കവിത : ഖുതുബ് ബത്തേരി ✍️

ജീവിച്ചിരിക്കെ
മരിച്ചുപോയവരെയൊന്നു
ഓർത്തുനോക്കൂ..!!

ബലപ്പെട്ട വേരുകളില്ലാതെപ്പടർന്നു
കയറിയവരാണവർ
ഒരുപെരുമഴ
കാറ്റ്
അത്യുഷ്ണം
അതിജീവിക്കാനാവാതെ
തകർന്നുപോയവരാണവർ.
അല്ല
സ്വപ്നങ്ങളേറെയുണ്ടായിട്ടും
പ്രതീക്ഷയുടെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയവരാണവർ.
നിലാവിനെ ഭയന്നു
നിഴലിലേക്ക്
മാറിനിന്നവരാണവർ,
നനയാൻ മടിച്ചു വെയിലേറ്റ് കരുവാളിച്ചവരാണവർ..!

ജീവിച്ചിരിക്കെ
മരിച്ചുപോയവരെയൊന്നു
ഓർത്തുനോക്കൂ..!!

ഒച്ചയുണ്ടായിട്ടും
മൗനത്തെ കൂട്ടുപിടിച്ചവരെ,
കണ്ണുകളുണ്ടായിട്ടും
കാഴ്ചകളെ ഇരുട്ടാക്കിയവരെ,
കാതുകളുണ്ടായിട്ടും
ശബ്ദങ്ങൾ അരോചകമായവരെ,
ചലനശേഷികളെ
പരിമിതപ്പെടുത്തിയവരെ,
ജീവിച്ചിരിക്കെ
മരിച്ചുപോയവരാണവർ..!!

ബാക്കിവെയ്ക്കാൻ
ഓർമ്മകൾ
അവശേഷിപ്പിക്കാത്തവരും
കടന്നുപോയ വഴികളിൽ
പ്രത്യാശയുടെ
ഒരുനാമ്പുപോലും
തളിരിടാതെ
കൊഴിഞ്ഞുവീണവരും.!!

By ivayana