രചന : ശ്രീകുമാർ എം പി*
ഇന്നു പഠിയ്ക്കുവാനെന്തു വേണം ?
ഇന്നു പഠിയ്ക്കുവാൻ ഫോണുവേണം
ഇന്നു കളിയ്ക്കുവാനെന്തു വേണം?
ഇന്നു കളിയ്ക്കുവാൻ ഫോണുവേണം
നിന്നെ വിളിയ്ക്കുവാനെന്തു വേണം?
എന്നെ വിളിയ്ക്കുവാൻ ഫോണുവേണം
കണക്കൊന്നു കൂട്ടുവാൻ ഫോണുവേണം
വെട്ടമടിയ്ക്കുവാൻ ഫോണുവേണം
സന്ദേശമേകുവാൻ ഫോണുവേണം
ചിത്രമെടുക്കാനും ഫോണുവേണം
പണമിടപാടും ഫോണിലൂടെ
സാധനം വാങ്ങലും ഫോണിലൂടെ
കാര്യമറിയുവാൻ ഫോണുവേണം
കാര്യം തിരയുവാൻ ഫോണുവേണം
നേരമറിയുവാൻ ഫോണുവേണം
നേർവഴി പോകാനും ഫോണുവേണം
വിരൽത്തുമ്പു തൊട്ടാൽ വിടർന്നീടുന്നാ
വിസ്മയം കണ്ടങ്ങു രസിച്ചിരിയ്ക്കാം
വിരൽത്തുമ്പാലെത്താം വിഭവങ്ങളും
വിരൽത്തുമ്പാലെത്താം വിനാശങ്ങളും
വിവരം കുറഞ്ഞെന്നാൽ ദോഷമാകാം
വികൃതിയിൽ പോലും വിഷം പുരളാം
വിരൽത്തുമ്പിൽ മാത്രം മുഴുകിയെന്നാൽ
വിലയേറും പലതുമറികയില്ല
നിലയില്ലാതതിലൂടെ പോയെന്നാൽ
വിലയുള്ള പലതുമകന്നുപോകാം.