ഫിർദൗസ് കായൽപ്പുറം*
ഓർമ്മയിൽ
കത്തിനില്ക്കുന്നു
വലിയ വയറുള്ള ചിമ്മിനി
നിലാവു പെയ്തൊഴിയുമ്പോൾ
അമ്മ കൊളുത്താറുള്ളത് .
ചാണക ഗന്ധമുള്ള പുരയിൽ
വരിവരിയായൊരുക്കിയ
ചിമ്മിനി വിളക്കുകൾ
തെളിച്ചായിരുന്നു
വകയിലൊരമ്മാവന്റെ നിക്കാഹ് .
കല്യാണരാവുമുഴുവൻ
കരഞ്ഞെരിഞ്ഞ്
പുലർച്ചെ കരിന്തിരിയേന്തിയ കണ്ണുമായ്
കറുത്തുറങ്ങുന്നതും
കണ്ടിരുന്നു .
അടുത്ത വീട്ടിൽ
അടുക്കളയിൽ ജാലകവാതിലിൽ
പാവാടക്കാരി കയ്യിലേന്തിയ ചിമ്മിനിക്ക്
പ്രണയത്തിന്റെ തീയായിരുന്നു .
ഒന്നാം പാഠത്തിലെ
ഗാന്ധിജിയിലേക്കു ചാടി എരിച്ചുകളഞ്ഞതും
തൊടിയിലെ അമ്മൂമ്മയെ
ചുട്ടുകരിച്ചതും
പൊട്ടക്കിണർ കൽപ്പടിയിൽ
പെരുവിരൽ കുത്തി വീണതും
ചിമ്മിനി തന്നെ .
ചിമ്മിനിക്കിപ്പോൾ
അവകാശികളേയില്ല …..
കണ്ടു വീണ്ടുമീയിടെ
ഒന്നു മിണ്ടാതെ
തലകുനിച്ചകന്നൂ ചിമ്മിനി
അകലെ ഇലക്ട്രോണിക്
സീയെഫ് ലാമ്പിനു കീഴെ
കുമ്പിട്ടിരുന്ന് കണ്ണീർ വാർത്തു .
Mohanan Pc Payyappilly