ഗദ്യകവിത : ഗീത മന്ദസ്മിത…✍️

ഇനിയൊരു ജന്മമുണ്ടെങ്കിൽ വേരുകളായ് പുനർജനിക്കണം
ഇറുത്തുകളയാനാവില്ലാർക്കും വെറുമൊരു പൂച്ചെണ്ടുപോൽ
തകർത്തുകളയാനാവില്ലാർക്കും വെറുമൊരു പാഴ്ത്തണ്ടുപോൽ
ചിറകരിയാനാവില്ലാർക്കും വെറുമൊരു കരിവണ്ടുപോൽ
കൂട്ടിലടക്കാനാവില്ലാർക്കും വെറുമൊരു കുഞ്ഞുപ്രാവുപോൽ
അതെ, വേരുകളായ് പുനർജനിക്കണം
പടരണം വേലികൾക്കപ്പുറത്തേക്ക്
വളരണം വൻമതിലുകൾക്കുമപ്പുറത്തേക്ക്
തേടണം നനുത്ത മണ്ണുകൾ
ആർക്കും പിഴുതെറിയാനാവാത്തവണ്ണം ആഴ്ന്നിറങ്ങണം ആ മണ്ണിൻമാറിലേക്ക്,
ചേർത്തുനിർത്തണം കാൽചുവട്ടിൽനിന്നൊലിച്ചു പോയൊരാ ജന്മഭൂമിയെ
താണ്ടണം പലവഴികളും, നേടണം പുതുനാമ്പുകൾ
തഴച്ചുവളരണം ഒരു വൻവൃക്ഷമായ്, വടവൃക്ഷമായ്
തണലേകണം തളർന്നവർക്കും, തഴഞ്ഞവർക്കും, തകർത്തെറിഞ്ഞവർക്കും
കൂടൊരുക്കണം കൂടെനിന്നവർക്കും, തേടിവരുന്നവർക്കും, ഓടിത്തളർന്നവർക്കും,
അതെ, ഇനിയൊരു ജന്മമുണ്ടെങ്കിൽ വേരുകളായ് പുനർജ്ജനിക്കണം
പടരണം വേലികൾക്കപ്പുറത്തേക്ക്
വളരണം മതിലുകൾക്കുമപ്പുറത്തേക്ക്
തഴച്ചു വളരണം ഒരു വൻവൃക്ഷമായ്, വടവൃക്ഷമായ്…!
ചേർത്തുനിർത്തണം, മാറോടു ചേർക്കണം നഷ്ടമായൊരാ ജന്മഭൂമിയെ,…!

By ivayana