കവിത : ഹരിദാസ് കൊടകര*
അരിവയ്പ്പുമടകളിൽ
ആരിതോ കാസം പിടക്കുന്നുവല്ലോ
വീടു വിട്ടു പാളയം വിട്ടു-
അയഞ്ഞുചിതറിയ-
തണൽബിംബ സത്രക്കെണികളിൽ
നിഴൽപ്പറ്റം ഘനിക്കുന്നുവല്ലോ
മനോവേഗമായ് പവർഗ്ഗ-
പരിണയം ചിന്തകൾ
പിൻവാക്കുമായ് ഹിതം ഗണിക്കുന്നുവല്ലോ
ഇരുപത്തിനാലംഗുലം കാലിട
രാജഭോഗത്തിനായ് കപ്പം
കൈ കൊട്ടുന്നുവല്ലോ
വീഴ്ചയറിഞ്ഞ ആമുഖത്തെ
പൂമുഖത്തൂണുകൾ
നിഴൽബലത്തിനായ് കേഴുന്നുവല്ലോ
സർവ്വംദ്രവമായ് പവർഗ്ഗസൗമ്യം
അപവർഗ്ഗസാമരായ്
പുലകൊള്ളുന്നുവല്ലോ
ഏകീഭവിക്കുവാനായോരല്പനേരം വിട…
ശാലകോ ബുദ്ധിദായക:
(കോമാളിമാർ ബുദ്ധിദായകർ)
പവർഗ്ഗം വിരാമസ്വനവിശ്രമം
അല്പപ്രാണതരം ഖരരശ്മികൾ
ഉയരസർഗ്ഗത്തിനായ് തൂവൽ ചിലപ്പ്
താഴ്ന്നിടം പ്രതിക്രിയാദ്രാണം
ചാക്രികം കൈപ്പക
ബലത്തിടമ്പുകൾ മേനി
സ്ഥാനീയമധീശനാം കേതു
മികവിൽ തിക്തം കനിവ്
കീഴടക്കൽ, ജയിക്കൽ തുഴ
തൻവീടറിയാതെ ഇകഴുന്ന നേത്രം
കുറുകും വിലങ്ങൻ വഴികളിൽ
സ്നേഹഭൂമിക്കിടം പച്ച
ഉൾചേരി ഗ്രാമത്തിനറ്റം
സഞ്ചാരഭംഗിയാം വ്രജം
അവിൽരുചി, കാതിൽ-
സൂതന്റെ നേരുകൾ.