കവിത : രാജശേഖരൻ ഗോപാലകൃഷ്ണൻ*

സുഖദു:ഖജീവിത ചമയങ്ങൾ
ചാർത്തിക്കുമജ്ഞാത വിധികർത്താവേ
സ്വാഭീഷ്ടമണിയിക്കുമുടയാട
പാവം, പാവകൾക്കശ്രു തുടയ്ക്കാനോ?
കണ്ണുനീർനൂലേറെ നെയ്തുനീയൊരു –
ക്കുവതെന്തേ നരനീ ശോകവസ്ത്രം ?
കരുണയില്ലാതേറെ ക്രൂരകൃത്യ-
ങ്ങളിലൗത്സുക്യം രമിപ്പതിനാലോ?
വെല്ലുവോരാരേയുമണുശക്തിയാൽ
കൊല്ലപ്പെടുവതുമണുശക്തിയാൽ!
കാണാത്തൊരണുവും ഭീമാകാരനും
വീണുപോയാലാ, ദൈന്യതയൊരു പോൽ!
ഇല്ലിഹലോകമായാപ്രപഞ്ചത്തി –
‘ലുച്ഛനിചത്വസ്ഥിരസ്ഥാന’മാർക്കും.
നിമ്നോന്നതകൾ കനിവോടരുളും
തണ്ണീർത്തുള്ളിയിൽ ഭ്രഷ്ടാരും കാണില്ല!
ലോകജേതാവായ് നടിച്ചൊരു മർത്ത്യ-
ന്നണുവിനോടർത്ഥിപ്പൂ ജീവാഭയം!
മായാഗതിയിൽ വിപദി കടക്കാൻ
മനക്കരുത്തുമാത്രം രക്ഷോപായം.

By ivayana