Ganesh Vithan*
രാജ്യത്തെ ഏറ്റവും അക്ഷരാഭ്യാസമുള്ള ജനത ഏതെന്ന് ചോദിച്ചാൽ, എന്താ സംശയം നമ്മൾതന്നെ; കേരളീയർ. ഇത് നാംതന്നെ പറയുന്നതല്ല; സ്വദേശിയരും വിദേശീയരും സമ്മതിച്ചുതരും. ഇനി ആയുർദൈർഘ്യത്തിലും ആരോഗ്യ പരിപാലനത്തിലും ആരാണ് മുന്നിലെന്ന് ചോദിച്ചാൽ അതും നമ്മൾതന്നെ.
യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്കതാണ് ഈ മേഖലയിലെ നമ്മുടെ വളർച്ച. ജീവിത നീലവാരം, തൊഴിൽ, സാമ്പത്തികം ഈ രംഗങ്ങളിലൊക്കെയും ആരേയും അമ്പരപ്പിക്കുന്ന പുരോഗതി മലയാളികൾ കൈവരിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഒന്നാം വരവിൽ ഒരുപരിധിവരെ അതിനെ ചെറുത്തു തോൽപ്പിച്ചവരാണ് നമ്മൾ. അതിന്റെ പേരിൽ ദേശിയതലത്തിലും അന്തർദേശിയതലത്തിലും പല പുരസ്കാരങ്ങളും പ്രശംസകളും കേരളത്തിനു ലഭിച്ചതായി വാർത്തകൾ കണ്ടിരുന്നു. (?) ഇതൊക്കെ ഇന്ന് വെറും പഴങ്കഥകളാണ്.
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പറയാതിരിക്കാനാവില്ല. എവിടെയാണ് നമുക്ക് പിഴച്ചതെന്ന് സർക്കാർ മാത്രമല്ല; ഓരോ മലയാളിയും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ നാഡീഞരമ്പുകളെ ചലിപ്പിക്കുന്നതിൽ എന്തുകൊണ്ടും സുപ്രധാന പങ്കുവഹിക്കുന്നത് ഗൾഫ് പ്രവാസികളുടെ പണമാണ്. മറ്റൊന്ന് വ്യാപാര മേഖലയും; ഇവരണ്ടും തികച്ചും അവതാളത്തിലായിക്കഴിഞ്ഞു.
15 ലക്ഷത്തോളം ഗൾഫ് മലയാളികൾ നാട്ടിൽ കുടുങ്ങിക്കിടപ്പാണ്. ഇതിൽത്തന്നെ 10 ലക്ഷത്തോളം പേർ തൊഴിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടവരാണെന്നാണ് വാർത്ത.!! ബാക്കിയുള്ളവർക്കെങ്കിലും തിരികെ പോകാൻ കഴിയുമോയെന്ന് യാതൊരുറപ്പും ഇല്ല. വ്യാപാര മേഖലയാവട്ടെ അപ്പാടെ തകർച്ചയുടെ നെല്ലിപ്പലകയിലുമാണ്. ഇത് നമ്മുടെ സമ്പദ്ഘടനയിൽ ഉണ്ടാക്കാവുന്ന ആഘാതം അനുമാനങ്ങൾക്കും എത്രയോ മേലെയാണെന്ന് വരും നാളുകൾ തെളിയിക്കാനിരിക്കുന്നതേയുള്ളു.
ഈയൊരു പശ്ചാത്തലത്തിൽ നിലവിലുള്ള പ്രതിരോധവും പ്രോട്ടോക്കോളുകളും തികച്ചും അശാസ്ത്രീയമാണെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തിൽ അത് ശരിയാണെന്ന് സമ്മതിക്കേണ്ടിവരുന്നു. അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങളും ആവലാതിയും വേവലാതിയുമൊക്കെ കേൾക്കാനും അവ ക്രോഡീകരിച്ച് നിലവിലെ പ്രതിരോധ നടപടികളിൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ അവ വരുത്താനും ബന്ധപ്പെട്ടവർ തയ്യാറാവണം.