കവിത : മനോജ്.കെ.സി.✍️

കാട്ടുമുല്ലകൾ ചുറ്റിപ്പടർന്ന –
ത്രമേൽ നിറവാർന്ന് നിശബ്ദമാം
കടമ്പോടു ചേർന്നൊരാ പാറമേൽ
ധ്യാനലീനനായ്…
ചിന്തയിൽ ഗുണാത്മകം…
ആത്മമൂർദ്ധാവിലോ മുനിയും…
നറുനെയ്ത്തിരിനാളം…
പരിപാകമൊത്ത സൂക്തരൂപങ്ങളാൽ
പ്രകാശം ചൊരിഞ്ഞെൻ…
സഹസ്രദളപത്മത്തിനി –
തളുകൾ വിടർത്തി…
ഘോരാന്ധകാരമാമജ്ഞതയകറ്റി ”
യെന്നെ മെല്ലെ…
പുണ്യംപെറും കൈകളാലറിവിൻ നിറവിലേക്കുയർത്തിയ –
ഗുരുക്കളേയോർത്തും…
മനമാകെ അറിവിന്നനവധ്യ മരതകകിരണങ്ങൾ തൂവിയ
അനുഭവസ്തംഭങ്ങൾ സ്മരണയിൽ നിറച്ചും…
ഉണ്ണികൾ കുഞ്ഞിനാവിനാൽ തീർത്ത
സുദീർഘമാം ദേവതാദർശനങ്ങളും…
അളവറ്റിഴ ചേർന്നകക്കാമ്പിനുള്ളം…
പ്രകാശം പരക്കേ…
അതിലൂടെ…(2)
ഗതിമാറിയൊഴുകാതെയുള്ളരെൻ മനസഞ്ചലനം…
അവരേകിയ…(2)
സഞ്ചിതജ്ഞാന രൂപങ്ങളേകിയ…
സൂക്ഷ്മകോശങ്ങൾക്കകമേ കടന്നൊരീ
ജീവിതപ്പൊരുൾ തേടിയമരുന്ന ചെറുസാധന….
ജീവിതം ജിജ്ഞാസമുറ്റുമൊര –
ത്ഭുതഭൂമിക…
ചിലർ…ചിലരതിൽ…
ജ്ഞാന – തൃഷ്ണാദികൾ കാലത്തിനൊപ്പം ശമിപ്പിച്ചെടുക്കുവോർ…
പിന്നെ ചിലരതിൽ സമശീതോഷ്ണമായ് ചരിക്കുവോർ…
ബാക്കി ചിലരതോ…(2)
അല്പാല്പമായി ചർവ്വിതചർവ്വണാ
ജീവിതലോപപാദർ…
ധ്യാനാന്ത്യം ചിദംബരത്തിലെന്നാ –
ത്മമിത്രത്തിൻ…
അവബോധമണ്ഡലം മെല്ലെയെത്തി…
നാമൊന്ന്…(2)
നമ്മിലെയനേകതയ്ക്കുള്ളിൽ നാം കാണ്മതില്ലേ…
അജ്ഞതാമനങ്ങളുൾവലിഞ്ഞേതോ തമസ്സിനുള്ളിലഭയം തേടും ജീർണ്ണമാം
പലവിധ ജീവിതരൂപങ്ങൾ…
എൻ മിത്രത്തിന്നകമേ പതിഞ്ഞൊരതേ ചീഞ്ഞരേണുക്കളെ…
നെടുകേപ്പിളർത്തി… (2)
ഞാൻ ചികഞ്ഞതിനെയൊന്നായി വേർത്തിരിച്ചുള്ള പരതലിനായ്…
പരതലിൽ…
പരതലങ്ങിങ്ങ് മൊട്ടിട്ടു നിൽക്കുന്ന…
അലസത…നീരസം…
ആശങ്കയമർഷം വിഷാദം…
ഗുണാംശുവതൊട്ടും കടക്കാതെ…
മാറാല മൂടിയടഞ്ഞോരു മുറി പോലെ –
ഭയാനകമാംവിധമന്ധകാരം…
അതിലെന്നാത്മമിത്രത്തിന്നകക്കണ്ണ്
ചിതലരിച്ചതു പാതിയന്ധമായി…
പലകുറി മാറിമറിഞ്ഞാടുമസ്ഥിരപ്രജ്ഞമാം നിലപാടുകൾ…
അനാരോഗ്യശിഖ പേറുമിത്തിരിപ്പോന്നതാം
ബോധാവബോധ അക്ഷ-രേഖാംശങ്ങൾ…
കടവാവൽ ചിറകാട്ടി തൂങ്ങി നിന്നാടുന്ന
വേരുകളിറങ്ങാത്ത അരയാലുപോൽ…(2)
തെല്ലുമമാന്തമതില്ലാതെ ശരവേഗം
ഞാനെന്നാത്മമിത്രത്തിന്നരികിലെത്തി…
പതിയെ മൊഴിഞ്ഞു…(2)
ആത്മശാന്തനാകൂ…
നിൻ ഉൾക്കാമ്പ് സ്വാംശീകരണത്തിനായ് പാകമാക്കൂ…
പതിയെയുൾക്കാമ്പിലേറ്റുകയൊട്ടുമന്യൂനം
മനനധ്യാനാദിയാൽ ഞാനേകുമീ ജ്ഞാനസൂക്താദികൾ…
മെല്ലെ രുചിച്ചല്പാൽപമായിട്ടിറക്കിനീ
നിറവോടെ തികഞ്ഞോരമൃതമാം കലശമാകൂ…
കാലത്തിനൊപ്പമുള്ളിൽ മുനിയുമാ തീക്കനലൂതി
തെളിച്ചതിൽ സ്ഫുടം ചെയ്ത
ബീജങ്ങളെല്ലാം…
തൃഷ്ണ…തൃഷ്ണതൻ നനവാൽ മുളപ്പിച്ച്
പുതുപുതു ദലങ്ങൾ നിറയുന്ന
ശാഖകൾ പേറുമൊരു ശാഖിയായി
വേരുകളവനിയിലൂഴ്ന്നിറങ്ങീടുന്ന
ജ്ഞാനോജ്ജ്വലമാം പൂത്തതരുവായ്
പുഷ്പനിറവൊത്ത് സൗരഭം ചുരത്തുമൊരു
മഹാവൃക്ഷമായിപ്പടർന്ന് കാലാന്തരത്തോളമമരൂ സഖേ നീ…(2)

By ivayana