നിരൂപണം : അനൂപ് കൃഷ്ണൻ*

അമ്പത്തിയാറുകാരനായ അജയൻ, യുവാവായ തൻ്റെ മകൻ വിപിനിൻ്റെ പ്രൊഫൈൽ, വ്യാജമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നതും ജാഹ്നവി എന്ന ഡിഗ്രി വിദ്യാർത്ഥിനി അതിൽ ആകൃഷ്ടയാകുന്നതും തുടർന്ന് നിരന്തരം ചാറ്റിംങ്ങിലേർപ്പെടുന്നതും, അയാളോട് പ്രണയബദ്ധയാകുന്നതും പിന്നീട് നേരിൽക്കാണുന്ന സമയത്ത് താൻ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നതും തുടർന്നുള്ള അവളുടെ പ്രതികരണവുമാണ് എൻ എസ് മാധവൻ്റെ യയാതി എന്ന കഥ.അനുസ്യൂതമായി ഭോഗജീവിതം നയിക്കുന്ന പുരാണകഥയിലെ യയാതിയെ കഥയിൽ നാം വീണ്ടും കണ്ടുമുട്ടുന്നു.

ഭാര്യമാരിലൊരാളായ ശർമ്മിഷ്ഠയിൽ പിറന്ന പുരു എന്ന മകൻ, വാർദ്ധക്യശാപഗ്രസ്തനായ യയാതിയുടെ വാർദ്ധക്യം ഏറ്റുവാങ്ങുന്നതും തൻ്റെ യൗവ്വനം പിതാവിന് നൽകുന്നതുമാണ് യയാതികഥ. അമേരിക്കയിൽ ഐ ടി പ്രൊഫഷണലായ, മോട്ടോർ ബൈക്കുകളെ അങ്ങേയറ്റം ജീവിതത്തിൻ്റെ ഭാഗമാക്കിയ വിപിൻ എന്ന യുവാവിൻ്റെ ഫോട്ടോയും പ്രൊഫൈലും കാമാതുരനായ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛൻ, അജയൻ യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെയാണ് ഓൺലൈനിൽ ഉപയോഗിക്കുന്നത്.

ഓൺലൈനിലെ നിരന്തരമായ ഉപയോഗം കാരണമാവാം ഉപയോഗിക്കുന്ന ഓരോ വാക്കിലും അന്തർധാരയായി ചതി ഒളിപ്പിക്കുവാൻ അയാൾക്ക് സാധിക്കുന്നത്.അപകർഷതയുണ്ടെങ്കിലും സ്വയം വരിച്ച ഒറ്റപ്പെടലിലും യന്ത്രാഭിമുഖ്യത്തിലും വായനയുടെ സാങ്കൽപികലോകത്തിലും അഭിരമിക്കുന്ന നിർമമയുവത്വത്തിൻ്റെ പ്രതിനിധിയാണ് വിദ്യാർത്ഥിനിയായ ജാഹ്നവി.ജാഹ്നവിയുടെ അപക്വമായ സ്വഭാവം തന്നെയാണ് വേഷപ്രച്ഛനായ വേട്ടക്കാരൻ്റെ ഇരയായി അവളെ ചെന്നുപെടുത്തുന്നതും.വളർന്നു വരുന്ന തലമുറയുടെ യന്ത്രാഭിമുഖ്യവും അതല്ലാതെ മറ്റൊന്നിനോടും ഒരു മമതയുമില്ലാത്ത സ്വഭാവവും സ്നേഹശൂന്യതയും കഥയുടെ അന്തർധാരയാണ്.ബൈക്കുകളോട് അഗാധ പ്രണയമുള്ള ജാഹ്നവി, അതുണ്ടെന്ന് നടിക്കുന്നവനോടാണ് പ്രണയത്തിലാകുന്നത്.

സമൂഹമാധ്യമങ്ങളിലെ ഈ ഇരട്ടമുഖം തെളിമയോടെ ആവിഷ്കരിക്കുന്നുണ്ട് കഥാകാരൻ.ടെക്സ്റ്റ്, വോയ്സ് മെസേജുകൾക്ക് പകരം ഇമോജികൾ വൈകാരിക അവസ്ഥകളെ ബിംബപ്പെടുത്തുന്ന ആശയവിനിമയ കാലമാണിത്.പ്രേഷിതന് സ്വന്തം ചേഷ്ടകളെ മറച്ചുവെക്കാമെന്നുള്ള വലിയൊരു സൗകര്യം ഇമോജികൾ പ്രദാനം ചെയ്യുന്നുണ്ട്.നവമാധ്യമങ്ങളിൽ ആശയവിനിമയം നടത്തുമ്പോൾ ,സ്വീകർത്താവ് അതെങ്ങനെ ഏറ്റെടുക്കണമെന്ന് പ്രേഷിതൻ രണ്ടാമത് ചിന്തിക്കാനുള്ള അവസരമുണ്ട്.കാപട്യത്തിൻ്റെ ഒരു തലം നമുക്കിവിടെ കാണാം.സ്വന്തം രൂപത്തിൽ അപകർഷപ്പെട്ട് മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടാൻ കൊതിക്കുന്ന ജാഹ്നവി, വിപിനിനോട് ചാറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഇമോജികളും സംഭാഷണങ്ങളും അത്ര തന്നെ കരുതലുള്ളവയാകാൻ കാരണം ഈ കാപട്യമാണ്.

ഈ കപടത തന്നെയാണ് മറുതലയ്ക്കലിൽ നിന്നും ജാഹ്നവിക്കും തിരികെ ലഭിക്കുന്നത്.എന്തും പരസ്യപ്പെടുത്താമെന്ന വലിയ സാദ്ധ്യതയെ അബദ്ധധാരണയായി വിലയിരുത്തപ്പെടുന്ന സന്ദർഭവും കാണാം കഥയിൽ.വിലക്കൂടുതൽ കാരണം ആളുകളുടെ ബാഹുല്യം കുറവായിരിക്കുമെന്ന സൗകര്യം മുന്നിൽക്കണ്ട് കാപ്പിക്കടയിൽ വിപിനിനെ കാത്തിരിക്കുന്ന ജാഹ്നവി ചാരഷർട്ടുകാരനായ എതിരെയിരിക്കുന്ന പ്രായം കൂടിയ വ്യക്തിയാണ് വിപിനെന്ന് നടിച്ച് തന്നെ പറ്റിച്ചതെന്നറിയുമ്പോൾ സമൂഹമാധ്യമത്തിൽ അയാളുടെ വഞ്ചനയെപ്പറ്റിയായിരിക്കും ആദ്യപോസ്റ്റെന്ന് പൊട്ടിത്തെറിക്കുന്നുണ്ട്.ജീവിതത്തിന് കരുതലോടെ മേൽഗതി കൊടുക്കേണ്ട സമയമത്രയും തുലച്ചതിന് പകരമാകില്ല ഒരു പരസ്യപ്പെടുത്തലും എന്ന പച്ചയാഥാർത്ഥ്യത്തിന് മുന്നിൽ വായനക്കാരനും സ്തബ്ധനാകുന്നു.

തൻ്റെ കുറ്റങ്ങൾ ഓരോന്നായി ജാഹ്നവി വെളിപ്പെടുത്തുമ്പോഴും അയാളുടെ ധാർഷ്ട്യത്തിനും മനോഭാവത്തിനും തെല്ലും മാറ്റമില്ല.ഓൺലൈൻ യുഗത്തിലെ യന്ത്രാഭിമുഖ്യങ്ങളാൽ തനിച്ചാക്കപ്പെട്ടു പോകുന്ന യുവതയോടുള്ള അഭിനവ യയാതിമാരുടെ കാമാതുരത പൊളിച്ചടക്കുകയാണ് ഈ കഥ.കുറേക്കാലം ബന്ധം തുടർന്നാൽ പ്രായമൊന്നും ഒരു പ്രശ്നമല്ലാതാകും എന്ന് യാതൊരു ഉളുപ്പും കൂടാതെ മൊഴിയുന്ന കഥാപാത്രത്തിൻ്റെ തൊലിക്കട്ടി കണ്ട് അന്നപാനം പോലെ പ്രണയത്തെക്കണ്ട ജാഹ്നവി പ്രണയനൈരാശ്യം വന്ന് ചർദ്ദിക്കുന്നതു പോലെ നമുക്കും ചർദ്ദിൽ വരും.തന്നെ ഓൺലൈനിൽ പിന്നെയും വിടാതെ പിന്തുടർന്ന ആ മനുഷ്യനെ നടുവിരലിൻ്റെ ഇമോജി അയച്ചു കൊണ്ടുതന്നെ എല്ലാ പുച്ഛവുമറിയിക്കുമ്പോൾ കഥയവസാനിക്കുന്നു. ഓൺലൈൻ കാലത്ത് ഓൺലൈനിലൂടെ വന്നുപെട്ട ആപത്തിനെ അതേ നാണയത്തിൽ തന്നെ ഒരു പെണ്ണിൻ്റെ മറുപടി.

By ivayana