രചന : ഖുതുബ് ബത്തേരി ✍️

പൗരോഹിത്യത്തെ
അടയാളപ്പെടുത്തുന്ന
ജാഥകൾ കടന്നുപോകുമ്പോൾ
പിന്നിൽ
അണിനിരന്ന പാവങ്ങളുടെ
മുഖത്തൊന്നുനോക്കണം !

മതത്തിന്റെ
ചൂഷക വലയത്തിനുള്ളിൽ
‌വിശ്വാസത്തെ ചൂണ്ടയിൽ
കൊരുക്കുമ്പോഴുള്ള
ആ പിടച്ചിലുകളൊന്നു
കാണണം !

പണക്കൊഴുപ്പിനാൽ
മേനിനടിക്കുന്ന ചിലർ
വിശ്വാസത്തെ
അടക്കി ഭരിക്കുമ്പോഴുള്ള
പൗരോഹിത്യത്തിന്റെ
ദാസ്യവേലയും കാണണം !

പൗരോഹിത്യവും
മുതലാളിത്തവും
തമ്മിലുള്ള ഭയപ്പാടില്ലാത്ത,
പിടച്ചിലുകളില്ലാത്ത
അവിശുദ്ധകൂട്ടും
ഉടനീളം കാണണം !

പലവർണ്ണങ്ങളിൽ
വാനിലേക്കുയർന്ന
കൊടികൾക്കു കീഴിൽ
ആളുകൾ കടന്നുപോകുമ്പോൾ
അവരുടെ
ഉശിരോടെയുള്ള
വിളികൾക്കിടയിലും
ഏറെയുണ്ട്
പാവപ്പെട്ടവന്റെ
ദയനീയ മുഖങ്ങൾ !

മുന്നിൽ നടക്കുന്ന
ശുഭ്രവസ്ത്രധാരികൾ
നേടിയതിന്റെയും
നേടാനുള്ളതിന്റെയും
പ്രസന്നഭാവത്തെ
അടയാളപ്പെടുത്തുമ്പോൾ,
പിന്നിലണിനിരന്ന
ആളുകളിൽ കാണാം
നിരാശനിഴലിച്ച
ജീവിതങ്ങൾ !

ജാഥകൾ ഇങ്ങനെ
കടന്നുപോകുമ്പോൾ,
പാവപ്പെട്ടവന്റെ
നിസ്സഹായതയുടെയും
ഭയപ്പാടിന്റെയും
മുഖങ്ങളെ മറച്ചുപിടിക്കാൻ
താളമേളങ്ങളും
വാദ്യഘോഷങ്ങളും
ദഫുകളും
അകമ്പടിയായി
കടന്നുവരുന്നത്
കാഴ്ചക്കാരനിൽ
വർണ്ണശബളവും
മനോഹരവുമാണ്….!!

ഖുതുബ് ബത്തേരി

By ivayana