കവിത : ഷാജു. കെ. കടമേരി*

ഞെട്ടിയടർന്ന് വീണ
മഴത്തുള്ളികളിൽ
നോക്കി നോക്കിയിരിക്കുമ്പോൾ
പൊട്ടിയടർന്നൊരു വാർത്ത
മഴച്ചാർത്തിനെ കീറിമുറിച്ച്
ഇടിമുഴക്കമായ്
ന്യൂസ്‌ ചാനലിൽ നിന്നും
തലയിട്ടടിച്ച്
പുറത്തേക്ക് ചാടിയിറങ്ങി.
താലിച്ചരട് അറുത്തെടുത്ത
ചില തലതെറിച്ച മാതൃത്വങ്ങൾ
നമ്മൾക്കിടയിൽ
വലിച്ചെറിയുന്ന ഞെട്ടലുകൾ.
കഴുത്ത് ഞെരിക്കപ്പെട്ട
കുഞ്ഞ് രോദനങ്ങൾ
പാപക്കറകളിൽ
പെയ്ത് പുളയുന്ന
തീമഴകുളമ്പടികളിൽ ചവിട്ടി
കാലചക്രചുവരിൽ
അഗ്നിനൃത്തം ചവിട്ടുന്നു.
പാറയിടുക്കുകളും
കിണറുകളും
നെഞ്ച്പൊട്ടി എഴുതിവച്ച
കണ്ണീർനൊമ്പരങ്ങൾ.
കഴുകി തുടച്ചിട്ടും പോകാത്ത
ചോരക്കറകൾക്ക്
മുകളിലൂടെ പറന്ന്
അശാന്തിയുടെ
ഭ്രമണപഥങ്ങളിൽ വട്ടം ചുഴറ്റി
നമുക്ക് നേരെ
തീക്കണ്ണുകളെറിയുന്നു.
ഓരോ ചുവട് വയ്പ്പിലും
തീ തീറ്റിക്കുന്ന വാർത്തകൾ
കൊത്തിയരിഞ്ഞിട്ട
വേവലാതികൾ
ചുവട് തെറ്റി വഴുതി വീഴും
നൊമ്പരങ്ങൾക്കിടയിൽ
അനീതികളോട് നിരന്തരം
കലഹിച്ചുകൊണ്ടേയിരിക്കുന്നു.
തീക്കടലായ് ആളിക്കത്തി
അഗ്നിതിരമാലകളായ്
ആർത്തിരമ്പി
അലയടിച്ചുയർന്ന്
ചിന്തകൾക്കിടയിലേക്ക്
നുഴഞ്ഞ്‌ കയറി
ആത്മരോഷത്തിന്റെ
തീകൊടുങ്കാറ്റ്
ചോദ്യങ്ങളെ കടപുഴക്കി
ആഞ്ഞുവീശിയടിച്ച്
വാക്കുകൾക്ക് മുമ്പേ
ചിറകടിച്ചുയരുന്നു.

ഷാജു. കെ. കടമേരി

By ivayana