കവിത 🌹 കത്രീന വിജിമോൾ*

മോദമോടൂഴിയിൽ നർത്തനം ചെയ്തിടും
മാമയിൽ പോലെ നാം പീലി നീർത്താടവേ
തേരും തെളിച്ചൊരു ദയയറ്റൊരസുരനായ്
ഒരു മാത്ര കൊണ്ടെത്തി വില്ലും ശരങ്ങളും..
വാരുറ്റ നന്മകൾ വാരിച്ചൊരിഞ്ഞൊ
പാരിന്റെ മേനിയിൽ ചോര പുരട്ടുവാൻ
പാരിൽ വിരിയുന്ന വായുവിന്നോടോ
പാനം ചെയ്തീടുന്ന മാനവന്നോടോ?
ആനന്ദഭംഗിയിലാറാടിയൊന്നായ്
മേവുന്നധരമേലൊരശനിപാതം പോലെ
അത്രമേൽ വല്ലഭനായൊരാ പോരാളി
ജയഭേരി ഉച്ചത്തിലാകെ മുഴക്കി..
പിച്ചവച്ചോടിനടക്കുവാനതിരുകൾ
കൊച്ചരിപ്പല്ലിന്റെ പുഞ്ചിരി കാണുവാൻ,
ഓമനപൂമുഖത്തെന്നും വിരിയുന്ന
ചാരുവർണ്ണത്തിന്റെ ചേല് നുകരുവാൻ എന്തിന്നു ,
നെഞ്ചം തുളുമ്പുന്ന സ്നേഹത്തിൽ
മാറോട് ചേർത്തൊരു മുത്തം പകരുവാൻ..
കൊന്നു നീ തള്ളുന്നു ദയയറ്റു ജീവനെ
കലിതുള്ളിയെങ്ങും കറങ്ങി തിരിയുന്നു
കിടമേ…നീ കാലചക്രത്തിലെങ്കിലും
അമരുമോ നിൻ വേഴ്ചയ്ക്കറുതി വന്നീടുമോ?
ചേതനയില്ലാതെ കുമിയുന്നു ദേഹങ്ങൾ
ക്ഷിതിതൻമടിത്തട്ടിലാറടിയാഴത്തിൽ..
കാളസർപ്പത്തിന്റെ ബന്ധനത്തിൽ നിന്ന്
തുച്ഛരാം ഞങ്ങൾക്ക് മോചനം നേടണം
അച്ഛനും അമ്മയും പിന്നെ മുത്തശ്ശനും
ചേട്ടനും ചേച്ചിയും കൂടെ മുത്തശ്ശിയും
സ്വച്ഛമായ് സ്വസ്തമായ് ഈ ധരേ മേവിടാൻ
ഇച്ഛപോൽ എല്ലാരും കൂടെയുണ്ടാവണം..
പൊന്നുഷസ്സിൻ പുണ്യമെന്നും നുകരുവാൻ
പെന്നമ്പിളിച്ചന്തമാസ്വദിച്ചീടുവാൻ,
പെറ്റോരു മഹിതന്റെ മാതൃപരിലാളനം
അരിയെ നുകരുമൊരു പൈതലായ്ത്തീരണം
പകരണം പുഞ്ചിരി പാലമൃതതെന്നും
പുലരണം പൊൻപ്രഭ പുതുമോടിയോടെ…

By ivayana