രഘുനാഥൻ കണ്ടോത്*

വരികരികിലെൻ പ്രിയേ!
വരദേ !വരപ്രസാദമേ!
ഇരിക്കാമൊരുമാത്രയീ‐
നിലാമഴയിലമ്പിളിച്ചന്തം നുകരാം!
ഇരുളിലിപ്പഞ്ചാരത്തരിമണൽ‐
ത്തീരങ്ങളിൽ കൂടൊരുക്കാം
നവയുവമിഥുനങ്ങളെന്നപോൽ!
തീക്കനൽപ്പകലുകൾക്കിടയി‐
ലത്യപൂർവ്വമീ ഹൃദ്യരജനികൾ!
പ്രണയതരുക്കളിൽ
പഴുത്തുപോയെത്ര പച്ചപ്പുകൾ!
പതനമാസന്നം പ്രിയതേ
പെയ്തൊഴിഞ്ഞൊരാകാശ‐
ക്കുടക്കീഴിലെ
കൊയ്തൊഴിഞ്ഞ പാടങ്ങളായി നാം
ഇരുകൈവഴികൾ കരംഗ്രഹിച്ചൊരു
മെയ്യായ് നീന്തി സംസാരസാഗരം!
ഹരിതകേദാരങ്ങൾക്കുയർന്നു
സ്മൃതികുടീരങ്ങൾ
രമ്യഹർമ്മ്യങ്ങളംബരചുംബികൾ!
നഞ്ചപുഞ്ചകൾക്കന്ത്യവിധി
നാടുനീങ്ങിയൊരു ജൈവമണ്ഡലം!
തട്ടിയുണർത്തുക കല്ലറകൾതൻ
കെട്ടുതകർക്കുക
മൃതസഞ്ജീവിനിയാവുക വേഗം
ഗതരവരാഗതരായീടട്ടെ!
കേരതരുക്കൾ തരുണീമണികൾ
കാവടിയാടും നദിയോരങ്ങൾ
ഇണയരയന്നപ്പിടകൾ നിരന്നു
പ്രണയച്ചാട്ടുളിയെറിയും നേരം
തെങ്ങുംചാരിയ പുഞ്ചിരിമുത്തിൻ
ഹൃദയസരസ്സിൽ വള്ളംതുഴയും
വഞ്ചിപ്പാട്ടിനു താളംചേർക്കും
നെഞ്ചും കാറ്റും കായൽത്തിരയും
ഞാറിൻമേനി വരിഞ്ഞുമുറുക്കി
പുഷ്പിണിയായൊരു കാക്കച്ചെടിയും
കാറ്റിൻപ്രണയം പുൽകും മുത്തും
കുതറിക്കുണുങ്ങി ലതകൾ മാറും
പൊന്നരിവാളിൻ ചുണ്ടാൽ കൊയ്യുക
പൊന്നാര്യൻ പ്രിയ തത്തമ്മേ!
എന്തേ വന്നീല ചിഞ്ചിലം കൊഞ്ചി നീ
പച്ചപ്പനങ്കിളിപ്പെൺകിടാവേ!!

By ivayana