രചന : ശ്രീകുമാർ എം പി*

“രാവിലെ തന്നെ മഴ വന്നുവൊ
എന്തൊരു ശല്യംപിടിച്ച മഴ”
“അല്ലെ, മഴയുടെ കാലമല്ലെ
നല്ല വിളവു കിട്ടിടേണ്ടെ
പൂമഴത്തുള്ളികളെന്തു ചേലിൽ
ഭൂമിയ്ക്കു വെള്ളം പകർന്നിടുന്നു!”
“ഒന്നുകിടക്കുവാൻ വയ്യായല്ലൊ
ജോലിയ്ക്കു പോകണ്ടെ കാലത്തിന് “
“ജോലിയ്ക്കു പോകുന്നെ നല്ലതല്ലെ
ലോകത്തിനൊപ്പം നാം നീങ്ങിടേണ്ടെ
രാത്രി കിടന്നെന്നാൽപോരെ ദേഹം
വീർത്തിടും വീണ്ടും കിടന്നെന്നാല്”
” പുട്ടിനു മുട്ടക്കറിയാണല്ലൊ
പപ്പടോം നേന്ത്രപ്പഴവുമില്ലെ?”
“പപ്പടോം നേന്ത്രപ്പഴവുമാണേൽ
മുട്ടക്കറിയല്ലെ ചോദിച്ചീടൂ”
“പുസ്തകം നോക്കിയിരിയ്ക്കും ചെക്കാ
ഉച്ചത്തിൽ ചൊല്ലിപ്പഠിച്ചീടുക”
“ഉച്ചത്തിൽ ചൊല്ലിപ്പഠിച്ചിട്ടവൻ
ഉച്ച വേണ്ടെന്ന് പറഞ്ഞതല്ലെ”
“അയലത്തെ വീട്ടിലെ പൂവ്വൻകോഴി
ഇങ്ങനെ കൂവുന്നതെന്തിനാണ്?”
“കോഴി കൂവുന്നതു നല്ലതല്ലെ
നാടിന്റെ നല്ലൊരു നാദമല്ലെ”
“ജോലിസ്ഥലത്തു നീ ചെന്നിടുമ്പോൾ
ഒത്തിരിയാരോടും മിണ്ടിടേണ്ട”
“ജോലിയ്ക്കു പോകുകയല്ലെ നമ്മൾ
ഒത്തിരി മിണ്ടുവാൻ നേരമുണ്ടൊ”
“പച്ചക്കറി വാങ്ങാനെന്തു ചെയ്യും
രാസവിഷങ്ങളടിയ്ക്കുന്നത്രെ !”
“ഉള്ളതിൽ നല്ലതാം നാടനുണ്ട്
ജൈവകൃഷിയിൽ നടത്തുന്നവ”
“എന്തിനാണിങ്ങനെയാളുകള്
തെന്നനം പാടി രമിച്ചീടുന്നെ”
“പാട്ടുപാടുന്നതു നല്ലതല്ലെ
ജോലിത്തിരക്കുകൾ മാത്രം പോര”
എന്തിലും ദോഷങ്ങൾ കണ്ടീടുന്നീ
ഭർത്താവെപ്പോഴും ദരിദ്രനല്ലൊ
എന്തിലുമാശങ്ക പൂണ്ടിടുമ്പോൾ
ആയുസ്സു തീർന്നാലും തൃപ്തിയില്ല
ഉള്ളം നിറവോടെ നൻമ കണ്ടാൽ
സമ്പന്നമല്ലൊയാ വ്യക്തിയെന്നും!
എന്തിലും നൻമകൾ കണ്ടീടുന്നീ
പത്നിയൊ ഐശ്വര്യദേവിപോലെ .

By ivayana