മാധവ് കെ വാസുദേവ്*
രണ്ടുകാതം നടക്കാം നമുക്കിനി
കുളിരു ചൂഴുമി സന്ധ്യയിൽ നിത്യവും
പങ്കുവെച്ചീടാം നമ്മൾക്കു വീണ്ടുമാ
പോയകാലത്തിൻ മധുരമാമോർമ്മകൾ
പണ്ടു നമ്മൾ പഠിച്ച പള്ളിക്കൂട മുറ്റമീവഴി പോയാൽ കടന്നിടാം
കൊച്ചുതോർത്തുമായി മഴയിടവേളയിൽ
താണ്ടിടാമെന്നും
പരൽമീൻ പിടിച്ച കൈ തോടുകൾ.
കൽവിളക്കുകൾ തെളിയുന്നയമ്പല
മുറ്റവും കടന്നു പാതയോരത്തിലെ നാട്ടുമാവിൻ നിഴലിൽ
പട്ടണവണ്ടിയെ കാത്തുനിൽക്കുന്നോരോർമ്മ
ഓർത്തെടുക്കാം നമുക്കിന്നീ യാത്രയിൽ.
ഇപ്പോഴും മാങ്ങാതെ
ഉണ്ടെന്റെയോർമ്മയിൽ അത്ഭുതം കൂറി നീ നിൽക്കുന്ന നേരങ്ങൾ.
ദൂരേയാത്രക്കു പോകുന്ന വഞ്ചികൾ
താളമിട്ടു പാടുന്ന പാട്ടുകൾ
കേട്ടു നാമെത്ര രാത്രികൾ തോറുമീ
പൂനിലാവു പുതച്ചെത്ര നാളുകൾ.
കേട്ടിരുന്നൊരാക്കായൽ തീരങ്ങളിൽ
ആറ്റിലഞ്ഞിതൻ ചോട്ടിലോളങ്ങളിൽ
തൊട്ടുരുമ്മിയ പാദങ്ങളിൽ തിര വന്നു
ഉമ്മവെയ്ക്കുന്ന പുണ്യ നേരങ്ങളും
ഓർത്തുവെച്ചിടാം നമ്മൾക്കു വീണ്ടുമീ
രണ്ടുനാഴിക നിളുന്ന വേളയിൽ.
നീളെയങ്ങിനെ നടക്കുന്ന വേളയിൽ
കാറ്റുവന്നു പൊതിയുമ്പോ ളോർത്തു ഞാൻ
അന്നു കാതിൽനീ ഓതിയ വാക്കുകൾ.
സൗഹൃദങ്ങൾ പൂക്കുന്നയാൽത്തറ
പാണ്ടിമേളങ്ങൾ, പൂരപ്പറമ്പുകൾ
ചൊല്ലിയാടുന്ന പടയണി കൂട്ടങ്ങൾ
ഓർമ്മയിൽ കണ്ടു മേല്ലെ നമ്മൾക്കു
രണ്ടു കാതങ്ങൾ വീണ്ടും നടന്നിടാം.