അജിത് ആനാരി*
തുടക്കം ശരിയായാൽ ഒടുക്കം ശരിയായി എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. എങ്ങനെയാണു തുടങ്ങേണ്ടത് ? എപ്പോഴാണ് തുടങ്ങേണ്ടത് ? എവിടെയാണ് തുടങ്ങേണ്ടത് ?
ജീവിത്തിൽ എല്ലാ തുടക്കങ്ങൾക്കും ഒരു അതിന്റെതായ ഘടനയുണ്ട്. തുടക്കം എന്നത് ഒരു നിർമ്മിതിയുടെയോ , ഒരു തകർക്കലിന്റെയോ ആയിരിക്കാം. പക്ഷെ തുടങ്ങുന്നത് വ്യെവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ അല്ലായെങ്കിൽ ആ തുടക്കത്തിന് ഒരു ശുഭപര്യവസാനം ഉണ്ടാകുകയില്ല.
തുടക്കത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് അറിവ്. നമ്മൾ രണ്ടുവ്യെക്തികൾ തമ്മിൽ പരിചയപ്പെടുന്നതിനു മുൻപേ ആ വ്യെക്തികളെ അറിയാൻ ശ്രമിക്കാറുണ്ട്. അയാളുടെ രൂപത്തിലുപരി , അയാളുടെ സ്വഭാവത്തിലാണ് നമ്മുടെ ചിന്ത ഉടക്കുന്നതും , അയാളുമായുള്ള ബന്ധം തുടരണോ വേണ്ടയോ എന്നു തീരുമാനിക്കപ്പെടുന്നതും. അയാളുമായുള്ള ബന്ധം തുടങ്ങുന്നതിന് ഒരു പുഞ്ചിരി ധാരാളം മതിയാകും ചിലപ്പോൾ. നമ്മുടെ പുഞ്ചിരിയോട് അയാൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് അപഗ്രഥിച്ചാണ് പിന്നീടുള്ള അയാളോടുള്ള നമ്മുടെ സമീപനം മുന്നോട്ടോ പിന്നോട്ടോ പോകുന്നത്.
ജീവിവർഗ്ഗങ്ങളിൽ മനുഷ്യനുമാത്രം പ്രകടമായി ലഭിച്ചിരിക്കുന്ന ഒരു വികാരപ്രകടനസവിശേഷതയാണ് ചിരിക്കാനുള്ള കഴിവ്. ഒരു കുരങ്ങു ചിരിച്ചാലോ . ഒരു കഴുത ചിരിച്ചാലോ നാം അതിനെ
‘ഇളിക്കുന്നു ” എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടുവ്യെക്തികൾ തമ്മിൽ പരിചയപ്പെടുന്ന സാധാരണ ഒരു രീതി താഴെപറയുന്ന പ്രകാരത്തിലാണെല്ലോ ?
ഒരു പുഞ്ചിരി
മറുപുഞ്ചിരി
ഒരു ഹൈ
മറു ഹൈ
ഇത്രയുമായിക്കഴിഞ്ഞാൽ നാം അടുത്തപടിയിലേക്കു കടക്കും
എന്താണ് പേര് ?
എവിടെയാണ് വീട്?
എന്താണ് ജോലി ?, അതെ ആ വ്യെക്തി നമ്മിലേക്ക് കൂടുതൽ പ്രകാശിതമാകുകയാണ്. അയാൾ നൽകുന്ന ഓരോ മറുപടിയും , അല്ലെങ്കിൽ അയാൾക്ക് നമ്മൾ നല്കുന്ന ഓരോ മറുപടിയും രണ്ടുപേരിലും ഒരുപോലെ അപ്പോൾ ചില രാസപരിണാമങ്ങൾ ഉണ്ടാക്കും. നമുക്ക് ഉചിതമെന്നുതോന്നിയാൽ ആ വ്യെക്തിയുമായി നമ്മൾ സൗഹൃദമോ വ്യെക്തിബന്ധങ്ങളോ സ്ഥാപിക്കും. അല്ലെങ്കിൽ അവിടെവച്ചു നാം അവസാനിപ്പിക്കും. ഇവിടെ തുടക്കം ഒരു പുഞ്ചിരിയായിരുന്നു എന്നതാണ് ശ്രദ്ധേയം.
ഇന്നത്തെ ദിവസത്തെപ്പറ്റി നമുക്കൊന്നു ചിന്തിക്കാം. പ്രഭാതത്തിൽ പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒന്ന് ശ്രവിച്ചത് ഓർക്കാം . ഏതൊക്കെയോ പക്ഷികൾ ചില തുടങ്ങുന്നു. തൊഴുത്തിൽ പശു കരയുന്നു. ഏതൊക്കെയോ ദേവാലയങ്ങളിൽ നിന്നും ഭക്തിഗീതങ്ങൾ ഒഴുകിവരുന്നു. അടുക്കളയിൽനിന്നും തട്ടുംമുട്ടും കേട്ടുതുടങ്ങുന്നു. പിന്നീട് ആ മാറ്റങ്ങൾ നമ്മുടെ ശരീരത്തിലേക്കും കടന്നുകയറുകയായി. പ്രഭാതമായെന്നു കാതുപറയുന്നത് പ്രജ്ഞ ഏറ്റെടുത്തുതുടങ്ങും. അബോധമായിരുന്ന ശരീരം സുബോധത്തിലേക്കു പതുക്കെ കടക്കുകയായി. നാം തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. പതിയെ നിദ്രയെ പുറത്തെറിഞ്ഞ ശരീരം പ്രഭാതത്തിലെ ശീതമേറ്റ് കുളിരുകൊണ്ടു ചൂടിനെ ക്രമീകരിക്കാൻ തുടങ്ങുന്നു. ജീവിതം തുടങ്ങുകയായി. ചെയ്തു തീർക്കാൻ ഒരുപാടു കാര്യങ്ങൾ തലേന്നേ ഓർത്തുവച്ചവ ഉണ്ട്. പക്ഷെ സമയത്തെ നാം ക്രമീകരിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ഒരു നല്ല തുടക്കത്തിന്റെ പ്രാധാന്യം നമ്മിൽ സ്വാധീനം ചെലുത്തുന്നത്.
നമ്മുടെ സമയവും , പ്രവർത്തിയും തമ്മിൽ കൂട്ടിക്കുറച്ചു ഹരിച്ചു നാം തയ്യാറാക്കുന്ന പട്ടികയിൽ നാം സഞ്ചരിക്കുന്നുവെങ്കിൽ, അങ്ങനെതന്നെ നമുക്ക് തുടങ്ങാൻ കഴിയുന്നുവെങ്കിൽ തീർച്ചയായും നമുക്ക് വിശ്രമവും ജോലിയും അതോടൊപ്പം സന്തോഷവും ജീവിതത്തിന്റെ ഈ പന്ത്രണ്ടു മണിക്കൂറുകളിൽ നമുക്ക് അനുഭവിക്കാൻ സാധിക്കും.
ഒരു ദിവസം കൊണ്ട് നാം അധ്വാനിക്കുന്നു . അതിൽനിന്നും വരുമാനം ലഭിക്കുന്നു. ആ വരുമാനം കൊണ്ട് നമ്മുടെ ചെലവുകൾ നടത്തുന്നു , പിന്നീട് അതിൽനിന്നും മീതിവരുന്നത് നാം സ്വരുക്കൂട്ടിവയ്ക്കുന്നു. നമുക്കപ്പോൾ ചെറുതായി ആത്മസന്തോഷം അനുഭവിക്കാൻ കഴിയുന്നു. ഇതിനിടയിൽ നാം നേടിയെടുക്കുന്ന സൗഹൃദങ്ങളും നമ്മുടെ ജീവിതത്തിന്റെ സമ്പാദ്യങ്ങൾതന്നെയാണ്.
ഒരുപാടു വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റുപലതിന്റെയും കാരണങ്ങൾകൊണ്ട് ഒരു നല്ല ജോലിലഭിക്കാത്ത പലരും നമുക്ക് ചുറ്റുമുണ്ട്. ഒരു നല്ല തുടക്കം ലഭിക്കാത്തതാണ് അതിനു പ്രധാനകാരണം. യോഗ്യതയുള്ളവർ ഏറുകയും അവസരങ്ങൾ കുറവുമായതിനാൽ നമ്മുടെ ഇന്റർവ്യൂ സിസ്റ്റം പരമാവധി ആളുകളെ ഒഴിവാക്കിയെടുക്കാൻ ക്ലാർക് തസ്തികയിൽ ആമസോണിൽ വളരുന്ന ചെടിയുടെ ആയുർദൈർഘ്യം വരെ ചോദിച്ചുകളയും. ഇവിടെ ഉദ്യോഗാർത്ഥിയെ ഒഴിവാക്കാൻ ഉദ്യോഗസ്ഥരായവർ നിർബന്ധിരാക്കപ്പെടുകയോ, സ്വയം താൻ നേടിയ അറിവ് പ്രഖ്യാപിത തസ്തികയുടെ മാനദണ്ഡമാക്കുകയോ ഒക്കെയാണ്. തുടക്കം ലഭിക്കാതെ നിരാശനാവേണ്ടിവരുന്നവൻറെ വിദ്യാഭ്യാസം ദേശീയ നഷ്ടമായി മാറുകയാണ് അപ്പോൾ.
നല്ലൊരു സൗഹൃദം ഉണ്ടായതിനാലാണ് എനിക്കിവിടെ ഇങ്ങനെ ഒരു ലേഖനം എഴുതാനും അവസരം ലഭിച്ചത് എന്നു ഞാൻ സൂചിപ്പിക്കേണ്ടതില്ലല്ലോ ?
തുടക്കം, അതിന്റെ പ്രത്യേകത വളരെ വലുതാണ്. നമ്മിൽ പലരും ഭൂമിയെ തൊട്ടുതൊഴുതാണ് തുടങ്ങുന്നത്. ചിലർ പ്രാർത്ഥിച്ചു തുടങ്ങും. ചിലർ നല്ല ആത്മീയ ചിന്തകളിലൂടെ തുടങ്ങും. എന്തായാലും ഒരുദിവസത്തേക്കു മുഴുവനുമുള്ള ഊർജ്ജം നമുക്ക് പ്രദാനം ചെയ്യുന്നത്തിന് നമ്മുടെ ദിവസത്തിന്റെ തുടക്കത്തിനു വലിയ പങ്കാണുള്ളത്.
തുടക്കം എന്നത് ഒരു പദ്ധതിയാണ്. തിടുക്കം പാടില്ല. ഒരു മാർഗ്ഗരേഖ അതിനുണ്ടാവണം. അത് പ്രാവർത്തികമാക്കാനുള്ള ഇച്ഛാശ്ശക്തിയും നമുക്കുണ്ടാവണം. എങ്കിൽ അതിന്റെ സമാപനം ഹൃദ്യമായിരിക്കും. ഉദാത്തമായിരിക്കും.
ഇന്നത്തെ ദിവസവും നിങ്ങള്ക്ക് നല്ലദിവസമാകട്ടെ എന്ന് ആശംസകൾ.