കവിത : ജനാർദ്ദനൻ കേളത്ത്*

തോരാത്ത മഴയിൽ
വെയിലോർത്ത്,
പൊരിയുന്ന വെയിലിൽ
മഴയോർത്ത്,
ഋതുഭേദങ്ങളുടെ
ഇടനാഴികളിലൂടെ
വസന്തവും ശിശിരവും
കടന്നു പോയതറിയാത്ത
ഗതകാല വ്യാകുലതകൾ!
കാലത്തിൻ്റെ
കാമനീയകതകൾ
നുണയാതെ,
കാതങ്ങളുടെ ഹ്രസ്വതയിൽ
കോതി ഒതുക്കിയ
തടമാറ്റങ്ങളുടെ
വ്യാജഭൂമികകളിൽ
ഓർമ്മപ്പൂക്കളുടെ
ആത്മാലാപങ്ങൾ!
മറവിയുടെ മരുഭൂമിയിൽ
സ്മൃതിപ്പച്ചകൾ
തേടിയലയുന്ന വർത്തമാന
മൂകതകൾക്ക്
പോക്കുവെയിലിൻ്റെ
മ്ളാനത!
പൊള്ളലറിയാതെ
വെന്തടങ്ങുന്ന
ഭൂത വിസ്മയാ-
വശിഷ്ടങ്ങൾ,
വിസ്മൃതിയുടെ
നിർച്ചുഴികളിലിട്ട്,
അയലത്ത്
കാലു കുത്താതെ
ചന്ദ്രനിലേക്ക് പറക്കുന്ന
ശാസ്ത്രാഭിനിവേശം!
വിശുദ്ധ പിറവിയെ
ജ്ഞാനസ്നാനത്താൽ
വിമലീകരിക്കപ്പെടുന്ന
അനിർവചനീയ ശുദ്ധി
നിരാകരിക്കെ,
തെമ്മാടിക്കുഴിയിൽ
കെട്ടിയൊടുക്കും
ആത്മാന്തരങ്ങൾ,
നിരസിത സമസ്യാ –
പൂരണങ്ങളുടെ
പുനർജനികൾ!
…….മനുഷ്യർ!

By ivayana