ഉഷാ റോയ്*
തേഞ്ഞുതീരാറായ ഒരു ജോഡി ചെരുപ്പ് , രാധ ദേഷ്യത്തോടെ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ” നാണം കെടുത്താനായി ഇറങ്ങിയിരിക്കുന്നു.. വൃത്തികെട്ടവൾ …” അവൾ
കോപം കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അമ്മു എല്ലാം കേട്ടുനിന്നു.. എന്നിട്ട് വളപ്പിലെ ചവറുകൾക്കിടയിലേക്ക് ഇറങ്ങി ആ ചെരുപ്പുകൾ തപ്പിയെടുത്തു. കറുപ്പ് നിറത്തിൽ മങ്ങിയ ചുവപ്പു പൂക്കളുള്ള പഴകിയ ചെരുപ്പുകൾ അവൾ അമ്മയുടെ ശ്രദ്ധയിൽ പെടാതെ വീടിന്റെ പിന്നാമ്പുറത്ത് സൂക്ഷിച്ചുവച്ചു.
രാധയ്ക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും.. മൂന്നാം ക്ലാസുകാരി അമ്മുവിനും അഞ്ചിൽ പഠിക്കുന്ന അവളുടെ ചേച്ചിക്കും
ചെരുപ്പുകൾ ഇല്ല.. എന്ന് വച്ച് … “അയല്പക്കത്തെ
പത്രാസുകാരി ഉപേക്ഷിച്ച പഴയ ചെരുപ്പുകൾ ചോദിച്ചു വാങ്ങി വന്നിരിക്കുന്നു… നാണം കെട്ടവൾ “… രാധ ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. “ഞാൻ ചോദിച്ചില്ല… വേണമെങ്കിൽ എടുത്തോ എന്ന് സരളേടത്തി
പറഞ്ഞു..” അമ്മു പതറിയ ശബ്ദത്തിൽ പറഞ്ഞു.രാധയ്ക്ക് ദേഷ്യം വർദ്ധിച്ചുവന്നു.
കുട്ടികളുടെ അച്ഛന് ഒരു കാര്യവും ശ്രദ്ധയില്ല. കൂട്ടുകൂടി നടക്കും.മൂന്നു പെൺകുട്ടികളാണ്.. എന്തെങ്കിലും വേണോ, വേണ്ടയോ ഒന്നും അന്വേഷിക്കില്ല. ഉപദ്രവമില്ല,
ഉപകാരവും…
താൻ ആടിനെ വളർത്തിയും തുന്നൽജോലി ചെയ്തുമാണ് കാര്യങ്ങൾ നീങ്ങുന്നത്.പുറത്തു പണിക്ക് പോകാൻ പറ്റുമോ.. അതുമില്ല.. ബന്ധുക്കൾ അറിഞ്ഞാൽ
ക്ഷീണമാണ്.ആരേയും ഒന്നും അറിയിക്കാതെ
ഉന്തി ഉരുട്ടി പോകുമ്പോഴാണ് പുന്നാരമോൾ
പഴഞ്ചെരുപ്പ് ഇരന്നു വാങ്ങിക്കൊണ്ട് വന്നിരിക്കുന്നത്… രാധയ്ക്ക് ദേഷ്യവും സങ്കടവും തികട്ടിവന്നു.
കുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല. സരളേടത്തിയുടെ വളപ്പിൽ നിന്ന് പുല്ല് പറിക്കാനായി താനാണ് കുട്ടികളെ പറഞ്ഞു വിട്ടത്.സരളേടത്തി അത് അനുവദിച്ചിട്ടുണ്ട്.
അവിടെ പഴയ സാധനങ്ങൾ പുറത്തിട്ടിരുന്ന കൂട്ടത്തിൽ നിന്ന് ഒന്നു രണ്ടു ചിത്രപുസ്തകങ്ങളും എടുത്തു കൊണ്ടുവന്നിട്ടുണ്ട്. അവിടെച്ചെന്ന് ഓരോന്ന് എടുത്തും പിടിച്ചും നോക്കുന്നത് കണ്ടിട്ടായിരിക്കും
സരളേടത്തി, ‘വേണമെങ്കിൽ എടുത്തോളൂ’ എന്ന് പറഞ്ഞിട്ടുണ്ടാകുക..എന്നാലും അത്ര പഴകിയ ചെരുപ്പുകൾ വേണമെന്ന് അമ്മുവിന് തോന്നിയല്ലോ… ഇനി ഇങ്ങനെ ഒന്നും എടുക്കാൻ നിൽക്കാതിരുന്നാൽ മതിയായിരുന്നു… എങ്കിലും ചെരുപ്പ് വേണമെന്ന് അവൾ തന്നോട് പറഞ്ഞില്ലല്ലോ… കഴിഞ്ഞദിവസം മൂത്തമോൾ സ്കൂളിൽ നിന്ന് ട്രിപ്പിനു പോകാനായി മുന്നൂറ് രൂപ ആവശ്യപ്പെട്ടു ചിണുങ്ങി… അപ്പോഴത്തെ ദേഷ്യത്തിന് അവളുടെ പുറത്ത് ഒരു അടി വച്ചു കൊടുത്തു താൻ…’മുന്നൂറ് രൂപ ഉണ്ടായിരുന്നെങ്കിൽ ഒരു ചാക്ക് സിമന്റ് വാങ്ങി
ഉമ്മറം ഒന്നു വൃത്തിയാക്കാമായിരുന്നു’ എന്ന് അവളെ ശകാരിച്ചത് അമ്മുവും കണ്ടുവല്ലോ, അതാവും..
തെറ്റ് തന്റേതാണ്…മക്കളുടെ ചെറിയ
ആവശ്യങ്ങൾ ശ്രദ്ധിക്കാൻ തനിക്ക് കഴിഞ്ഞില്ല..
രാധയ്ക്ക് വിഷമം തോന്നി.. ” മക്കളേ… തോട്ടിൽ
പോയി അലക്കിക്കുളിച്ചു വരൂ… ” രാധ കുട്ടികളോട് പറഞ്ഞു. അമ്മു പതിയെച്ചെന്ന്
ആ കറുത്ത ചെരുപ്പെടുത്തു ധരിച്ചു. അവൾ നടക്കുമ്പോൾ ആ ചെരുപ്പിന്റെ വള്ളി
പലവട്ടം ഊരിപ്പോകുന്നതും അത് അവൾ ക്ഷമയോടെ നിന്ന് ശരിയാക്കി വീണ്ടും ഇടുന്നതും രാധ അടുക്കള മുറ്റത്ത് നിന്ന് ഒരു നീറ്റലോടെ കണ്ടു. മൂന്നു വയസ്സുകാരിയായ ചെറിയ മകളേയും കൂട്ടി രാധ ചെല്ലുമ്പോൾ
അമ്മു ചെരുപ്പ് തേച്ചുകഴുകി കല്ലിന്റെ മേലെ
വച്ചിട്ടുണ്ട്… പ്രതാപകാലത്ത് അതീവസുന്ദരമായിരുന്നു ആ ചെരുപ്പുകൾ എന്ന് കണ്ടാൽ അറിയാം. സരളേടത്തി കുട്ടികൾക്ക് ടൗണിലെ മുന്തിയ ഷോപ്പിൽ നിന്നാണ് എല്ലാം വാങ്ങുന്നത്…
സന്ധ്യ കഴിഞ്ഞപ്പോഴേ മക്കൾക്ക് ചോറു കൊടുത്ത് പഠിക്കാൻ ഇരുത്തി. അപ്പോഴും അമ്മുവിന്റെ മുഖം വാടിയിരുന്നു… മൂത്തവളും മൗനത്തിലാണ്. കുട്ടികളുടെ
പഠനവും കിടപ്പും തന്റെ തയ്യലും എല്ലാം ഇടുങ്ങിയ ഈ മുറിയിലാണ്… കുട്ടികളുടെ അച്ഛന് തയ്യൽ മെഷീനിന്റെ ശബ്ദം അരോചകമാണ്. കുട്ടികൾക്ക് അത് ശീലമായിരിക്കുന്നു.
” കഥ പറഞ്ഞു തരൂ അമ്മേ “…. പുറംചട്ടയിൽ രാജകുമാരിയുടെ ചിത്രമുള്ള കഥാപുസ്തകവുമായി ചെറിയ മകൾ വന്ന് മടിയിൽ ഇരുന്നു. രാധ പുസ്തകം നിവർത്തി. സിൻഡ്രല്ലയുടെ കഥയാണ്.
പാവം സിൻഡ്രല്ലക്ക്ദേവത വന്ന് ഭംഗിയുള്ള പാദുകങ്ങൾ നൽകിയതും കണ്ണാടിപോലെ തിളങ്ങുന്ന
പാദുകത്തിന്റെ ഉടമയെ തേടി രാജകുമാരൻ എത്തിയതും ഒക്കെ പറയുമ്പോഴേക്ക് കുട്ടി
ഉറക്കമായി. കഥയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്ന അമ്മുവിന്റെയും ചേച്ചിയുടെയും മിഴികളിലെ തിളക്കവും മുഖത്തെ ആകാംക്ഷയും
അമ്മ കണ്ടു. കുട്ടിയെ കിടത്തിയിട്ട് രാധ അമ്മുവിനെ അലിവോടെ തലോടി. ” കഥ കേട്ടിരിക്കാതെ പഠിപ്പിൽ ശ്രദ്ധിക്കൂ മക്കളെ… ഭംഗിയുള്ള ചെരുപ്പ് തരുന്ന ദേവതയും ചെരുപ്പ് ഇടുവിച്ചു കൂട്ടിക്കൊണ്ട് പോകുന്ന രാജകുമാരനും ഒക്കെ കഥകളിൽ മാത്രമേ ഉള്ളു… ജീവിതം അങ്ങനെയല്ല… നമുക്ക് എന്തെങ്കിലും സ്വന്തമായി ഉണ്ടാകണമെങ്കിൽ നന്നായി പഠിക്കണം”….തന്റെ വെടിച്ചു കീറിയ കാലടികളിലേക്ക് മിഴികളൂന്നി പതിഞ്ഞ ശബ്ദത്തിൽ രാധ പറഞ്ഞു.
‘നാളെത്തന്നെ ആട്ടിൻകുട്ടികളെ
വിൽക്കാൻ നോക്കണം…
മുക്കിലെ കടയിൽ നിന്ന് കുട്ടികൾക്ക് ചെരുപ്പ് വാങ്ങണം… കൂട്ടുകാരുടെ ഒപ്പം നടക്കുമ്പോൾ അവർക്ക്
കുറവാകരുതല്ലോ ‘…. കണക്കുകൂട്ടലുകൾ
നടത്തിക്കൊണ്ട് രാധ തിരക്കിട്ട് തുന്നൽ പണികളിൽ ഏർപ്പെട്ടു.