കവിത : മംഗളാനന്ദൻ*

“ഭാരതമെന്ന പേർ കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം.
കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്കു ഞരമ്പുകളിൽ.”(1)
ആരാദ്ധ്യനായ മഹാകവിയിങ്ങനെ
പാടിയതാണു നമുക്കു വേണ്ടി.
‘കാവ്യം സുഗേയം’ തലമുറയങ്ങനെ
കാതോടു കാതു പകർന്നു പോന്നു.
ഇന്നതു കേട്ടു പഠിച്ച ചെറു മകൾ
എന്നോടു ചോദിക്കയാണീവിധം:-
” ‘നിർഭയ’മാരുടെ മാനവും ജീവനും
നിർദ്ദയം വീണ്ടും കവർന്നിടുന്നു.
പെണ്ണുടലിന്നും വെറും ചരക്കാകുമീ
മണ്ണിൽ കിളിർക്കുമോ പുണ്യമെങ്ങാൻ?
നാവരിഞ്ഞീടാനസഹിഷ്ണുവിപ്പൊഴും
വാളോങ്ങി നില്ക്കുന്നതാർക്കുവേണ്ടി?
ചിന്തയ്ക്ക് മേലെ കടിഞ്ഞാൺ മുറുകുമ്പോൾ
എന്തിനഭിമാനം കൊണ്ടിടേണ്ടം?
സത്യം വിളിച്ചു പറയുന്ന നാവുകൾ
നിശ്ചലമാകും ജയിലറയിൽ.
എന്നും മരണവ്യാപാരം നടക്കുമ്പോൾ
എന്തുണ്ടിവിടെമനംകുളിർക്കാൻ?
പണ്ടത്തെ നന്മകളിന്നു നമുക്കേറെ-
യുണ്ടോ പറഞ്ഞു പുളകം കൊള്ളാൻ?
കൂലിയില്ലാതുള്ള “ഊഴിയം “വേലയിൽ (2)
പാവങ്ങളെത്ര പണിയെടുത്തു?
കാലിവളർത്തും ചെറുമക്കിടാവിന്
പാല് കുടിക്കാൻ കൊടുത്തിരുന്നോ?(3)
“പഞ്ചമി” കേറിയ പള്ളിക്കൂടം കത്തി,(4)
‘പഞ്ചമർക്കക്ഷരമെന്തിനെന്ന്?’
നാല്ക്കാലിയെന്നും നടക്കും വഴികളിൽ
നാട്ടിലെകീഴാളരോടിമാറി.
‌ചണ്ഡാളനോടു വഴിമാറിപ്പോകുവാൻ(5)
ശങ്കരാചാര്യർ പറഞ്ഞ നാട്ടിൽ,
എന്തിനു വേണ്ടി തിളയ്ക്കണം ചോര,യാ-
സങ്കടമിപ്പോഴും മാറിയില്ല!
ചോദ്യമുയർത്തും ദളിതന്റെ മക്കൾക്ക്
ഭേദ്യമാകുന്നു മറുപടികൾ.
കത്തും ചിതയിലേക്കെത്ര വധുക്കളെ
പച്ചയ്ക്കു നമ്മൾ വലിച്ചെറിഞ്ഞു?
ഇന്നും പുതിയചിതകളൊരുങ്ങുന്നു
പൊന്നിന്റെ തൂക്കം കുറഞ്ഞുപോയാൽ.
സ്വാർത്ഥം നടത്തുവാനാചാരമുണ്ടാക്കി
സ്വാസ്ഥ്യം കെടുന്നതീ നാട്ടിൽ മാത്രം.
യുക്തിയില്ലാത്തൊരു ഭക്തിയുണ്ടാകുന്നു
ഭക്തിയില്ലാത്തവൻ ഭക്തനുമാം.
‌അർത്ഥവും ശക്തിയും നേടുന്ന രാഷ്ട്രീയ-
യുദ്ധങ്ങളിൽ ദൈവമായുധമായ്.
സ്ത്രൈണബാല്യത്തിൻ കഴുത്തു ഞെരിയുന്നു
കൗമാരമോഹം കരിഞ്ഞിടുന്നു.
ബാലികമാർക്കു പറക്കുവാനാകാതെ
മൂകമാകാശം ചുരുങ്ങിടുന്നു.
നാട്ടുവഴികളിൽ കാമവും ക്രോധവും
കൂട്ടുകൂടുന്നിണചേരുവാനായ്.”
ഇപ്രകാരം ധർമ്മരോഷങ്ങൾ കേട്ടഞാൻ
കൊച്ചുമകളോടിന്നെന്തു ചൊല്ലാൻ?
ഏറെയുണ്ടിന്നുമുണങ്ങാമുറിവുകൾ
പാപക്കറകൾ ഭയാനകങ്ങൾ.
സത്യത്തെയംഗീകരിക്കുവാനെങ്കിലും
മിഥ്യാഭിമാനം വെടിഞ്ഞിടേണം.
സ്നേഹത്തിനില്ലയതിരുകൾ ഭൂമിയിൽ
പ്രേമം തളിരിട്ടുപൂവിടുമ്പോൾ.
ഭാരതം പെറ്റ പെൺമക്കളേ, നിങ്ങൾക്കു
നേടുവാനാകാശമേറെയിന്ന്.
നേരിന്റെ വേരിൽ നിന്നല്ലോ ലഭിക്കുന്നു
പോരാടുവാനുള്ള ശക്തിയെന്നും.
നാലതിരില്ലാതെ വിശ്വം കിടക്കുന്നു
നീയതിലേക്കു പറന്നുയരൂ!

By ivayana