Rajesh Krishna*
ആദ്യ കാഴ്ച്ചയിൽത്തന്നെ ഞാനവരെ സാകൂതംനോക്കി എൻ്റെ നോട്ടം കണ്ട് അവൾ അവന് പിന്നിൽ പതുങ്ങിയെങ്കിലും അവൻ തലയുയർത്തി അത്ഞാതനായ എന്നെത്തന്നെ ഒരുനിമിഷം നോക്കിയശേഷം തലതിരിച്ചുകളഞ്ഞു…
ഞാൻ മെല്ലെ അവരുടെയടുത്തേക്ക് നടന്നു…
അവരേതു നാട്ടുകാരാണെന്നും എന്നാണിവിടെയെത്തിയതെന്നും മറ്റും ആരോടെങ്കിലും ചോദിച്ചറിയാനുള്ള ആകാംക്ഷയിൽ ചുറ്റും നോക്കി വീണ്ടും അവരെത്തന്നെ ഉറ്റുനോക്കുമ്പോഴാണ് എൻ്റെ തോളിൽ ആരുടെയോ കൈപ്പത്തിയമർന്നത്…
തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഷാനവാസ് നിൽക്കുന്നു. അവരിവിടെ പുതിയതായി വന്നവരാണെന്നും നാടെവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞതു കേട്ട് എൻ്റെ മിഴികൾ വീണ്ടും അവരിലുടക്കി…
കണ്ണെത്താ ദൂരത്തുനിന്നും വന്നവരാണെന്നറിഞ്ഞപ്പോൾ എൻ്റെ ഉള്ളിലെ ദയയും കാരുണ്യവുമുണർന്നു…
അവിടെ നിന്നും തിരിച്ചുവരുമ്പോൾ അവരെൻ്റെ കൂടെയുണ്ടായിരുന്നു. എൻ്റെ വീടിന് തെട്ടടുത്ത് തന്നെയുള്ള എൻ്റെ ഫ്ലാറ്റിൽ അവർക്ക് താമസമൊരുക്കിക്കൊടുത്തു…
ആറ് കുടുംബവും അഞ്ച് പ്രണയജോഡികളും അപ്പോഴവിടെ താമസമുണ്ടായിരുന്നു. അതിൽ ഒഴിഞ്ഞുകിടന്ന ഒരുറൂമ് ഞാനവർക്ക് നൽകി…
അവിടെയുള്ള പലർക്കും എന്നെ പരിചയമുണ്ടെങ്കിലും ചിലരത് ഭാവിക്കാതെ പരസ്പരം പലതും പറഞ്ഞും നീട്ടിമൂളിയും അകത്തേക്കും പുറത്തേക്കും വന്നും പോയുമിരുന്നു, ചിലർ എന്നോട് കുശലാന്വേഷണം നടത്തി അടുത്തുതന്നെ നിന്നു…
വലിയൊരു സത്കർമ്മം ചെയ്ത ചാരിതാർത്യത്തോടെ ഞാൻ യാത്രപറഞ്ഞു പോന്നു…
പല നാട്ടുകാരാണെങ്കിലും അവിടുത്തെ താമസക്കാർക്ക് ഭക്ഷണത്തിനൊ ദാഹജലത്തിനോ സഞ്ചാരസ്വാതന്ത്ര്യത്തിനോ യാതൊരു ബദ്ധിമുട്ടുമുണ്ടായിരുന്നില്ല…
കുറച്ചു ദിവസത്തെ തിരക്കിനിടയിൽ എനിക്കവരെ കാര്യമായി ശ്രദ്ധിക്കുവാനും സുഖവിവരങ്ങളറിയാനും സാധിച്ചില്ല…
അന്ന് ഞാനവരെ കാണാനെത്തുമ്പോൾ അവൻ പനിവന്നതു പോലെ വിറക്കുകയും ചുമക്കുകയും ചെയ്യുന്നുണ്ടായിരുന്നു, അവൾ പുറത്തേക്കൊന്നും പോവാതെ അവന് സമീപത്തുതന്നെ തൊട്ടും തലോടിയുമിരുന്നു…
ഈ കാലത്ത് ഒരു പനി വന്നുപോലും മരണം സംഭവിക്കുമെന്നറിയാവുന്നത് കൊണ്ട്, ഞാൻ പെട്ടെന്ന് അവിടെ നിന്നും അടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പിലേക്ക് പോയി വിവരങ്ങൾ പറഞ്ഞ് മരുന്നുമായി തിരിച്ചുവന്നു…
നിർബന്ധപൂർവ്വം അവനെ മരുന്ന് കഴിപ്പിച്ചു, ഇനി കുഴപ്പമൊന്നും വരില്ലെന്ന് അവളെ ആശ്വസിപ്പിച്ച് യാത്രപറഞ്ഞിറങ്ങി…
മൂന്ന് ദിവസം മരുന്ന് കൊടുത്ത് പേടിക്കാനൊന്നുമില്ലെന്ന് അവളോട് പറഞ്ഞും സ്വയംവിശ്വസിച്ചും കഴിഞ്ഞെങ്കിലും നാലാംനാൾ അവിടെയെത്തിയപ്പോൾ അവൻ്റെ ചലനമറ്റശരീരമാണ് കണ്ടത്…
ഒന്നു പൊട്ടിക്കരയുകയോ ഒരു തുള്ളി കണ്ണീരൊഴുക്കുകയോ ചെയ്യാതെ അവനരുകിലിരിക്കുന്ന അവളുടെ രൂപം എൻ്റെ ഹൃദയം തകർത്തു കളഞ്ഞു…
പലരും വന്ന് ആശ്വസിപ്പിച്ചെങ്കിലും എനിക്ക് സങ്കടം നിയന്ത്രിക്കാനായില്ല. അവൻ്റെ ശവമടക്കിനു ശേഷം ഞാൻ അവളുടെ അടുത്തേക്കു തന്നെ തിരിച്ചു ചെന്നു…
ഒന്നും മിണ്ടാതെ ഞങ്ങൾ പരസ്പരം നോക്കി നിന്നു, ദൈവം എത്ര ക്രൂരനാണ്, ഇനി ആരാണ് അവൾക്കൊരു തുണയുള്ളത്, തനിച്ച് ഈ വലിയ ലോകത്ത് അവളെന്തു ചെയ്യാനാണ്…
ഇതൊന്നും അറിഞ്ഞതായി ഭാവിക്കാതെ ബാക്കിയുള്ളവർ അവരുടെ പതിവ് ജോലികളിൽ മുഴുകിയിരിക്കുകയാണ്, ചിലർ തങ്ങളുടെ പ്രിയതമയോട് സല്ലപിക്കുന്നു, മറ്റു ചിലർ ബഹളം വെച്ച് പുറത്തേക്ക് പോയി അതേ വേഗത്തിൽത്തന്നെ തിരിച്ചു വരുന്നു…
കണ്ണടച്ചിരുട്ടാക്കി ആ ഇരുട്ടിലിരിക്കുന്നവരോട് എന്തു പറയാൻ, എല്ലാവർക്കും സ്വന്തം കാര്യംതന്നെ വലുത്…
ദിവസവും അവളെ ചെന്നു കണ്ട് ആശ്വസിപ്പിക്കണമെന്ന് തോന്നിയിരുന്നെങ്കിലും എനിക്കതിന് കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം…
എന്നെക്കണ്ട് അവളുടെസങ്കടം കൂടുകയേയുള്ളൂ, ഒരാഴ്ച്ചത്തേക്ക് ഞാനാഭാഗത്തേക്ക് പോയതേയില്ല…
വീണ്ടും അവളെയൊന്ന് കാണെണമെന്ന് തീരുമാനിച്ച് അവിടെയെത്തുമ്പോൾ അവളെയകത്തൊന്നും കണ്ടില്ല, പുറത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല…
ഇരുട്ട് വീഴുന്നതുവരെ ഞാനവളെയും നോക്കിയിരുന്നു അവൾ വന്നില്ല…
എവിടെ പോയിക്കാണും ബന്ധുക്കളായി അവൾക്ക് ഇവിടെയടുത്തൊന്നും ആരുമുള്ളതായി അറിവില്ല, എത്രയോ ദൂരെയിരിക്കുന്ന നാട്ടിലേക്ക് അവൾക്കൊറ്റയ്ക്ക് പോകാൻ കഴിയുമോ..
പലരോടും അവളെപ്പറ്റി അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല…
രാവിലെ വീണ്ടും തിരഞ്ഞെങ്കിലും എൻ്റെ കാഴ്ച്ചകൾക്കും ചിന്തകൾക്കുമപ്പുറത്തേക്ക് അവളകന്നു പോയിരിക്കുന്നു എന്ന തിരിച്ചറിവിൽ ഞാൻ നടുങ്ങി…
എൻ്റെ പിഴ, വലിയ പിഴ, ഇടക്ക് ഞാനവളെ കണ്ട് ഒന്ന് ആശ്വസിപ്പിക്കേണ്ടതായിരുന്നു ചെയ്തില്ല തെറ്റു തന്നെ, ഇനി പതം പറഞ്ഞിട്ടും ആരെയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല…
അവിടെ ബഹളം വെച്ചു നടക്കുന്ന ആരെയും ശ്രദ്ധിക്കാതെ തിരിച്ചു നടന്നു, വീട്ടിലേക്കുവന്ന് ഞാനെൻ്റെ റൂമിൽ കയറി കതകടച്ചു…
അവിടുത്തെ താമസക്കാരിൽ പലരും എനിക്ക് പ്രിയപ്പെട്ടവരാണെങ്കിലും പുതിയതായിവന്ന ഇവരോട് പറഞ്ഞറിയിക്കാനാകാത്തൊരു ഇഷ്ടവും സ്നേഹവുമെനിക്കുണ്ടായിരുന്നു…
ഒരാളെ മരണം കീഴടക്കിയപ്പോൾ മറ്റൊരാൾ ദൂരെയെവിടെയോ പോയ്മറഞ്ഞിരിക്കുന്നു, എന്തെങ്കിലും അപകടം സംഭവിച്ചിച്ചാൽ രക്ഷിക്കാനാരാണുള്ളത് എൻ്റെ മിഴികൾ നിറഞ്ഞു വന്നു…
അരിപ്രാവിൻ്റെ അത്രയും ചെറുപ്പവും തൂവെള്ള തൂവലിലും ചിറകുകളിലും നിറയെയുള്ള കറുത്ത പൊട്ടുകളാണ് എന്നെ അന്ന് അത്രയും ആകർഷിച്ചത്…
പത്തുപന്ത്രണ്ടോളം ജോഡി പല കളറിലും രൂപത്തിലുമുള്ള പ്രാവുകൾ എൻ്റെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും ഇത്രയും ചെറുതും ഓമനത്വവുമുള്ള ജോഡിയെ ഞാനാദ്യമായി കാണുകയായിരുന്നു…
പറഞ്ഞ വിലകൊടുത്ത് സ്വന്തമാക്കിയെങ്കിലും കണ്ടു കൊതി തീരുന്നതിന് മുൻപ് നഷ്ടപ്പെട്ടു പോയിരിക്കുന്നു…
നെഞ്ചിൽ ഒരു വലിയ ഭാരമിരിക്കുന്നതു പോലെ തോന്നി ഹൃദയം നുറുങ്ങുന്നു…
ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് തലയിണയിൽ കവിൾ ചേർത്തു കിടന്നു കവിളിലൂടെ ഒലിച്ചിറങ്ങിയ നീർ കുടിച്ച് തലയിണ ദാഹമകറ്റി……