വര :സുധി അന്ന

യൂസഫ് ഇരിങ്ങൽ*

സിഗരറ്റ് മണമുള്ള
നിശ്വാസത്തിൽ നിന്നും
കലങ്ങി മറിഞ്ഞു
തെളിയാതായിപ്പോയ
അയാളുടെ ജീവിതത്തിൽ നിന്നും
എന്നെന്നേക്കുമായി
പടിയിറങ്ങിപ്പോന്നതിന്റെ
ആദ്യ രാത്രിയാണ്
കൊഴിഞ്ഞു തീരുന്നത്
ആദ്യം ഒരു കട്ടിലിന്റെ
രണ്ടറ്റത്തേക്ക്
പിന്നെ രണ്ടു മുറികളിലേക്ക്
ഒടുവിൽ രണ്ടു വീടുകളിലേക്കും
നാളുകൾക്കു മുന്നേ മാറിയിരുന്നു
കോടതിൽ അയാൾ
നിസംഗനായി നിൽക്കുന്നതായി തോന്നി
കറുപ്പ് കൂടിയ കൺതടങ്ങളിൽ
മുഷിഞ്ഞു പോയ ഷർട്ടിൽ
എന്റെ കണ്ണുകൾ
അറിയാതെ പരതിപ്പോയി
ഒരു പാട് തവണ
മോഹിച്ചിട്ടും
അയാളുടെ കയ്യിൽ
തലവെച്ചു കിടക്കാൻ
കഴിയാത്തത്
അടുക്കളയിൽ
ഓടി നടക്കുമ്പോൾ
കിടപ്പറയിൽ ഉറക്കം
വരാതെ കിടക്കുമ്പോൾ
കഥകൾ പറഞ്ഞു
തമാശകൾ പറഞ്
കൂടെയുണ്ടാവുമെന്ന് വെറുതെ ആശിച്ചത്
എല്ലാം പരസ്യമായി
പറയണമെന്ന് ഞാൻ കരുതിയിരുന്നു
പന്ത്രണ്ടു വർഷമായിട്ടും
രണ്ടുപേർ മാത്രമായി
ഒറ്റപ്പെട്ടുപോയൊരു ബന്ധം
ഇനിയും തുടരാൻ
വയ്യെന്നെ അയാൾ പറഞ്ഞുളൂ
പഠിക്കുന്ന കാലത്ത്
തീവ്രമായി
പ്രണയിക്കുന്ന കാലത്ത്
അയാൾ ധാരാളം
തമാശകൾ പറഞ്
ചിരിപ്പിക്കുമായിരുന്നു
എങ്കിലും എത്ര
തഴച്ചു തലയെടുപ്പോടെ
വളർന്നു പന്തലിച്ച മരമാണേലും
കായ്ഫലമില്ലെങ്കിൽ
വേരോടെ മുറിച്ചു മാറ്റാമെന്നൊരു തമാശ
അയാൾ പറഞ്ഞതായി
ഞാനോർക്കുന്നതേയില്ല.

(വര :സുധി അന്ന)

യൂസഫ് ഇരിങ്ങൽ

By ivayana