സണ്ണി കല്ലൂർ*

കല്യാണം…. പ്രതീക്ഷിക്കാതെ ഒരു മരണം… ബന്ധുക്കളും നാട്ടുകാരും വരും, അയൽവക്കക്കാർ പരിചയക്കാർ തുടങ്ങി ഒരു മുന്നൂറു പേരെങ്കിലും കാണും. വീട് ഒന്ന് വെടിപ്പാക്കണം, മുറ്റവും പറമ്പുമെല്ലാം പുല്ലും കാടും വളർന്ന് മെനകേടായി, പണിക്കാരെ വിളിച്ച് എല്ലാം വെട്ടി തെളിക്കണം.

പൂശുകാരനെ വിളിക്കാൻ ആളു പോയെങ്കിലും കണ്ടില്ല, ദൂരെ എവിടെയോ പണിയാണത്രെ, വരുമ്പോൾ വീട്ടിലേക്ക് പറഞ്ഞയക്കാമെന്ന് ചേടത്തി പറഞ്ഞു. വീട്ടും പേരും സ്ഥലവുമെല്ലാം പറഞ്ഞിട്ടുണ്ട്.

പിറ്റേ ദിവസം സന്ധ്യയായപ്പോൾ നമ്മുടെ പൂശുകാരൻ വീട്ടിലെത്തി. തലയിലും മുഖത്തും കുമ്മായതുള്ളികൾ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്നു. വെളുത്തു പഴകിയ കൈയ്യില്ലാത്ത ബനിയൻ, നിറം മാഞ്ഞുപോയ കൈലിമുണ്ട്. തലയിൽ വലിയ സവാള പോലെ കഷണ്ടി, ഇരുവശത്തും പിന്നിലും അൽപ്പം നീണ്ട ചകിരി പോലുള്ള മുടി.. ഇങ്ങനെയൊരു സാധനം തലയിൽ ഉള്ളതായി പുള്ളിക്കറിയില്ല എന്നു തോന്നുന്നു.

ചേട്ടനെന്താ വിളിച്ചത്…. കിണറിനകത്തു നിന്നും പുറപ്പെടുന്നതു പോലെ ഒരു സ്വരം..
നമ്മുടെ മുൻവശം അടുക്കള, തെക്കും വടക്കും വൈറ്റുവാഷ് ചെയ്യണം.. ചവിട്ടുപടി, മതിലിൻറ കീഴ്ഭാഗം കാവി അല്ലെങ്കിൽ കറുപ്പ് അടിക്കണം. നമ്മളുടെ അഭിപ്രായം എന്താണ്. ഗൃഹനാഥൻ വിവരം പറഞ്ഞു.

അതിനെന്താ വർക്കിചേട്ടാ…. അടിച്ചു കളയാം. ഒരു നാലു ചാക്ക് നീറ്റ്കക്കാ, ഒരു പൊതി നീലം, അരകിലോ കാവിപ്പൊടി, പഴയ ബാറ്ററി പത്തെണ്ണം. ഇത്രയും വാങ്ങിച്ചു വക്കണം.
മറ്റെന്നാൾ കാലത്തെ ഞാനും പിള്ളേരും പണി തുടങ്ങും..
എന്നാൽ ശരി നാളെ തന്നെ വാങ്ങിച്ചു വച്ചേക്കാം..
പിന്നെ കാണാം എന്നു പറഞ്ഞ് പൂശുകാരൻ ധൃതി പിടിച്ച് പോയി.

അദ്ദേഹം എപ്പോഴും തിരക്കിലാണ്, ആയുസ്സു കിട്ടുകയാണെങ്കിൽ ഈ നാട് മുഴുവനും വൈറ്റ് വാഷ് ചെയ്യണം എന്ന് മനസ്സിൽ തീരുമാനിച്ച മനുഷ്യൻ.
പറഞ്ഞ ദിവസം രാവിലെ പട്ടി പടിഞ്ഞാട്ട് നോക്കി ഒരു കുര… എങ്ങോട്ട് ഓടി രക്ഷപെടണമെന്ന് ആലോചിക്കുന്നതു പോലെ അങ്കലാപ്പ്.

റോമാ പട്ടാളക്കാരെപ്പോലെ കൈയ്യിൽ നീണ്ട പൂശുകോലും തൂക്കി പിടിച്ച പാട്ടയുമായി പൂശുകാരനും രണ്ടു ശിഷ്യൻമാരും മുറ്റത്തെ ചെന്തെങ്ങിനു കീഴെ പ്രത്യക്ഷപ്പെട്ടു.
മോനെ ആ ചൂല് വേഗം എടുത്തു കൊണ്ടു വാ…. ഒരു കസേരയോ സ്റ്റൂളും കൂടി വേണം.
ചൂലു കിട്ടിയതും ഒരു പൊക്കം കുറഞ്ഞ ശിഷ്യൻറ കൈയ്യിൽ കൊടുത്തിട്ട് വരാന്തയിലെ മതിലും മുകളിലെ ഓലകെട്ടും അടിച്ച് വൃത്തിയാക്കാൻ പറഞ്ഞു.

പയ്യൻ പണി തുടങ്ങിയതും മുകളിൽ നിന്നും ഒരു തേരട്ട തലയും കുത്തി വീണ് ചക്രം പോലെ ചുരുണ്ടു കൂടി. ഒരു വലിയ എട്ടുകാലി മുട്ടയുമായി ഉത്തരത്തിൽ കൂടി വടക്കോട്ട് ഓടി. ഇനിയും ഓടണമോ എന്നൊരു ചോദ്യവുമായി നിൽക്കുന്നു.
പൂശുകാരൻ അതിവേഗത്തിൽ വീടിൻറ പിൻഭാഗത്തേക്ക് പോയി, കൂടെ ശിഷ്യനും….
ചെമ്മീപ്പുളിയിൽ ചാരി വച്ചിരുന്ന ചെമ്പ് നിവർത്തി വച്ചു. ഒരു ചാക്ക് നീറ്റു കക്ക അതിലേക്കിട്ടു. അപ്പോഴോക്കും രണ്ടു കുടം വെള്ളവുമായി പയ്യൻ എത്തികഴിഞ്ഞു.
കക്കയിലേക്ക് വെള്ളം ഒഴിച്ചതും ശൂ..ശൂ എന്ന വലിയ ശബ്ദത്തോടെ ചെമ്പിൽ നിന്നും തിളയും പുകയും കുമിളകളും ഉയർന്നു.

മോനെ മാറി നിന്നോ…… കണ്ണിൽ തെറിക്കും….
അയാൾ മരകഷണമെടുത്ത് കുമ്മായം ഇളക്കി തുടങ്ങി.
വൃത്തിയാക്കിയ മതിൽ കുറച്ച് വെള്ളം തളിച്ച് ഒന്ന് നനച്ചോ…. പൂശുകാരൻ പയ്യനോട് പറഞ്ഞു.
ചെമ്പിനകത്തെ തിള കുറഞ്ഞു വന്നു. അദ്ദേഹം തൂക്കു പാട്ടയിലേക്ക് മറ്റൊരു പാത്രം കൊണ്ട് കുമ്മായം പകർന്നു. നീലപാക്കറ്റ് തുറന്ന് അൽപ്പം നീലം കുമ്മായത്തിൽ ചേർത്ത് നല്ലവണ്ണം ഇളക്കി.
മുൻവശം വൃത്തിയാക്കിയ ശേഷം ചൂലുകാരൻ തെക്കുഭാഗത്തേക്ക് നീങ്ങി…

വെള്ളം തളിച്ചു കൊണ്ടിരുന്ന പയ്യൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും പൂശുകാരൻ കലക്കിയ കുമ്മായവും, ഈറ്റതുമ്പിൽ ചകിരി കെട്ടിയ ബ്രഷുമായി എത്തികഴിഞ്ഞു.
നിലത്ത് ചാക്കു വിരിച്ച് ബ്രഷ് കുമ്മായത്തിൽ മുക്കി പതിയെ കുടഞ്ഞ് അയാൾ മതിലിൽ ഹരിശ്രീ കുറിച്ചു. മതിലിൽ നീലനിറം… കൈകൾ മുകളിലേക്കും താഴേക്കും താളാൽമകമായി ചലിക്കുന്നു ഒപ്പം അയാളുടെ മുഖവും…
വെയിൽ ഉയർന്ന് പൊങ്ങി…

രണ്ടു മണിക്കൂർ വേഗം കടന്നു പോയി, മൂന്നു പേരുടേയും മുഖത്ത് പണി നടന്ന ഭാവം. അൽപം ക്ഷീണവും.. ചായ കുടിക്കുവാൻ സമയമായി. ആശാൻ ഒന്നും പറഞ്ഞില്ല.
വീട്ടുകാർ ഒരു പാത്രത്തിൽ വെള്ളവും ഒരു ഗ്ലാസ്സും അരമതിലിൽ വച്ചു.. ചേട്ടാ… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണേ….. വീട്ടുകാരി.
പറയാം…. പറയാം…. ഞങ്ങൾ ചായ കുടിച്ചിട്ട് വരാം… അവർ പടിഞ്ഞാട്ടേക്ക് നടന്നു.

തേഞ്ഞ് തുളകൾ വീണ വള്ളിചെരുപ്പിൻറ അകന്നകന്ന് പോകുന്ന ശബ്ദം.
അവർ പോയപ്പോൾ വീട്ടുകാർ മുറ്റത്തേക്ക് വന്നു. വരാന്തയിൽ പകുതിയോളം പൂശി കഴിഞ്ഞു, നീലനിറം.. ഉണങ്ങുമ്പോൾ വെള്ളയാകും…
കോഴികൾ തേരട്ടയെ പരിശോദിക്കുകയാണ്.. വളരെ നാളായി വെള്ള പൂശിയിട്ട്.. എല്ലാവർക്കും സന്തോഷം തോന്നി.

ഓലമേഞ്ഞ വലിയ വീട്. ചുറ്റും തെങ്ങും മരങ്ങളും ചെടികളും…..
അതിനിടയ്ക്ക് അരയത്തി മീനുമായി വന്നു. പൊടി ചെമ്മീൻ, പിന്നെ പള്ളത്തിയും….
ഇനി ഇതെല്ലാം വെട്ടി തേച്ചു കഴുകാൻ ആർക്കാ സമയം .. ആരോ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ചായകുടി കഴിഞ്ഞ് മൂന്നു പേരും തിരിച്ചെത്തി.
പൂശുകാരൻ താൻ കുമ്മയമടിച്ച സ്ഥലം വിശദമായി പരിശോദിക്കുകയാണ്. മതിലിൽ ഒട്ടിപ്പിടിച്ച ബ്രഷിലെ ചകിരിനാരുകൾ അദ്ദേഹം കണ്ടുപിടിച്ചു, പതുക്കെ വലിച്ചെടുത്തു.
ബ്രഷ് വെള്ളത്തിൽ മുക്കി, നല്ലവണ്ണം കഴുകി, ശിഷ്യൻമാരോട് അടുത്ത പണികൾ വിവരിച്ചു. വീടിൻറ പിൻഭാഗത്തേക്ക് പോയി.

ദേ… ഇത് ഇവിടത്തെ പഴമാ… ഞാലി പൂവൻ, എല്ലാവരും എടുക്കു കെട്ടോ…. ഒരു പാത്രത്തിൽ ഒരു പടല പഴവുമായി അടുക്കളയിൽ നിന്നും ഒരാൾ ഉമ്മറത്തേക്ക് വന്നു.
ശിഷ്യൻമാർ അതു കേട്ട് തലയാട്ടി….
പൂശുകാരൻ നിലത്തു വിരിച്ച ചാക്ക് എടുത്തു കുടഞ്ഞ് നീക്കിയിട്ടു. വീണ്ടും പണി തുടങ്ങി. വരാന്തയിൽ തണൽ വന്നു തുടങ്ങി.

വലിയ പാട്ടയിലെ കുമ്മായം ഇടക്ക് ഇളക്കി, ബ്രഷ് അതിൽ മുക്കി, രണ്ടു മുട്ടു മുട്ടി നേരെ ഭിത്തിയിലേക്ക്, കൈകൾ ഉയരുകയും താഴുകയും ചെയ്യുന്നതനുസരിച്ച് താടിയും മുഖവും ഒപ്പം ചലിക്കുന്നനു. ശ്രദ്ധ ഭിത്തിയിലാണ്. ഒരു ആന അടുത്തു വന്ന് തോണ്ടിയാലും അദ്ദേഹം അറിയില്ല.
പണി തുടങ്ങിയാൽ അത് ഭംഗിയായി ചെയ്യുവാനും കഴിയുന്നത്ര വേഗത്തിൽ തീർക്കുവാനും ഇടക്ക് ശിഷ്യൻമാർക്ക് വേണ്ട ഉപദേശങ്ങളും നൽകാനും അയാൾ ആൽമാർത്ഥമായി പരിശ്രമിക്കുന്നു.

വൈകീട്ട് മൂന്നു പേരുടേയും കൂലി പറയുന്നു. സന്തോഷപൂർവ്വം പൈസ കൊടുക്കുന്നു. നാളെ വരാം എന്നു പറഞ്ഞ് നന്ദിയോടെ പിരിയുന്നു.
വല്ലപ്പോഴും വഴിയിൽ വച്ചു കണ്ടാൽ ഒരു ചിരി, കുശലാന്വേഷണം…
തൊഴിലാളിയും മുതലാളിയും ഇല്ല. പരസ്പര സഹായം മാത്രം.
ഇന്നത്തെ പണിക്കാർ പൊതുവേ നല്ലവരാണ്.. എങ്കിലും ചിലർ,
അവർ വേറെ രീതിയിൽ ചിന്തിക്കുന്നു, പണി തരുന്നവൻറ പരിപ്പെടുക്കണം, സാധിക്കുമെങ്കിൽ ചിങ്ങം വെളുക്കുന്നതിന് മുൻപ് ഇവനെ അരിയാനയിലേക്ക് കെട്ടു കെട്ടിക്കണം എന്നൊക്കെ മനസ്സിൽ ആഗ്രഹിക്കുന്നു.

മുതലാളിക്കും ആശങ്ക…. ദൈവമേ.. ഇവൻ എന്നെ വടിയാക്കുമോ….
രണ്ടു പേരും ഇടക്കിടെ ഒളികണ്ണിട്ട് നോക്കുന്നു.

ചിത്രം: ബെന്നി കല്ലൂർ.

By ivayana