന്ന തനതു സവിശേഷതകൾ ധാരാളമുണ്ട്.
നാം അറിയേണ്ടവ, എഴുതി സൂക്ഷിക്കേണ്ടവ, തലമുറകൾക്കായി കാത്തുസൂക്ഷിക്കേണ്ടവ.
ജനിച്ച നാടിനെക്കാൾ എന്നെ ഞാനാക്കിയത് മൂവാറ്റുപുഴയാണ്. അഞ്ചാം ക്ലാസ്സുമുതലുള്ള വിദ്യാഭ്യാസം മൂവാറ്റുപുഴയിലായിരുന്നു. ഒരു വ്യാഴവട്ടക്കാലം മുവാറ്റുപുഴയുടെ ഭാഗമായിരുന്ന ജീവിതം തന്ന അനുഭവപാഠങ്ങൾ, യാത്രകൾ, വിദ്യാലയ-കലാലയ സൗഹൃദങ്ങൾ..
മുവാറ്റുപുഴക്കാരിയെന്നു സ്വയം വിശ്വസിച്ച, മുവാറ്റുപുഴയുടെ ഓരോ ചലനവും തുടിപ്പും അറിയാമെന്നു അഹങ്കരിച്ച, നാടേതാണെന്ന ചോദ്യത്തിന് മുവാറ്റുപുഴ എന്നു മാത്രം പറയാറുള്ള ഒരാൾക്ക് എത്രമേൽ പ്രിയമുള്ളതാകും ആ നാടിന്റെ ചരിത്രവും പുരാവൃത്തവും.
മൂവാറ്റുപുഴയെ അറിയുന്നവൾ എന്ന വിശ്വാസത്തെ ചുവടെ പിഴുതെറിയാൻ പര്യാപ്തമായൊരു പുസ്തകമാണ് രാവിലെ വായനയ്ക്ക് കയ്യിൽത്തടഞ്ഞത്. പ്രിയസുഹൃത്ത് ദിനേശ് അതു സമ്മാനിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞിരുന്നു
“മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ” വായിക്കാനെടുക്കുമ്പോൾ.
ജീവിതത്തിന്റെ അധികകാലവും നടന്നും ഓടിയും തീർത്ത ഒരോ വഴിയും എത്രയോ ചരിത്രങ്ങൾക്കും പുരാവൃത്തങ്ങൾക്കും സാക്ഷിയായിരുന്നുവെന്ന് അദ്‌ഭുതപ്പെടുന്ന മനസ്സ് വായനയുടെ തുടക്കത്തിലേ രൂപപ്പെട്ടു. രാജഭരണകാലത്തുതന്നെ മൂവാറ്റുപുഴയ്ക്കുണ്ടായിരുന്ന പ്രാധാന്യം മുതൽ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങൾവരെ തെളിവുകളോടും അനുഭവസാക്ഷ്യങ്ങളോടും കൂടി കണ്മുന്നിൽ നിരന്നു . നഗരത്തിന്റെ സാംസ്‌കാരികവും വ്യാവസായികവും കായികവുമായ സമഗ്രമായ ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്
“മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ”.
നഗരത്തിന്റെ സുപരിചിതമായ മുക്കിനും മൂലയ്ക്കും ഇത്രയേറെ കഥകൾ പറയാനുണ്ടോ എന്ന വിസ്മയത്തോടൊപ്പം എന്തേ ഇതൊന്നും അറിയാതെ പോയി എന്നൊരു വേവലാതിയും മനസ്സിനെ മഥിച്ചു. വർഷങ്ങളോളം ദിവസവും കടന്നു പോകുകയോ ബസ്സുകാത്തു നിൽക്കുകയോ ചെയ്ത കച്ചേരിത്താഴം എത്രയോ ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായിരുന്നു. കേരളസംസ്ഥാനരൂപീകരണം നടന്ന സമയത്ത് മൂവാറ്റുപുഴയ്ക്ക് ഇത്രയും പ്രാധാന്യമുണ്ടായിരുന്നുവെന്ന് എന്തേ നീ അറിയാതെ പോയെന്നു സ്വയം ശാസിക്കേണ്ടിവന്നു. ചരിത്രത്തിന്റെ ഒരോ സ്പന്ദനവും മൂവാറ്റുപുഴയിൽ എങ്ങനെയാണ് പ്രതിഫലിച്ചതെന്ന്
മോഹൻദാസ് സൂര്യനാരായണൻ കൃത്യമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ അതിശയോക്തി ഒട്ടുമില്ലാതെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.
ഇത്രമേൽ സമഗ്രമായി മൂവാറ്റുപുഴയുടെ പുരാവൃത്തം അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ചരിത്രത്തിന്റെ നാൾവഴികൾ വിരസതയില്ലാതെ വായിച്ചു പോകത്തക്ക വിധം അവതരിപ്പിക്കാൻ അനുഗൃഹീതതൂലികയ്ക്കേ കഴിയൂ. ഒരോ സംഭവത്തിനും സാക്ഷ്യമായ സ്ഥലവും പശ്ചാത്തലവും സുപരിചിതമായതുകൊണ്ടുതന്നെ വായന അത്യന്തം ആഹ്ലാദകരമായിത്തോന്നി. സ്വന്തം ഭൂതകാലത്തിലൂടെ കൂടുതൽ തെളിച്ചത്തോടെ നടക്കുന്ന ആസ്വാദനാനുഭൂതി പകരാൻ ചുരുക്കം പുസ്തകങ്ങൾക്കേ കഴിയൂ. അത്തരത്തിലൊന്നാണ് എനിക്ക് “മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ” നൽകുന്ന വായനാനുഭവം.
കുട്ടിക്കാലം മുതൽ മുടങ്ങാതെ കൂടുന്ന, പ്രവാസത്തോടെ ഗൃഹാതുരമായി മാറിയ ചിറപ്പുത്സവവും പുഴക്കരക്കാവും വീണ്ടും മനസ്സിനുത്സവമായി. വീണ്ടും ചരിത്രമുറങ്ങുന്ന പാലത്തിലൂടെ യാത്ര ചെയ്തു. ചരിത്രമറിഞ്ഞ് അഭിമാനത്തോടെ കച്ചേരിത്താഴത്തു ബസ്സ് കാത്തുനിന്നു. ലതാതിയേറ്ററിൽ സിനിമകൾ കണ്ടു. കൂട്ടുകാരോടൊപ്പം സ്കൂളിലേക്കും കോളേജിലേക്കും അത്രമേൽ ആസ്വദിച്ച യാത്രകളിലൂടെ ഒരിക്കൽക്കൂടി കടന്നുപോയി.
മൂവാറ്റുപുഴയുടെ തീരത്തു കൂടി അതുവരെ അറിയാതെ പോയ നഗരചരിത്രത്തിന്റെ ആഴമറിഞ്ഞു യാത്ര ചെയ്തു. കഴിഞ്ഞ മുപ്പത്തഞ്ച് വർഷം ഞാൻ പരിചയിച്ച മൂവാറ്റുപുഴയുടെ ശരിയായ ആഴവും പരപ്പും ഹൃദയത്തുടിപ്പും ഈ പുസ്തകത്തിലൂടെ അറിയാൻ കഴിഞ്ഞു.
മൂവാറ്റുപുഴയ്ക്ക് മുതൽക്കൂട്ടായ തികഞ്ഞ ചരിത്രപുസ്തകം. ആഖ്യാനരീതി, ഭാഷ, കെട്ടിലും മട്ടിലും പുലർത്തുന്ന കലാമൂല്യം, ഒരോ അധ്യായത്തിനും സ്വീകരിച്ചിരിക്കുന്ന പേരിന്റെ ഔചിത്യം സർവോപരി ഇത്തരം ഒരു ചരിത്രപുസ്തകത്തിന്റെ രചനയിൽ പുലർത്തേണ്ട വിശ്വാസ്യത- എല്ലാം എടുത്തു പറയേണ്ടതാണ്.
മൂവാറ്റുപുഴയേ, എന്റെ പ്രിയനഗരമേ,
നിന്നോടൊള്ള ഇഷ്ടത്തിന് ആഴമേറിയിരിക്കുന്നു. നിന്റെ ആത്മസ്പന്ദനങ്ങൾ ഞാൻ കൂടുതൽ ആഴത്തിൽ തൊട്ടറിയുന്നു.
“മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ”ക്ക് നന്ദി… ( Mohandas Suryanarayanan.)