കവിത :-എൻ. അജിത് വട്ടപ്പാറ*
ആ നിമിഷങ്ങൾ തൻ സംഘർഷ മാനസം
പ്രകമ്പന തീഷ്ണമായ് ആവേശമാകും ,
യാഥാർത്ഥ്യ ബോധം മനസ്സിൽ നിറയില്ല
ആർക്കൊക്കെയോ വേണ്ടി ധർമ്മം തകർക്കുന്നു .
നീച ദൗത്യങ്ങളാൽ ഹൃദയത്തിൻ ധമനിയിൽ
തെളിനീർ കുമിളകൾ വറ്റിവരളുമ്പോൾ ,
വാക്കും പ്രവർത്തിയും ഘോരയുദ്ധങ്ങളായ്
തീക്കളി ജ്വാലയാൽ കൂട്ടരും ചേരുന്നു.
യാഥാർത്ഥ്യമറിയാത്ത അറിവിന്റെയുള്ളറ
ഭാവന നൽകുന്നു ക്രൂരമാം തിന്മക്കായ് ,
ഉപബോധ മനസ്സിൻ താണ്ഡവ നടനം
ഭീകര സത്വത്തിൽ ഉന്മാദമുണർത്തുന്നു.
കൺകളിൽ ചേക്കേറും ഭ്രാന്തമാം സ്വപ്നങ്ങൾ
വ്യക്തിത്വ നാശത്തിൽ ദുർഭൂത യാത്രയായ് ,
തരികിട താളത്തിൽ ജീവിതയപശ്രുതി
രാജ്യദ്രോഹത്തിൻ ആസ്തിയായ് മാറ്റുന്നു.
സ്നേഹധർമ്മങ്ങളെ പൊയ്മുഖ ഭാവേന
മണ്ണിൽ ശവക്കുഴി തേടി നടപ്പവർ ,
സ്വാർത്ഥ വർണ്ണങ്ങളിൽ ലക്ഷ്യങ്ങൾ നേടുവാൻ
ഭൂമിതൻ ആത്മാവിൽ കനൽ നാളമെറിയുന്നു.