സുനു വിജയൻ*
ഹിരോഷിമാ ദിനത്തെ ഓർത്ത് കുറിച്ച കവിത .
നേരം വെളുക്കുവാൻ നേരമുണ്ടിനിയേറെ
നേർത്തമൂടൽമഞ്ഞു
നെഞ്ചിൽ തണുപ്പിന്റെ സുഖദമാമലകൾ
പടർത്തവേ സ്വപ്നത്തിൻമധുരം നുണഞ്ഞാ ഹിരോഷിമ ഉറങ്ങവേ.
ഹുങ്കാര ശബ്ദം മുഴങ്ങി വാനിൽ നേർത്ത ചെന്തീപ്പൊരി മിന്നി നഗരം നടുങ്ങിയോ
ചിമ്മിത്തുറന്നു മിഴികൾ ഹിരോഷിമ
സംഹാര താണ്ഡവം കണ്ടവൾ ഞെട്ടവേ
നഗരം ശ്മശാനമായ് അക്ഷണത്തിൽ അഗ്നിഗോളങ്ങളവളെ വിഴുങ്ങികിതക്കവേ
നദിയിലെ വെള്ളം തിളച്ചു ഹിരോഷിമ മരണ വക്രത്തിൽ നടുങ്ങിയൊടുങ്ങവേ
അങ്ങുദൂരെ ആ മിസാസ്സാ നദിയുടെ തീരത്തെ ആ കൊച്ചു വീട്ടിലുറങ്ങിയ സഡാക്കോ സസാക്കിയാ തീജ്വാലതൻ ചൂടിൽ ഹൃദയം പിടഞ്ഞു കരഞ്ഞുണർനീടവേ
ആയിരങ്ങൾ ചാരമായീ ഹിരോഷിമ, ലോകത്തിലെ
വൻ ശവപ്പറമ്പായ് മാറി, ആയിരങ്ങൾ അണുബോംബിന്റെ മാരക വീചിയിൽ നിത്യ രോഗികളായ് മാറി.
ആറ്റംബോംബാകെ കരിച്ചു, തരിശായ ഭൂമിയിൽ ജീവൻ തളിർത്തു, പുൽനാമ്പുകൾ പൊട്ടിമുളച്ചാ മനുഷ്യർകത്തി ചാരമായൊരാ മണ്ണിൽ ഉയർന്നു തുടിപ്പുകൾ.
പതിമൂന്നു സംവത്സരങ്ങൾ രക്‌താർബുദം സസാക്കിയെ കൊല്ലാതെ കൊന്നു രസിച്ചപ്പോൾ മരണത്തെ വെല്ലുവാൻ ആകുഞ്ഞുതീഷ്ണമാം മനസ്സോടെ പൊരുതിക്കരഞ്ഞു പിടയവേ..
സഖിമാരവളോടൊരിക്കലോതി മരണം അകലേക്കു പോകുവാൻ മാർഗമുണ്ട്
ആയിരം കൊക്കിനെ കടലാസിൽ നിർമ്മിച്ചാൽ മരണം ഭയന്നങ്ങകന്നു പോകും..
സഡാക്കോ സസാക്കി ചിരിച്ചു മെല്ലെ അവൾ കരുതി കുറെയേറെ കടലാസുകൾ
വിരലുകൾവേദനിച്ചെങ്കിലും
മരണത്തെവെല്ലുവാൻ ആ മനസ്സു വെമ്പിനിന്നു
ആറുന്നൂറ്റി നാൽപ്പത്തി നാലു വെൺകൊക്കുകൾ അവൾ പൂർത്തിയാക്കിയ നേരത്തു മരണമണഞ്ഞു സസ്സാക്കിയാ മരണത്തിലേക്കു മറഞ്ഞു നൂറായിരം മരിക്കാത്ത സ്വപ്‌നങ്ങൾ ബാക്കിനിന്നു.
അണുവായുധം മൂലം അർബുദംബാധിച്ച അവളെ മരണം വിഴുങ്ങി മെല്ലെ.
സഖിമാരവൾക്കായി ആയിരം കൊക്കുകൾ കടലാസിൽ നിർമ്മിച്ചാ
ചിതയിൽ വച്ചു
കത്തുന്ന ചിതയിലാ ബാല്യത്തിൻ സ്വപ്‌നങ്ങൾ കത്തിയെടുങ്ങിയാ കൊക്കിനോപ്പം
തേങ്ങിക്കരയും സഖിമാർ ദുഖത്തോടെ സഡാക്കോ സസ്സാക്കയെഓർത്തുനിന്നു
ഹിബാക്കുഷയായി മരണത്തെ പുൽകിയ സഡാക്കോ സസ്സാക്കയെ ഓർത്തീടുവാൻ
ഹിരോഷിമതന്നിൽ ഉയർന്നാ സസ്സാക്കതൻ പ്രതിമ ഒരു ദുഃഖ സന്ദേശമായ്
കയ്യിൽ ഒരു സ്വർണ്ണകൊക്കുമായ് സഡാക്കയാ ഹിരോഷിമ തന്നിൽ ചിരിച്ചു നിൽപ്പൂ.
അണുവായുധത്തിന്റെ ഇരയായി മരണം പതിമൂന്നാം വയസ്സിൽ കവർന്നെടുത്ത
സഡാക്കോ പറയുന്നു ലോകത്തിൽ ശാന്തിതൻ വെളുത്ത സഡാക്കോകൾ പറന്നീടട്ടെ
ഇനിയീ പ്രപഞ്ചത്തിൽ ഒരു കുഞ്ഞുപൈതലും ഹിബാക്കുഷയാകാതിരുനീടട്ടെ.
യുദ്ധമില്ലാതെ സമാധാനത്തിൻ വെള്ള കൊറ്റികൾ വാനിൽ പറനീടട്ടെ.