കവിത :-സുദർശൻ കാർത്തികപ്പറമ്പിൽ*

മരണം മുട്ടിവിളിച്ചാലതിനെ-
ത്തരണം ചെയ്യാനാർക്കാവും?
ആവില്ലെന്നതറിഞ്ഞിട്ടും നാം
പോവുന്നപഥപഥംതേടി!
നറുമണമുതിരും പൂവുകൾപോലെ;
നിറഹൃദയത്തോടീമണ്ണിൽ,
തിറമൊടു പാടിനടക്കേണ്ടോരഥ-
വീറുകൾ കാട്ടിമദിക്കുമ്പോൾ,
ജീവിതമെന്നതിനെന്തർത്ഥം പുന-
രാവോ,തെല്ലുനിനച്ചീടിൽ?
വ്യാധികൾ പൂണ്ടഴൽമൂടീ,വാഴ് വി-
ന്നാധിമുഴുത്തുഴലുമ്പോഴും,
നാഴികതോറും മർത്യമനസ്സുകൾ
പാഴിരുളല്ലോപാകുന്നു!
അകളങ്കിതഹൃദയങ്ങളിൽ നിന്നേ,
സുകൃതത്തെളിമഴപെയ്തീടൂ!
അമൃതാ,യഴകായാരിലുമതുപൂ-
ങ്കനവുകൾ ചൊരിവൂ,ചിരകാലം!
വേദം ചൊല്ലിനടന്നീടും ചിലർ
വേദനകണ്ടാൽ കാണാതെ;
ഏതും തന്മയമോടവർകപട-
സ്നേഹത്താലേ,നേടീടും!
നവമാധ്യമ വായാടികളിൽ,
കവി-കോവിദരിൽ,സന്യാസികളിൽ,
ളോഹയണിഞ്ഞ വികാരികളിൽ,മത-
കാഹളമോതും മുക്രികളിൽ,
ജാതിപ്പേക്കൂത്തുകളിഹകാട്ടി,
ഖ്യാതികൾ പൂണ്ടുനടപ്പോരിൽ,
രാഷ്ട്രീയക്കോമാളികളിൽ,മുതു-
സാംസ്കാരിക വൈതാളികരിൽ
ഒക്കെയുമുണ്ടാ,മിത്തരമാളുക-
ളോർക്കുക നന്നായെപ്പോഴും.
കേവലമൊരുചെറു പുഞ്ചിരിപോലും
തൂകാൻ മടികാട്ടീടുന്നോർ,
ഭാവിയിലെങ്ങനെയീലോകത്തിൻ
ജീവിതരഥ്യ തെളിപ്പൂഹാ?
കണ്ണുകളില്ലാതേതും കാണ്മൂ;
കണ്ണിനുകണ്ണാമൊരു നിയതി!
മണ്ണിലുമങ്ങേ,വിണ്ണിലുമൊരുപോൽ
പൊന്നൊളിവിതറിയതെത്തുന്നു!
നേരുതിരും മനതാരിലനശ്വര
സാരസ മുഖിയായെത്തുന്നു!
കാരുണ്യത്തേൻ കുളിരലതൂകി;
ചാരെയുണർന്നേ,യെത്തുന്നു!
തെല്ലും മല്ലിട്ടതിനെജയിക്കാ-
നില്ലിവിടാവില്ലൊരുവർക്കും!
ജീവിതമെന്ന സമസ്യയെയറിയാ-
നേവമതാർക്കേ,സാധിപ്പൂ!
കാലത്തിൻ കടുകഷായങ്ങൾ
കാലേനമ്മൾ നുകർന്നില്ലേൽ,
ചേലെഴുമാത്മ സർഗ്ഗസരിത്തിൻ
നീലിമപാടേമായില്ലേ!
നിർമ്മമഭാവ പ്രഭൃതിപകർന്നേ-
യുൻമുഖ,മിനിനാമൊന്നായി
ധർമ്മത്തിൻ പൂഞ്ചിറകുനിവർത്തി,
സന്മാർഗ്ഗസ്മൃതി പൂകിമുദാ,
പാറിനടന്നനുരാഗിലമങ്ങനെ;
നീറുംജന്മശതങ്ങൾക്കായ്,
ചൊരിയാമനിതരമാനന്ദാമൃത-
ധാരനിരാമയമതിനിപുണം
മരണം മുട്ടിവിളിച്ചാലതിനെ-
ത്തരണം ചെയ്യാനാർക്കാവും?
ആരുയിരാർന്നൊരു നരനായ്മാറാം,
പാരമതിൻ മുമ്പേവർക്കും.

By ivayana