സുദർശൻ കാർത്തികപ്പറമ്പിൽ*

ഇന്നലെനിശയിൽ നിൻനയനങ്ങളിൽ,
വാർന്നൊരു പേമഴയോർപ്പൂഞാൻ!
പൊന്നൊളി വിതറിയൊരക്കണ്ണുകളിൽ
നിന്നുമതങ്ങനെ ഞാൻ കാൺകേ;
എന്നുടെ ഹൃദയത്തുടിയൊരുമാത്ര;
നിന്നതറിഞ്ഞിതു ചോദിപ്പൂ,
എന്തിനു വെറുതേ,തേങ്ങിപൊടുന്നനെ;
ബന്ധുരമാം മിഴിനനയിക്കാൻ?
ഏതൊരു വിരഹപ്രണയത്തിൻ നിഴൽ,
പാതിരയിൽ വന്നഴലേകി,
മേദുരമാം നിൻ മാനസവനികയി-
ലാധിക്യം പൂണ്ടൊരുനിമിഷം!
അറിയുന്നേനെന്നകമിഴികളിൽനി-
ന്നൂറും ചുടുകണ്ണീരലയാൽ,
പറയാനാവാതമലേ,യകതളിർ
വിറകൊൾവതു സർവവുമേവം!
നാളുകൾ പുനരിങ്ങെത്രകടക്കിലു-
മാളിടുമ,പ്രണയാഗ്നി ചിരം,
കാളിമയാർന്നതി മധുരിമയോടനു-
ഭൂതിപകർന്നകതാരിലഹോ!
ഹൃദയം ഹൃദയത്തോടിഴചേർന്നതി-
മോഹനകാവ്യം നെയ്താവോ,
നിരുപമഭാവ വിഭൂതികൾതൂകി,
പാരംപനിമതിബിംബം പോൽ;
ശൈശവദശയിലുദിച്ചുയരുന്നൊരു,
പേശലഭാവമതേ പ്രണയം!
ഒന്നിനുമാകില്ലതിനുവിലങ്ങുക-
ളൊന്നുമൊരൽപം സൃഷ്ടിക്കാൻ!
മനസ്സിന്നാഴങ്ങളിലതനശ്വര-
ഗാനശതങ്ങളുതിർത്താർദ്രം
കനവുകൾതൻ പൂങ്കുളിർകാറ്റുകളായ്
നിനവിലുണർന്നേ,യെത്തീടും!
ജീവിതമെന്ന സമസ്യയതറിയാ-
നാവില്ലാർക്കുമതോർപ്പൂ നാം
ആയതു നൽകിടുമനുഭവപാഠം
മായുകയില്ല മരിച്ചാലും!

By ivayana