Nisa Nasar*

ഈ വരാന്തയിലും ക്ലാസ്‌ മുറികളിലും
വിരിഞ്ഞിറങ്ങിയ പല സ്വപ്നങ്ങളും
കനലുകളായും പ്രതീക്ഷകളായും
മണ്ണിലും വിണ്ണിലും പുഷ്പിച്ചിരിക്കുന്നു.
കാലടികള്‍ മാഞ്ഞ വഴികളിൽ
പല യാത്രകളും വിഘടിച്ചു
പുതിയ യാത്രകള്‍ക്ക്
തിരി കൊളുത്തീട്ടുണ്ടാവാം
പ്രണയമരത്തിന്റെ ചുറ്റിലും
ചിതറി വീണുറങ്ങിയ
പേരറിയാ പൂവിന്റെ
ഗന്ധവും മാഞ്ഞിരുന്നില്ല.
ഉറക്കമില്ലായ്മയുടെ തളർച്ചയിൽ
കടുപ്പന്‍ ചായയുടെ ചൂടിൽ
നുണച്ചിറക്കിയ വിപ്ലവങ്ങള്‍
ചായക്കോപ്പയെ കാത്തിരിക്കുന്നു.
പിസ്സയും ബർഗറും ഗർവ്വിച്ചിരിക്കെ
പരിപ്പുവടയില്‍ അലിഞ്ഞ
കറിവേപ്പിലയും പച്ചമുളകും,
ആസ്വാദനങ്ങളാൽ പുഞ്ചിരിച്ചിട്ടുണ്ടാവാം.
തലേ നാളത്തെ ചോറിന്റെ
ചെറുപുളിപ്പിനിടയിൽ
അമ്മതൻ കണ്ണീരിന്റെ ഉപ്പു രസമാണ്
ചിലർക്ക് രുചിയത്ര നല്കിയതത്രേ..
അടിച്ചുയർന്ന പൊറോട്ടയിലും
പുകഞ്ഞ കുറ്റിബീഡിയിലും മാത്രം
രസമുകുളങ്ങൾ കണ്ടത്തിയവർ
ആരെയോ പഴി പറഞ്ഞിരിക്കാം.
വീടിന്റെ മേൽക്കൂര തകർന്നിട്ടും
തകരാത്ത ഹൃദയങ്ങളുള്ളവരും
സ്വർണ്ണ പാത്രങ്ങളിൽ ഭുജിച്ചവരും
ഒരുപോലെ പ്രകാശം പരത്തിയവരത്രേ
….
തത്സമയം ശ്രീരാമ ഗവ പോളി ടെക്നിക് കോളേജിൽ നിന്നും..
.സ്നേഹപൂർവ്വം നിസ.

By ivayana