സുനു വിജയൻ*

“ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. അല്ലങ്കിൽ തന്നെ വസ്തുതകൾ മുന്നിൽ വരുമ്പോൾ ഒന്നും മിണ്ടാതെയിരിക്കുക എന്നത് ഒരു പൊതുവായ പ്രവണതയാണ്. അത് ഇവിടെ നടക്കില്ല. ശ്യാമള കാര്യങ്ങൾ തുറന്നു പറഞ്ഞേ പറ്റൂ. അല്ലങ്കിൽ ഇത് പോലീസ് സ്റ്റേഷനിൽ പിന്നീട് കോടതിയിൽ, പത്ര ദൃശ്യ മാധ്യമങ്ങളിൽ എല്ലായിടത്തും ശ്യാമള വിശദീകരിക്കേണ്ടി വരും “
വാർഡ് മെമ്പർ വസുന്ധര അൽപ്പം കടുപ്പിച്ചു തന്നെയാണ് ശ്യാമളയോട് സംസാരിച്ചത്.

“മെമ്പറേ ഞാൻ……..”
ശ്യാമള വിങ്ങിപ്പൊട്ടി.
“കരഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. നിങ്ങൾ ഒരു അമ്മയാണ്. ഉത്തരവാദിത്ത ബോധം ഉള്ള, അല്ലങ്കിൽ ആ ബോധം ഉണ്ടാകേണ്ട അമ്മ.” പതിനൊന്നു വയസ്സുള്ള അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന നിങ്ങളുടെ മൂത്തകുട്ടി എന്താ അവന്റെ പേര് “
“രാഹുൽ “

“അതേ രാഹുൽ അവൻ നിങ്ങളുടെ ബന്ധുകൂടിയായ അയല്പക്കത്തെ എട്ടു വയസ്സുള്ള പെൺകുട്ടിയോട് എന്താണ് ചെയ്തത് എന്നു ചിന്തിച്ചോ? ആ കുട്ടിയുടെ മാതാപിതാക്കൾ നിങ്ങളുടെ പ്രായമായ അധ്യാപകരായി റിട്ടയർ ചെയ്ത മാതാപിതാക്കളെ ഓർത്തു മാത്രമാണ് പോലീസിൽ പരാതി പറയാതെ എന്നേ വിളിച്ചു കാര്യങ്ങൾ പറഞ്ഞത്. കേട്ടപ്പോൾ എന്റെ തൊലി ഉരിഞ്ഞുപോയി. വെറും പതിനൊന്നു വയസ്സുള്ള കുട്ടിയാണ് അവൻ എന്നോർക്കണം”
“. സുജാത – എട്ടു വയസുള്ള ഗൗരിയുടെ അമ്മ തക്ക സമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ പതിനൊന്നുകാരൻ മകൻ ആ എട്ടു വയസുകാരിയെ ഒരുപക്ഷെ കൊന്നു കളഞ്ഞേനെ. മനസ്സിലാകുന്നുണ്ടോ ശ്യാമളക്ക്.”

വാർഡ് മെമ്പർ വസുന്ധര പറയുന്നതൊക്കെ കേട്ട് മുഖം പൊത്തി കരയാനല്ലാതെ ശ്യാമളക്ക് ഒന്നിനും കഴിയില്ലായിരുന്നു. തന്റെ പൊന്നുമോൻ വകയിൽ തന്റെ അനുജത്തിയായ സുജാതയുടെ എട്ടു വയസ്സുകാരിയായ മകൾ ഗൗരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നറിയുമ്പോൾ ഭൂമി പിളർന്നു അതിനുള്ളിൽ പോയെങ്കിൽ എന്നാണ് തോന്നിയത്. അവനു അതെന്താണ് എന്നുപോലും അറിയില്ല
കുഞ്ഞിനെ എത്രമാത്രം തല്ലി എന്നറിയില്ല. ബോധം നഷ്ടപ്പെട്ട പോലെ അവനെ തല്ലിചതച്ചു. അലറിക്കരയുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ സ്ഥബ്ധയായിപ്പോയി.
‘അച്ഛന്റെ ഫോണിൽ ഒത്തിരി പ്രാവശ്യം അവൻ കണ്ട കാര്യം അവൻ ഗൗരിയുമായി കളിച്ചതാണത്രേ ‘

പ്രമോദേട്ടൻ ഫോണിൽ വൃത്തികെട്ട ബ്ലു ഫിലിമുകൾ കണ്ടിട്ട് മോന് അതൊന്നും ഫോണിൽ നിന്നും കളയാതെ ആ ഫോൺ ഓൺലൈൻ പഠനത്തിനായി കുഞ്ഞിന് പലതവണ നൽകിയതിന്റെ പരിണിത ഫലം. അതിപ്പോൾ ഇവിടം വരെ എത്തിയിരിക്കുന്നു. ഗൗരിയുടെ അതേ പ്രായമാണ് തന്റെ ഇളയമകൾ രശ്മിക്ക്.
മെമ്പർ വസുന്ധരയോട് നടന്ന കാര്യങ്ങൾ ഒന്നും മറക്കാതെ ശ്യാമള ദുഖത്തോടെ വിവരിച്ചു.
ശ്യാമള കണ്ണുനീർ തുടച്ചു.

“എന്തായാലും ശ്യാമള സുജാതയോട് ഒന്നു സംസാരിക്കു. അവരുടെ ഭർത്താവ് ആകെ കലിപൂണ്ടിരിക്കുകയാണ്. അതുകോണ്ട് തൽക്കാലം അയാളോട് സംസാരിക്കണ്ട.സുജാതക്കാകുമോൾ ശ്യാമള പറയുന്ന കാര്യങ്ങൾ കുറച്ചുകൂടി ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയും.”
“അതിരിക്കട്ടെ ശ്യാമളയുടെ ഭർത്താവ് പ്രമോദ് പാലക്കാട്‌ പുതിയ ജോലിക്ക് പോയി എന്നല്ലേ പറഞ്ഞത്. അയാൾ ഈ വിവരം അറിഞ്ഞോ, അതോ ഈ വിവരം അറിഞ്ഞപ്പോൾ അയാൾ പാലക്കാട്ടേയ്ക്ക് മുങ്ങിയതാണോ?”

“പുള്ളി വിവരം അറിഞ്ഞു. സത്യം പറഞ്ഞാൽ വിഷമം കൊണ്ടും, നാണക്കേടുകൊണ്ടും ഇവിടേയ്ക്ക് വരാതിരിക്കുന്നതാണ്. പുള്ളിക്ക് ഭയങ്കര സങ്കടമായിപ്പോയി. ഗൗരിയുടെ അച്ഛൻ പ്രതാപൻ പുള്ളിയെ ഉപദ്രവിച്ചാലോ എന്ന പേടിയും ഉണ്ട് “
ശ്യാമള വിതുമ്പൽ അൽപ്പം അടക്കി വസുന്ധര മെമ്പറോട് പറഞ്ഞു.
“ഓൺലൈനിൽ പഠിക്കുന്ന കുട്ടികൾക്ക്, അതവർ എത്ര ചെറിയ കുട്ടി ആയിരുന്നാലും അവർക്കു മാതാപിതാക്കൾ അവർ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നൽകുമ്പോൾ ആ ഫോൺ അവരുടെ മനസ്സുപോലെ നിർമ്മലമാണ് എന്നുറപ്പു വരുത്തണം.”
മെമ്പർ തുടർന്നു പറഞ്ഞു

“ഇപ്പോൾ എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ എന്ന ഉപകരണത്തിന്റെ ഒട്ടുമിക്ക സാങ്കേതിക വശങ്ങളും അറിയാവുന്നവരാണ്. അപ്പോൾ മാതാപിതാക്കൾ, അതിൽ പ്രത്യേകിച്ചും മാതാവ് കുട്ടികളുടെ പഠന സമയത്തും, അവർ ഫോൺ ഉപയോഗിക്കുന്ന സമയത്തും കുട്ടി ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും പ്രത്യേകം അവരെ ശ്രദ്ധിക്കണം “
“പഞ്ചായത്തിൽ ഉടൻ തന്നെ സ്കൂൾ കുട്ടികൾക്കായി ഞങ്ങൾ ഒരു കൗൺസിലിംഗ് ഓൺലൈൻ ആയി നൽകുന്നുണ്ട്. അതിൽ കുട്ടിയും മാതാപിതാക്കളും പങ്കെടുക്കണം. കൂടാതെ രാഹുലിനെ പ്രത്യേക കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്യണം.”

“ഇപ്പോൾ പതിനൊന്നു വയസ്സുള്ള കുട്ടിക്ക് ഏകദേശം ശരീര ശാസ്‌ത്രപരമായി ഒട്ടുമിക്ക കാര്യങ്ങളും ആരും പറഞ്ഞുകൊടുക്കാതെ അറിയാം അത്രയ്ക്ക് മൊബൈൽ അവരെ സ്വാധീനിക്കുകയും കാര്യങ്ങൾ അപഗ്രധിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഒരു പേരന്റ് എന്ന നിലയിൽ വളരെ ശ്രദ്ധിക്കുക.”
മെമ്പർ വസുന്ധരയുടെ നിർദ്ദേശം അനുസരിച്ചു സുജാത ശ്യാമളയുടെ അടുത്തേക്കെത്തി. സുജാതയെ കണ്ടതും ശ്യാമള പൊട്ടികരഞ്ഞുകൊണ്ട് അവരുടെ കൽക്കൽ വീണു. തന്റെ കാലുപിടിച്ചു കരയുന്ന ശ്യാമളയെ നെഞ്ചോടു ചേർത്തു സുജാത. എന്നിട്ടു പറഞ്ഞു.
“കുഞ്ഞുങ്ങൾക്ക് ഒരു മൊബൈൽ നൽകിയാൽ അവർ പഠിച്ചുകൊള്ളും എന്നു നമ്മൾ കരുതുന്നു. എന്നാൽ അവർ അതിൽ നിന്നും എന്തൊക്കെ പഠിക്കുന്നു എന്നു നമ്മൾ ശ്രദ്ധിക്കുന്നില്ല. ഇത് ആ കുഞ്ഞിന്റെ തെറ്റല്ല നമ്മുടെ തെറ്റാണ്.”

” ചേച്ചി വിഷമിക്കണ്ട. കാര്യങ്ങൾ ഏറെക്കുറെ ചേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിരുന്നു. രാഹുലിന്റെ അച്ഛനാണ് ഇതിൽ കുറ്റക്കാരൻ. കുഞ്ഞുങ്ങളുടെ മനസ്സ് ഈ പ്രായത്തിൽ ഒന്നും എഴുതാത്ത ഒരു സ്ലേറ്റ് പോലെയാണ്. നമ്മൾ അതിൽ എന്ത് എഴുതുന്നോ അതാണ്‌ ആ കുഞ്ഞു മനസ്സുകളിൽ പതിയുന്നത്.”
“ഇനിയെങ്കിലും മൊബൈലിൽ അത് കുട്ടികൾക്കു കൊടുത്താലും ഇല്ലങ്കിലും ഇത്തരത്തിലുള്ള വൃത്തികെട്ട കാര്യങ്ങൾ പുള്ളി കാണാതിരിക്കട്ടെ. അത് കണ്ടാൽ കിട്ടുന്ന സുഖം ഒരു കുടുംബത്തെ തകർക്കാൻ പ്രാപ്തമാണെന്ന് പ്രമോദ് മനസിലാക്കട്ടെ. മാതാപിതാക്കൾ അശ്രദ്ധയോടെ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ കൊടുത്തിട്ട് എത്ര കുരുന്നുകളുടെ ജീവനാണ് ഓരോരോ ഗയിമുകളിൽ അകപ്പെട്ടു പൊലിഞ്ഞു പോകുന്നത്.”
“മൊബൈൽ പഠിക്കാൻ മാത്രം തൽക്കാലം അവർ ഉപയോഗിക്കുന്ന ഒരുപകരണം മാത്രമാണെന്ന് കുഞ്ഞുങ്ങൾ കുറഞ്ഞത് പതിനഞ്ചു വയസ്സുവരെ മനസ്സിലാക്കിയാൽ മതി നമ്മൾ അമ്മമാർ ഈ കാലം കടന്നു പോകും വരെയെങ്കിലും അവർക്കൊപ്പം നിൽക്കണം. നിഴലുപോലെയല്ല. അവരുടെ മനസ്സുപോലെ”.സുജാത മനസ്സിൽതട്ടി ശ്യാമളയോടു പറഞ്ഞു.

ആ കൂടിക്കാഴ്ച കഴിഞ്ഞു മുറിയിൽ നിന്നും പുറത്തിറങ്ങിയ ആ മൂന്ന് അമ്മമാരുടെ മനസിലും ഒരുറച്ച തീരുമാനം ഉടലെടുത്തിരുന്നു. ഓൺലൈൻ ക്ലാസുകൾക്കായി കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ എപ്പോഴും കുട്ടികളെ ശ്രദ്ധിക്കുമെന്ന്. വീട്ടിൽ മുതിർന്നവർ ആരും മൊബൈൽ ഫോൺ അരുതാത്ത ഒന്നും കണ്ട് ആസ്വദിക്കാൻ ദുരുപയോഗം ചെയ്യില്ല എന്ന്. ഈ അമ്മമാരുടെ ഉറച്ച തീരുമാനം അത് മനസ്സിൽനിന്നും മനസ്സുകളിലേക്ക് പടരട്ടെ. നമ്മുടെ കുഞ്ഞുങ്ങളുടെ വിചാരധാരയിൽ നന്മയുടെ നല്ലതിന്റെ വെളിച്ചം നിറയട്ടെ.

By ivayana