ഫ്രാൻസിസ് ജോസ്*

പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ ആവർത്തിച്ചുണ്ടാകുന്ന കൊലപാതക-ആത്മഹത്യകൾ ഇവിടുത്തെ സമൂഹത്തിന്റെ മാനസികമായ അനാരോഗ്യത്തെ തുറന്നു കാണിക്കുന്നുണ്ട്..

പ്രണയിക്കാനിറങ്ങിപ്പുറപ്പെടുന്നവർക്ക്, പ്രണയം നിരസിക്കപ്പെട്ടാൽ അതൊരു സ്വാഭാവിക പ്രതികരണമാണെന്നും, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണെന്നും മനസ്സിലാക്കി ആ സാഹചര്യത്തെ അതിജീവിക്കാനുള്ള പക്വത കൂടിയുണ്ടായിരിക്കണം..
അല്ലാത്തവർക്ക് ഇത്തരമൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെടാനുള്ള യോഗ്യതയില്ലെന്ന് വേണം കരുതുവാൻ..

ഒരാൾക്ക് ഇഷ്ടപ്പെടാനുള്ളതുപോലെ മറ്റൊരാൾക്ക് ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന ബോധമാണ് ആദ്യമുണ്ടാകേണ്ടത്..
പ്രണയം നിരസിക്കപ്പെടുമ്പോൾ , അത് മനസ്സിൽ അമിതപ്രതീക്ഷകൾ വളർത്താനുള്ള സാഹചര്യമൊരുക്കിയതിന് ശേഷമാകാതിരിക്കേണ്ടതും ആവശ്യമാണ്. വഞ്ചിക്കപ്പെട്ടതായ ഒരു തോന്നലുണ്ടാകാതിരിക്കുന്നതിനും മനസ്സിൽ പക നിറയാതിരിക്കുന്നതിനും
അത് ഗുണകരമാകും..

ഒരാൾ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് സ്വയം വിശ്വസിക്കെ മനസ്സ് ആഴത്തിൽ മുറിപ്പെടുമ്പോൾ സങ്കടം, പക ഒക്കെ ഉണ്ടാകുക സ്വാഭാവികം..
എന്നാൽ ആ മാനസികാവസ്ഥയിൽ നിന്നും കൊടുംക്രൂരത ചെയ്യാനുള്ള തീരുമാനത്തിലേയ്ക്കെത്തുക എന്നത് ഒരു കടുത്ത മാനസിക വൈകല്യം തന്നെ ആയേ പരിഗണിക്കാൻ കഴിയൂ..

പക്വതയില്ലാത്ത പ്രണയ ബന്ധങ്ങളുണ്ടാകാൻ സിനിമയുൾപ്പെടെയുള്ള മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം കാരണമാകുന്നതും നമ്മൾ കാണുന്നുണ്ട്.. പ്രണയത്തെ വെറും ഭ്രമം എന്ന തരത്തിലാണ് പലപ്പോഴും ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.. പക്വതയ്ക്കോ പ്രായോഗികതയ്ക്കോ ഇത്തരം പ്രണയങ്ങളിൽ യാതൊരു സ്ഥാനവും നല്കിക്കാണാറുമില്ല. എന്നാൽ സമൂഹത്തിൽ നിന്നും മനസ്സിലാക്കാനാകുന്നത് അപക്വമായ പ്രണയ ബന്ധങ്ങൾ ശുഭപര്യവസായി ആകാനുള്ള സാധ്യത തുലോം കുറവാണെന്നു തന്നെയാണ്..

മനുഷ്യനിലെ സ്വാർത്ഥതയും, വഞ്ചനയും, അത്യാഗ്രഹവുമൊക്കെ വ്യക്തി ബന്ധങ്ങളെ തകർക്കുന്നതിൽ മുമ്പിൽ നില്ക്കുന്ന ചില കാരണങ്ങളാണ്. ധാർമ്മിക മൂല്യങ്ങളിൽ ഇത്തരത്തിലുണ്ടായിട്ടുള്ള അപചയവും പ്രണയ തകർച്ചകൾക്കുള്ള കാരണമാകുന്നുണ്ട്.
ആഴത്തിൽ വേരുറപ്പിച്ചതിന് ശേഷം പിഴുതെറിയാനെളുപ്പമാകില്ലല്ലോ. അതുകൊണ്ട് ഏതൊരു ബന്ധവും ആഴത്തിലുറപ്പിക്കുന്നതിന് മുമ്പ് തന്നെ വ്യക്തികളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് കബളിപ്പിക്കലുകളിൽ നിന്നു രക്ഷിക്കുകയും ഊരാക്കുടുക്കുകളിൽ കൊണ്ട്ചെന്ന് ചാടിക്കാതിരിക്കുകയും ചെയ്തേക്കും..

സാമൂഹ്യ മാധ്യമങ്ങളൊക്കെ സജീവമായിരിക്കുന്ന ഇക്കാലത്ത് കബളിപ്പിക്കലുകൾക്കുള്ള സാധ്യതകൾ വർദ്ധിച്ചിട്ടുമുണ്ട്.
വ്യക്തിയെയും ചുറ്റുപാടുകളെയും അറിയാനും മനസ്സിലാക്കാനുമുള്ള അവസരമില്ലെങ്കിൽ ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കാതിരിക്കുന്നതു ചതിക്കുഴികളിൽ വീണ് ജീവിതം നശിപ്പിക്കാതിരിക്കാൻ സഹായിച്ചേക്കും..

By ivayana