കവിത : പ്രകാശ് പോളശ്ശേരി*
കൊട്ടിയടച്ച നിൻവാതിലിൽ മുട്ടാതെ
കൊട്ടും കുരവയുമൊതുക്കി നിന്നതാണ്
പിന്നെ സ്മൃതിയുടെ തട്ടകം തന്നിലായ്
പട്ടു പുതച്ചു കിടന്നതാണ്
ഏതോ ഉൾവിളി കേട്ട പോലന്നു നീ
എന്നുള്ളിലൊരു ദീപം തെളിച്ചതാണ്
പിന്നെവറ്റുന്നമുറക്കു നീയെൻ്റെ
കോൽ വിളക്കിലെണ്ണ നിറച്ചതാണ്
ദൂരത്താകാശപ്പരപ്പിലൊക്കെയുള്ള
നക്ഷത്രങ്ങളൊക്കെ സാക്ഷിയാണ്
അദൃശ്യപരസ്പരാകർഷണത്തോടെ
ആരൊക്കൊയോആണെന്നുതോന്നിയതാണ്
പാതിരാവൊരുക്കിയ പന്തലിൽനാമന്ന്
പാതിയും പതിയുമായ് കളിച്ചതാണ്
പിന്നേതോഉൾവിളി ഉണ്ടായപോലെ നീ
പിന്നിലേക്കോടിയൊളിച്ചതാണ്
ഞാനേകനായന്ന് കേണുനടക്കുമ്പോ
ഞാനാരുമല്ലെന്നു ചൊല്ലി നീയും
സ്വപ്ന സമുജ്ജ്വലനാടകശാലയിലെൻ്റെ
നഷ്ട ബാഷ്പങ്ങൾ വീണതാണ്
ചെന്തെങ്ങിൽചാരിയാ കായലിൻ കരയിലെ
ചന്ദ്രോദയം കണ്ട ഓർമ്മയിലന്നു ഞാൻ
ചന്ദനമണമുള്ള നിൻ സാമീപ്യനിമിഷങ്ങൾ
നിർണ്ണയിച്ചവയുടെ മാസ്മരം കാണുന്നു
മന്ദസ്മിതപ്പൂക്കളെന്തോരം വിതറിയ
സുന്ദര നിമിഷങ്ങളേ നിങ്ങൾ മറഞ്ഞല്ലോ
ഇന്നിതാ ഞാനേകനായ് ഈ നൗകതന്നുടെ
അമരത്തിരുന്നു കാതോർക്കയാണല്ലോ.!