പ്രിയ ബിജു ശിവക്ര്യപ*

ഒഴുകിയിറങ്ങിയ മിഴിനീർ തുടയ്ക്കുവാൻ മറന്നു ഇന്ദു നിന്നു
യക്ഷികൾക്ക് കരയാൻ പാടില്ലെന്നൊന്നുമില്ലല്ലോ..
അത്യാവശ്യം കരയാം ആരും കാണരുതെന്നേയുള്ളു .

ജീവിച്ചിരുന്നപ്പോൾ സിനിമകളിൽ യക്ഷിയെ കാണുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്… മരിക്കുമ്പോൾ യക്ഷിയായി മാറാൻ കഴിഞ്ഞിരുന്നെങ്കിൽ… കൂട്ടിനു അല്പം വട്ടത്തരം ഉള്ളതുകൊണ്ട് അത്തരം ചിന്തകൾക്കൊന്നും ക്ഷാമമില്ല…
ആരോടും അവ പങ്കുവയ്ക്കാത്തത് കൊണ്ട് നാണക്കേടും തോന്നിയിട്ടില്ല…
മുത്തശ്ശിക്കഥകളിൽ താൻ കേട്ട യക്ഷിക്കു അഭൗമ സൗന്ദര്യം ആയിരുന്നു… കാലൊപ്പം മുടി…. നീണ്ടു വിടർന്ന മനോഹരങ്ങളായ മിഴിയിണകൾ….. ആരെയും ആകർഷിക്കാൻ കഴിവുള്ള രൂപവും സംസാരവും…..

യക്ഷികൾക്ക് ഏതു സമയത്തും… എവിടെയും സഞ്ചരിക്കാമത്രേ…
ആരുടെ മനസ്സും നിമിഷ നേരം കൊണ്ടു വായിക്കാൻ കഴിയും….ഇഷ്ടമുള്ള രൂപം സ്വീകരിക്കാൻ കഴിയും…
പക്ഷെ യക്ഷി ആവണമെങ്കിൽ അതിനു ചില്ലറ കടമ്പകളൊന്നുമല്ല കടക്കേണ്ടത്….ഭൂമിയിൽ എൻട്രൻസ് എക്സാം എഴുതുന്നത് പോലെ ടെസ്റ്റ്‌ എഴുതിയലൊന്നും ആവില്ല….
ദുർമ്മരണം ആവണം..
“ഹോ.. അതെന്തായാലും പറ്റില്ലല്ലോ….

എന്തായാലും മരിച്ചാലുടൻ പിന്നീടുള്ള കാര്യങ്ങളെല്ലാം കാണാൻ പറ്റണം.. താൻ മരിച്ചുകിടക്കുമ്പോൾ പ്രിയപ്പെട്ടവർ പതം പറഞ്ഞു കരയുന്നത്… ആരുടെയൊക്കെ മനസ്സിൽ തന്റെ മരണം ദുഃഖം വിതറുന്നത് ഒക്കെ നേരിട്ടാസ്വദിക്കണം…
മുത്തശ്ശിയോട് ചോദിക്കും അതെപ്പറ്റി… യക്ഷികഥകൾ പറയാൻ മുത്തശ്ശിയോളം പോന്ന മറ്റൊരാളില്ല… തൊടിയിൽ വലിയ ഒരു പാല ഉണ്ടായിരുന്നു.. അവ പൂക്കുന്ന നിലാവുള്ള രാത്രികളിൽ മനം മയക്കുന്ന സുഗന്ധം ആസ്വദിച്ചു ഉമ്മറക്കോലായിൽ മുത്തശ്ശിയോടൊപ്പം ഇരിക്കുമ്പോൾ മുത്തശ്ശി പറയും…
“ന്റെ ദേവ്യേ… ഇന്ന് യക്ഷിയിറങ്ങുലോ”

മറ്റുള്ള കുട്ടികൾക്കൊക്കെ പേടി ഉണ്ടാകും അത് കേൾക്കുമ്പോൾ. തനിക്കൊരു കൗതുകം ആയിരുന്നു…. ആ കൗതുകം കണ്ടു തനിക്കു യക്ഷികഥകൾ പറഞ്ഞുതരും മുത്തശ്ശി…. അപ്പോൾ അമ്മ ചോദിക്കാറുണ്ട്
“നിനക്ക് വട്ടാണോ പെണ്ണെ “
അതേ വട്ടാണ്….തന്റെ ഭ്രാന്തൻ ചിന്തകൾ പൂക്കുന്നിടത്തു തന്റെ മുത്തശ്ശിക്കു മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളു
“ഈ ഗന്ധർവ്വനും യക്ഷിയും തമ്മിലെങ്ങനാ മുത്തശ്ശി?,…
” അയ്യോ അവർ തമ്മിൽ ഭയങ്കര ശത്രുതയിലാ…”

അത് തനിക്കു പുതിയ ഒരു അറിവായിരുന്നു “
“അതെന്താ മുത്തശ്ശി.. അങ്ങനെ “
“ഗന്ധർവ്വന്മാർക്ക് ഭൂമിയിലുള്ള കന്യകമാരോടാണ് പ്രണയം “
ഗന്ധർവ്വന്മാരെ പ്രണയിക്കുന്ന യക്ഷികൾ ഉണ്ടത്രേ… എന്നാലും രാവിന്റെ അന്ത്യയാമങ്ങളിൽ കന്യകമാരെ തേടി ഗന്ധർവ്വന്മാർ ഭൂമിയിൽ ഇറങ്ങും… നീ സൂക്ഷിക്കണം കേട്ടോ…. ഈ പ്രായത്തിൽ വല്ല ഗന്ധർവ്വന്മാരും പിടി കൂടിയാ പിന്നെ തീർന്നു “
” ഈ അമ്മ എന്താ ഈ കുട്ടിക്ക് പറഞ്ഞുകൊടുക്കണേ ” അമ്മ ദേഷ്യപ്പെടും… അതുകേട്ടു മുത്തശ്ശിയും താനും ഉറക്കെ ചിരിക്കും…. എന്തായാലും ഭൂമിയിലുള്ളപ്പോൾ ഗന്ധർവ്വനെ
തനിക്കു വേണ്ട മരിച്ചു കഴിഞ്ഞു പറ്റിയാൽ ഒന്നിനെ വളയ്ക്കണം… ഇതു പറഞ്ഞു താനും മുത്തശ്ശിയും ഒരുപാട് ചിരിച്ചിട്ടുണ്ട്…..

പൂത്തുമ്പിയെ പോലെ പാറിപ്പറന്നു നടക്കുകയായിരുന്നു താൻ
..തറവാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായി…… ഒടുവിൽ എല്ലാവരെയും കരയിപ്പിച്ചു താൻ വിടപറഞ്ഞു…
ഭൂമിയിലെ ഒരു ദുഷ്ടഗന്ധർവ്വൻ തന്നെ നോട്ടമിട്ടിരുന്ന കാര്യം ആരുമറിഞ്ഞില്ല…
വീടിനോട് ചേർന്നുള്ള ഔട്ട്‌ ഹൗസിൽ താമസിച്ചിരുന്ന ഒരു സൈക്കോ എഴുത്തുകാരൻ… സാഹിത്യകാരന്മാർക്കൊക്കെ ഇങ്ങനെ ആവാൻ കഴിയില്ല…
പക്ഷെ അയാളുടെ എഴുത്തുകൾ അമ്മാതിരിയുള്ള എഴുത്തുകളായിരുന്നു.. തനിക്കു വായിക്കാനൊക്കെ ഒരുപാട് പുസ്തങ്ങൾ തരും…

അവ വായിച്ചു ഏതോ ലഹരിയുള്ള ലോകങ്ങളിൽ താൻ വിഹരിച്ചു നടക്കും…. കൂടുതലും താൻ അയാളുമായി അടുത്തത് മുത്തശ്ശിയുടെ മരണ ശേഷം ആയിരുന്നു…..
അയാൾ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു… വായനയോട് ആഭിമുഖ്യം ഉള്ളതുകൊണ്ട് അച്ഛൻ അയാൾക്ക്‌ അവിടെ താമസിക്കാൻ അനുവാദം കൊടുത്തു… പെട്ടെന്നാണ് അയാൾ എല്ലാവരുടെയും ഇഷ്ടഭാജനമായി മാറിയത്…
എഴുത്തുകൂടാതെ മാജിക് വരെ വശമുണ്ടായിരുന്നു… അയാൾ ഏതൊക്കെയോ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു
ആരുമില്ലാതിരുന്ന ഒരു ദിനം അയാൾ തന്നെ തനിക്കു പരിചയമില്ലാത്ത ഏതോ അനുഭൂതികളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി… പിന്നീട് അത് പതിവായി… താൻ അയാൾക്ക്‌ അടിമ ആയി മാറുകയായിരുന്നു..

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു…. പാലകൾ പൂക്കുന്ന മാദക ഗന്ധം നിറഞ്ഞു നിൽക്കുന്ന രാത്രി…..
” നമുക്ക് ഗന്ധർവ്വ ലോകത്തേക്ക് പോയാലോ ഇന്ദുട്ടിയെ “
അയാൾ ഒരു പച്ചചിരിയോടെ ചോദിച്ചു…
ഇന്ദു തലയാട്ടി… അയാളിലെ ഗന്ധർവ്വൻ അത്രകണ്ട് അവളെ സ്വാധീനിച്ചിരുന്നു…
പിറ്റേന്ന് പാലച്ചുവട്ടിൽ നിന്നാണ് ഇന്ദുവിന്റെ ജീവനില്ലാത്ത ശരീരം കിട്ടിയത്….
അവൾ ആഗ്രഹിച്ചതുപോലെ സുന്ദരിയായ യക്ഷിയായി….. അവൾ കണ്ടു….ബന്ധുക്കളുടെ രോദനം… പൊട്ടിക്കരച്ചിൽ.. ഒടുവിൽ തെക്കെതൊടിയിലെക്കെടുത്ത തന്റെ വെളുത്തു മെലിഞ്ഞ ശരീരം കത്തിച്ചാമ്പലാവുന്നത്…

ഇപ്പോൾ ആഗ്രഹപൂർത്തീകരണം നടന്നു… പക്ഷെ യക്ഷിയായി കഴിഞ്ഞാൽ വർഷങ്ങളോളം ഏകാകിയായി കഴിയണം….
കൂട്ടിനു ആരും ഉണ്ടാകില്ല.. ഭൂമിയിലെ ഓർമ്മകൾ മാത്രം കൂട്ടിനുണ്ടാകും….
യക്ഷികളുടെ ശത്രുക്കളായ ഗന്ധർവ്വന്മാരെ കാണാൻ കഴിയും.. പക്ഷെ അവർക്കു ഭൂമിയിലെ കന്യകമാരെയല്ലേ വേണ്ടു…..
“ഹേയ് സുന്ദരി…. നീയാരാണ്… ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി…
കോമളനായ ഒരു ഗന്ധർവ്വൻ…
ഇയ്യാളെന്തിനാണിപ്പോ എന്നോട് മിണ്ടാൻ വരുന്നേ…..
“ഞാൻ…. ഞാൻ…. “അവൾ വാക്കുകൾ കിട്ടാതെ വിഷമിച്ചു…..
“വേണ്ട…. പറഞ്ഞു വിഷമിക്കേണ്ട…. എനിക്കറിയാം നീയാരാണെന്നു….

ഞാൻ ഗന്ധർവ്വ ലോകത്തു നിന്നും നിഷ്കാസിതനായ് വന്നതാണ്……
“ചിന്തകളുടെ അതിപ്രസരത്തിൽ നിന്നും ഉതിർന്നു വന്ന ആഗ്രഹങ്ങൾ എന്നെ ഒരു ഗന്ധർവ്വനാക്കി…… ഒടുവിൽ ഗന്ധർവ്വലോകത്തെ നിയമങ്ങൾ ചോദ്യം ചെയ്ത എന്നെ അവർ പുറത്താക്കി….”
ഇനി ഒരു തിരിച്ചുപോക്കില്ല….ഭൂമിയിൽ പോയി പെൺകുട്ടികളെ പ്രാപിക്കാൻ അവർ എന്നെ നിർബന്ധിച്ചു…. ചതിവും വഞ്ചനയും ഞാനിഷ്ടപ്പെടുന്നില്ല…. അവിടെ മനുഷ്യർ പെൺകുട്ടികളോടും കുഞ്ഞുങ്ങളോടും കാണിക്കുന്ന ക്രൂരത ചോദ്യം ചെയ്തത് കൊണ്ടാണ് ഞാനീ ലോകത്തു എത്തപ്പെട്ടത്..

ഇവിടെ വന്നപ്പോൾ ഗന്ധർവ്വന്മാർ എന്നെ നിർബന്ധിക്കുന്നു… പാവം പെൺകുട്ടികളെ പോയി തന്റെ ഇഷ്ടങ്ങൾക്ക് വശം വദയാക്കാൻ……
കഴിയില്ല….. നിസ്സഹായനാണ് ഞാൻ.. ആഗ്രഹം ഉണ്ട്‌ ചിന്തകളോട് നീതി പുലർത്താൻ… പക്ഷെ…. ആർക്കും നന്മയുടെ നാണയങ്ങൾ വേണ്ട…. കുഞ്ഞുങ്ങളുടെ പിടച്ചിൽ… പെൺകുട്ടികളുടെ രോദനം ഇവയൊന്നും പ്രശ്നമല്ലാത്ത ഒരു തലമുറ… അവ അല്പാൽപമായി ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു…. തിരിച്ചടികൾ വന്നുതുടങ്ങി… അവയെ പ്രതിരോധിക്കാൻ കഴിയാതെ മനുഷ്യർ നെട്ടോട്ടമോടി തുടങ്ങി….

എനിക്ക് പോകാനിനി ഇടമില്ല കുട്ടി… ഞാനും കൂടി ഇവിടെ കൂടിക്കോട്ടെ നിന്റെ കൂടെ “
ഇന്ദുവിന്റെ മനസ്സ് മന്ത്രിച്ചു ….
ഇതാ താൻ പണ്ട് മുത്തശ്ശിയോട് പറഞ്ഞു ചിരിക്കുമായിരുന്ന തന്റെ ഗന്ധർവ്വൻ…. താൻ വളയ്ക്കുമെന്ന് മുത്തശ്ശിയോട് കളിയിൽ പറഞ്ഞു നടന്നിരുന്ന അതേ ഗന്ധർവ്വൻ……
അവരിരുവരും പൂനിലാവിൽ കുളിച്ചു പറന്നു നടക്കുന്ന മേഘങ്ങൾക്കിടയിലൂടെ കൈ പിടിച്ചു നടന്നു…

By ivayana