സുദർശൻ കാർത്തികപ്പറമ്പിൽ*

എത്രകാലങ്ങളായ് പാടുന്നുഞാനാത്മ-
ചിത്രങ്ങൾ കോർത്തൊരീകാവ്യസൂക്തം!
മിത്രങ്ങളൊത്തിരിയുണ്ടെങ്കിലുമായ-
തത്രശ്രവിക്കുന്നോരിത്തിരിപ്പേർ!
എന്തതിൻ കാരണമെന്നതൊന്നോർക്കവേ;
ചിന്തയിൽ വന്നതിന്നുത്തരങ്ങൾ!
ഇല്ല,മൊഴിയുന്നതില്ലതെൻ കൂട്ടരേ,
ചൊല്ലലിലൊട്ടു വൈരുദ്ധ്യമുണ്ടാം
എങ്കിലും ചൊല്ലാതെചൊല്ലുന്നു ജീവിത-
മങ്കലാപ്പിൽപെട്ടുഴന്നിടുമ്പോൾ!
കാരസ്കരത്തിൻഗുണമൊന്നറിയുവാൻ,
കാരസ്‌കരത്തെരുചിച്ചിടേണ്ടേ?
നാവിൽ നുരച്ചീടുമക്ഷരസ്രോതസ്സിൻ
നോവിലുണ്ടെൻ ജീവജൽപ്പനങ്ങൾ
കേവലമിപ്രപഞ്ചത്തിൻ ശ്രുതിതാള,
ഭാവനയ്ക്കപ്പുറമാണതോർപ്പൂ.
ഒരോവരിയിലുമീലോകജീവിത-
സാരങ്ങളല്ലീഞാൻ കോർത്തീടുന്നു!
നേരേമിഴിതുറന്നാരൊന്നുകാണുവാൻ
നേരിലിക്കാവ്യത്തിൻ വ്യാപ്തി പാരം!
ചുമ്മാതതൊന്നുരുചിച്ചുനോക്കീടുകി-
ലമ്മിഞ്ഞപ്പാലിൻ മധുരമുണ്ടാം
നിർമ്മമ ചിത്തത്തിൽ നിന്നുമൂറീടുന്നോ-
രുണ്മയതിൽ നിറഞ്ഞങ്ങുകാണാം
കാലത്തിൻ കയ്പ്പും മധുരവുമിന്നതിൻ
മേലങ്കിയായണിയിപ്പൂ,നേരിൽ
ചേലൊത്തൊരായിരം സ്വപ്നങ്ങളാൽ നിജ,
കോലംവരക്കുന്നു,നിത്യവും ഞാൻ!
എന്തിനുവേണ്ടിയീയാത്രയെന്നങ്ങനെ,
ചിന്തപൂണ്ടങ്ങിരിക്കുന്നനേരം,
ദൂരെനിന്നെങ്ങോമുഴങ്ങിയെൻകർണ്ണത്തിൽ
ചാരുതയോലുമൊരശരീരി!
‘എല്ലാം മകനേ,യീജീവിതചക്രത്തിൻ
വല്ലഭമാർന്നൊരുജാലവിദ്യ’!
‘ചില്ലുകൊട്ടാരത്തിലേറിവസിക്കുവോ-
രല്ല,യെന്തുണ്ടുനിനച്ചിടുന്നു’!
ഏവമന്നാമൊഴികേട്ടനേരം മുതൽ
ആവിലമെല്ലാം മറന്നുദാരം,
ജീവിതമാകുമീ,തോണിതുഴഞ്ഞുസദ്-
ഭാവനാകാവ്യങ്ങൾ ഞാൻരചിപ്പൂ!
സർവ ജീവന്റെയും സത്തയുൾച്ചേർന്നിടും
സർഗപ്രഭാമയ ഭാവചിത്രം,
ആത്മാവിനുള്ളിൽ നിന്നുദ്ഗമിച്ചീടുന്നോ –
രൂഷ്മളമാംസ്‌നേഹ കാവ്യസൂക്തം,
ആവോ,കേട്ടീടുവാനാരുടെകാതുകൾ-
ക്കായാലു,മായില്ലെന്നാകിലുംഹാ!
പാടും ഞാനെന്നിലീജീവന്റെ സ്പന്ദനം
പാടേനിലച്ചിടുംകാലംവരെ.

By ivayana