കുറുങ്ങാട്ട് വിജയൻ*

കര്‍ക്കടകമഴക്കിടാത്തിമാര്‍ കൂരിമല കയറിയിറങ്ങി കൂരിപ്പള്ളിത്താഴവും താണ്ടി വാക്കണ്ടത്തിമലയും കയറിയിറങ്ങി നിരവത്തുപറമ്പിനും ആശാരിപ്പറമ്പിനും മുകളിലെത്തുമ്പോള്‍, കൊട്ടാരത്തില്‍പ്പറമ്പിന്റെ വടക്കുകിഴക്കേമൂലയിലെ ഇല്ലിക്കൂട്ടം വളഞ്ഞു ഞങ്ങളുടെ പറമ്പിന്റെ വടക്കുപടിഞ്ഞാറ് മൂലയില്‍ കുത്തിനിറു‍ത്തും. അതുകൊണ്ടരിശം തീരാതെ ആ കരിക്കിടാത്തിമാര്‍ ഞങ്ങളുടെ പറമ്പിലെ നടുതലകളായ ചേന, ചെമ്പ്, കാച്ചില്‍ എന്നിവയെ ആട്ടിയുലച്ച്, വാഴകളെ ശിവതാണ്ഡവമാടിച്ച്, കുരുമുളകുകൊടികളിലെ തിരികള്‍ തല്ലിവീഴ്ത്തി ഇലഞ്ഞിപ്പാടത്തേക്കിറങ്ങി, വല്ല്യപാടത്തെ മുണ്ടകപ്പെണ്ണിന്റെ പച്ചച്ചേലയെ ആട്ടിയുലച്ച്, മുകളേത്തട്ടേക്കുന്നിലേക്ക് കയറിപ്പോകും.

അങ്ങനെ, എത്രയെത്ര കര്‍ക്കടകപ്പെയ്ത്തുകള്‍ ബാല്യകൌമാരങ്ങളുടെ ഓര്‍മ്മപ്പറമ്പുകളില്‍ പെയ്തിറങ്ങിപ്പോയി.
കര്‍ക്കടകം ശ്യാമസുന്ദരമായൊരു ധ്യാനമാണെന്നും ശ്രാവണത്തിന്റെ വര്‍ണ്ണവസന്തത്തിലേക്കുള്ള വസന്താര്‍ത്തുവിന്റെ ബീജവാഹിയെന്നും ആലങ്കാരികതയുണ്ടെങ്കിലും ഓര്‍മ്മയിലെ കര്‍ക്കടകം എന്നെ സംബന്ധിച്ചടത്തോളം രോഗപീഡകളുടെയും പട്ടിണിയുടെയും വിശപ്പിന്റെയും പുകപിടിച്ച താളിയോലക്കെട്ടുകളാണ്. കറുത്തുകറുത്തുവന്നു തിമര്‍ത്തുപെയ്യുന്ന മഴയോര്‍മ്മകളാണ്.

അരിക്കലവും പത്തായവും ഒഴിയുന്ന പഞ്ഞമാസത്തിന്‍റെ നടുക്കുന്ന ഇടിമിന്നലോര്‍മ്മകളാണ്. അരിതീര്‍ന്ന രാത്രിയില്‍, ഉണക്കക്കപ്പതീര്‍ന്ന രാത്രിയില്‍ “ഇനി നാളെ എന്ത്..” എന്ന് അമ്മ അച്ഛനോട് ചോദിക്കാറുള്ള ഇന്നെലയുടെ നെടുവീര്‍പ്പുകളാണ്. നിശബ്ദത കുടിച്ചിറക്കുന്ന അച്ഛന്റെ നിസ്സംഗതയാണ്. വെട്ടിഞുറുക്കി മീനച്ചുടില്‍ ഉണക്കി, മുകളില്‍ മച്ചില് ചാക്കുകെട്ടില്‍‍ വച്ചിരിക്കുന്ന പനനൊങ്കിനെ(മൂത്ത കുടപ്പനയുടെ അകത്തെ കാമ്പ് വെട്ടിനുറുക്കി ഉണക്കിയത്) ഓര്‍ത്തെടുക്കലാണ്.
ഭൂതകാലത്തിന്‍റെ പിന്നാമ്പുറങ്ങളില്‍, എത്ര താഴിട്ടുപൂട്ടിയാലും മലര്‍ക്കെത്തുറന്നുവരുന്ന എത്രയെത്ര കര്‍ക്കടകയോര്‍മ്മകള്‍.

മരങ്ങാട്ട് പൊന്നപ്പന്‍സാറിന്റെ(മലയാളം പണ്ഡിറ്റ്, മലയാളം അദ്ധ്യാപകന്‍, എന്റെ സഹപാഠിയും മലയാളാദ്ധ്യാപകനും ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായി വിരമിച്ച ശ്രീകുമാര്‍ ഇലഞ്ഞി(Sreekumar Elanji)യുടെ പിതാവ്‍) ധര്‍മ്മപത്നി പാര്‍വ്വതിച്ചെറിയമ്മ, മുല്ലൂര്‍ രാഘവക്കൈമള്‍‍, കുഴുക്കുമ്പില്‍ കുട്ടിക്കൊച്ചാനാര്‍ എന്ന കുട്ടിച്ചേട്ടന്‍, എന്നിവര്‍ പറമ്പിന്റെ അതിരില്‍ വന്നുനിന്നു വിളിച്ചുകൊണ്ടുപോയി കുട്ടനിറയെ തന്നുവിട്ട ഉണക്കക്കപ്പ!

വൈകുന്നേരം സ്കൂള്‍വിട്ടുവന്നശേഷം പനംനൊങ്ക് ഉരലിലിട്ട് ഉലക്കകൊണ്ടുകുത്തി പനംപൊടി(പനനൂറ്)യുണ്ടാക്കിയ വിശപ്പോര്‍മ്മകള്‍. സമാനമായ ഉരല്‍കുത്തുശബ്ദങ്ങള്‍ അയല്‍വീടുകളില്‍നിന്നു കേള്‍ക്കാമായിരുന്നു. അകമ്പടിയായി വിശക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയും. ചക്കക്കുരു ചുട്ടതും ആനിക്കാക്കുരു വറുത്തതും ഉണക്കക്കപ്പപ്പൊടി കൊണ്ടുള്ള പുട്ടും കൂവപ്പൊടികൊണ്ടും ഈന്തുപൊടികൊട്ണ്ടും മാങ്ങാണ്ടിപ്പൊടികൊണ്ടുമുള്ള അട കട്ടന്‍കാപ്പി ഇവയെല്ലാം കര്‍ക്കടകവിശപ്പിന്റെ വിളിപ്പുറത്ത് ഉണ്ടേലായി ഇല്ലേലായി. ഉണ്ടേലും ഇല്ലേലും.ദുരിതപ്പെയ്ത്ത് പെയ്യ്തിറങ്ങുന്ന കര്‍ക്കടകദിനങ്ങളില്‍ ഇത്തരം ജൈവസമൃദ്ധികള്‍ തീര്‍ത്തും ഒരു അനുഗ്രഹമായിരുന്നു!

കടംകയറിനശിച്ച വല്യച്ഛന്‍(അച്ഛന്റെ ചേട്ടന്‍) തൂങ്ങിച്ചത്ത ആ കള്ളകര്‍ക്കടകദിവസം. അന്ന്, പകല്‍ മൂന്നരവരെ തോരാതെപെയ്ത മരണമഴ. വല്യച്ഛന്‍റെ ശവം‍ അഴിച്ചിറക്കി ഒരു ബഞ്ചില്‍‍ക്കിടത്തി പഴമ്പാകൊണ്ടുപൊതിഞ്ഞു കയറിട്ടുവരിഞ്ഞുമുറുക്കി നാലുപേര്‍ ബഞ്ചിന്റെ കാലുകളില്‍പ്പിടിച്ചു കവലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയ രംഗം. അതിലൊരാള്‍ കല്ലുവെട്ടുകാരന്‍ കുഞ്ഞവര. തലയോട് ഉളികൊണ്ടും ചുറ്റികകൊണ്ടും വെട്ടിപ്പൊളിക്കുന്ന ശബ്ദം കവലയില്‍വരെ കേള്‍ക്കാമായിരുന്നെന്നു കുഞ്ഞവര. വെട്ടിക്കീറിയ ശവം പഴമ്പായില്‍പ്പൊതിഞ്ഞു ഒരു ഉന്തുവണ്ടിയില്‍‍ക്കയറ്റി, പനയോലയിട്ടുമൂടി, പെരുമഴയത്ത്, രാത്രി എട്ടുമണിക്ക്, ഞങ്ങളുടെ വീട്ടുമുറ്റത്തുകൊണ്ടുവന്ന ആ കര്‍ക്കടകക്കാളരാത്രി. കറത്തുകരിവാളിച്ചു പെയ്യുന്ന കര്‍ക്കടകരാത്രിമാഴക്ക്‌ വല്യച്ഛന്റെ മക്കളുടെ നിലവികളുടെ ആരോഹണദുഃഖം.

കര്‍ക്കടകം പത്തുകഴിഞ്ഞാല്‍ പത്തുണക്കുണ്ടെന്നാണ് അന്നത്തെക്കാലത്തെ കര്‍ക്കടകനാട്ടുനടപ്പ്. എനിക്ക് എട്ടോപത്തോ വയസ്സുള്ളപ്പോള്‍ ആ കര്‍ക്കടകത്തിലും ഉണക്കതിന്റെ നാട്ടുനടപ്പ് നടപ്പിലാക്കി. ഈ സമയങ്ങളിലാണു റബ്ബര്‍മരങ്ങള്‍ക്കു സാധാരണ മരുന്നടിക്കാറ്. കിഴക്കന്‍മലയിലെങ്ങോ മരുന്നടിക്കാന്‍പോയ ഒരു ഹെലിക്കോപ്റ്റര്‍ കൊച്ചിയിലേക്കുള്ള മടക്കയാത്രക്കിടയില്‍ വഴിതെറ്റി എവിടെയൊക്കയോ കറങ്ങി ഒരു കര്‍ക്കടവൈകുന്നേരം ഇലഞ്ഞി(എന്റെ നാട്)യുടെ മുകളിലെത്തി താണുപറക്കാന്‍ തുടങ്ങി. പറമ്പില്‍ ചിക്കിച്ചികഞ്ഞുനടന്നിരുന്ന കോഴികള്‍ തട്ടിപ്പറന്നു. പറമ്പുകളില്‍ മേഞ്ഞുനടന്നിരുന്ന ആടുമാടുകള്‍ കയറുപൊട്ടിച്ചും പൊട്ടിക്കാതെയും ഓടിയും ചാടിയും ബഹളംവച്ചു. നായ്ക്കള്‍ ചന്തിയില്‍ കുത്തിയിരുന്ന് ഓരിയിട്ടു. കുഞ്ഞുകുട്ടികള്‍ പേടിച്ചച്ചരണ്ടു കാറി‍ക്കൂവി അമ്മമാരുടെ എളിയിലിരുന്നു ഏങ്ങലടിച്ചു. എന്നെപ്പോലെയുള്ള വലിയകുട്ടികള്‍ പുരയ്ക്കകത്തുനിന്നു മുറ്റത്തേക്കും മുറ്റത്തുനിന്നു പുരയ്ക്കകത്തേക്കും സ്പ്രിഗ് മുറുക്കിയ പാവയെപ്പോലെ ചാടിക്കളിച്ചു. ഹെലിക്കോപ്റ്റര്‍ വീണ്ടുംവീണ്ടും താണുപറക്കുന്നു.

എന്റെ വീടിന്റെയും മുകളിലൂടെ താണുപറന്നു. ഇറമ്പിലെ ഓടുകളിളകി മുറ്റത്തുവീണു പൊട്ടിച്ചിതറി. ഹെലിക്കോപ്റ്റര്‍ സ്കൂള്‍ മൈതാനത്ത് ഇറങ്ങാനായി ഒന്നുരണ്ടു ശ്രമംനടത്തി. പള്ളിയുടെ കുരിശും പള്ളിപ്പറമ്പിലെ ഉയരംകൂടിയ തെങ്ങുകളും അതിനു വിഘ്നമായി. അവസാനം ഇലഞ്ഞി വല്യപ്പാടത്തിനക്കരെ അമ്പലത്തിന്റെ മുമ്പിലുള്ള കൃഷിയിറക്കാത്ത കരപ്പാടത്തില്‍ വന്നിറങ്ങി. കൊച്ചിവരെ പറക്കാനുള്ള ഇന്ധനം തീര്‍ന്നുപോയിരുന്നുപോലും. പിറ്റേദിവസം കൊച്ചിയില്‍നിന്ന് ഇന്ധനംകൊണ്ടുവന്നു പന്ത്രണ്ടുമണിയോടെ അവര്‍ തിരിച്ചുപോയി. മൂന്നു വൈമാനികര്‍. കാക്കിനിക്കാറും വെള്ള ടീഷര്‍ട്ടും വേഷം. രണ്ടുപേര്‍ മറ്റെതോ ഭാഷക്കാര്‍. ഇലഞ്ഞിയിലെ ആബാലവൃദ്ധംജനങ്ങള്‍ ആ ഹെലിക്കോപ്റ്ററിനു ചുറ്റും തടിച്ചുകൂടിയ കാഴ്ച ഇന്നുമെന്റെ ഓര്‍മ്മയുടെ കര്‍ക്കടകാകാശങ്ങളില്‍ വട്ടമിട്ടുപറക്കാറുണ്ട്.
‍കര്‍ക്കടകത്തില്‍ മഴയായിരുന്നു രാവും പകലും.

മരക്കൊമ്പുകളില്‍ വന്നിരുന്നു കാക്കകള്‍പോലും കരയാത്തകാലം. വീട്ടുമുറ്റത്തും തൊടിയിലും പറമ്പിലുമൊക്കെ തത്തിക്കളിച്ചിരുന്ന കിളികള്‍ മഴയുടെ കാഠിന്യംകാരണം അങ്ങോ അപ്രത്യക്ഷമായിരിക്കും. കുടയില്ലാത്തതുകൊണ്ടു സ്‌കൂളില്‍ പോക്കില്ല. പോയാലോ, നനഞ്ഞാല്‍ മാറാന്‍ മാറ്റക്കുപ്പായം ഇല്ലാത്തതും പ്രശ്നം. തൊടികളിലും പാതവക്കിലും തോട്ടിറമ്പിലും താളും തണ്ടും തകരയും തേടിയലഞ്ഞ‍ വൈകുന്നേരങ്ങള്‍.‍ ഓര്‍മ്മകളെ മഴനനയിക്കുന്ന. കുളിരുകൊള്ളിക്കുന്ന… പുതച്ചുറക്കുന്ന ദുര്‍ഘടകര്‍ക്കടകം!

ആയിരത്തിതൊള്ളായിരത്തി എമ്പത്തിയഞ്ചിലെ ഒരു കര്‍ക്കടകവൈകുന്നേരം. ലക്ഷദ്വീപ് സമൂഹത്തിലെ കവരത്തി എന്ന ദ്വീപിന്റെ പടിഞ്ഞാറെയറ്റം. അവിടെ ഒരു ഹെലിപ്പാട് നിര്‍മ്മാണത്തിന്റെ ചുമതലവഹിച്ചിരുന്ന കാലം. കര്‍ക്കടകകരിമേഘങ്ങള്‍ ദ്വീപിനുമുകളിലും ദ്വീപിനുച്ചുറ്റുമുള്ള കടലിനുമുകളിലും ഉരുണ്ടുകൂടി. കടല്‍ക്കാറ്റിന്റെ ശക്തി കൂടിക്കൂടിവന്നു. കടലിനും ആകാശത്തിനും ഒരേ നിറം, കറുപ്പ്, കട്ടക്കറുപ്പ്! അപ്പോഴാണ്‌, അത്, സംഭവിച്ചത്. കാര്‍മേഘങ്ങള്‍ കടിലിലേക്ക് അടര്‍ന്നുവീഴുന്നു. കടലും ആകാശവും ഒന്നാകുന്ന അത്ഭുതദൃശ്യം. മേഘപാതം എന്ന പ്രതിഭാസം. നമ്മുടെ നാട്ടില്‍ ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ മഴക്കാലത്തുണ്ടാകുന്ന ഉരുള്‍‍പെട്ടലിനു സമാനമായ ഒരു പ്രതിഭാസം. കര്‍ക്കടമഴയോടൊപ്പും ഈ ദ്വീപോര്‍മ്മയും ഇന്നും പെയ്യാറുണ്ട്.

ഇലഞ്ഞി(എന്റെ ജന്മനാട്)യുടെ പുരാവൃ‍ത്തങ്ങള്‍ക്കുമുകളില്‍ എത്രയെത്ര കര്‍ക്കടകങ്ങള്‍ വന്നുപോയി. ഇലഞ്ഞിത്തോട്ടിലൂടെ എത്രയെത്ര കര്‍ക്കടകപ്പെയ്ത്തുകള്‍ കുത്തിയൊലിച്ചുപോയി. ‘തോറാനയ്ക്ക് ആറാനകള്‍’ എത്രയെത്ര ഇലഞ്ഞിത്തോട്ടിലൂടെ ഒഴുകിപ്പോയിരിക്കും. ലോകത്തിനുവന്ന മാറ്റങ്ങള്‍ എന്റെ നാടിനും നാടിന്റെ കര്‍ക്കടകത്തിനും വന്നു. പഴയ പഞ്ഞക്കര്‍ക്കടകമോ കള്ളക്കര്‍ക്കടകാമോ ദുര്‍ഘടകര്‍ക്കടകമോ കുടംമറിഞ്ഞ കര്‍ക്കടകപ്പെയ്ത്തോ ഇന്നില്ല. ഇന്ന് കര്‍ക്കടകം വറുതിയുടെ മാസമെന്ന് അറിയപ്പെടുന്നില്ല. രാമായണമാസമെന്നപേരിലാണ് ഇന്ന് കര്‍ക്കടകമാസം അറിയപ്പെടുന്നതുതന്നെ. പണ്ട്, കര്‍ക്കടകമാസത്തിലും എല്ലാ ഹിന്ദുഭവനങ്ങളില്‍നിന്നു രാത്രി ഏറെ വൈകിയും രാമായണപാരായണം കേള്‍ക്കാമായിരുന്നു.

ഇന്നത്തെ രാമായണവായന ടി വി യിലാണ്. ടീവിയില്‍ രാമായണം വായിക്കുന്നതുകാണുമ്പോളും കര്‍ക്കടക്കഞ്ഞിക്കിറ്റിന്റെ പരസ്യം കാണുമ്പോളുമാണ് രാമായണമാസമായ കര്‍ക്കടകം തുടങ്ങിയാതെന്നുതന്നെ ലോകര്‍ അറിയുന്നത്!

By ivayana