പട്ടം ശ്രീദേവിനായർ*
മിഴിയോരത്തമ്പിളി കണ്ണടച്ചു…
കരിമുകിൽ ക്കാറു കൾ കണ്തുറന്നു..
കർക്കിടകത്തിന്റെ പുണ്യമാം രാവിലും
കറുത്ത പൗർണ്ണമി ചിരിച്ചുണർന്നു……..!
വഴിയോരത്തെന്തോ തെരഞ്ഞപോലെ
മിഴികൂപ്പി ബന്ധുക്കൾ അണിനിരന്നു….
എല്ലാ മുഖങ്ങളും ദുഖഭാരത്താൽ നഷ്ടഭാഗ്യങ്ങളെ ഓർത്തു നിന്നു…!
ഉറ്റബന്ധുക്കൾ തൻ ഓർമ്മയിൽ ഞാൻ നിന്നു
ഒരു വട്ടം കൂടികാണുവാനായ്…
അമ്മയോ, അച്ഛനോ, ഏട്ടനോ, വന്നുവോ?
എന്നെ തെരഞ്ഞുവോ?
നോക്കിനിന്നോ?
കൺ മിഴിനിറഞ്ഞുവോ?
കാതോർത്തുനിന്നുവോ?
തേങ്ങിക്കരഞ്ഞുവോ?
നിശബ്ദമായി…..!
കാണാതെ കാണുവാൻ
കഴിയുകില്ലാമനവുമായ്,
ഞാനിതാ നിങ്ങളെ, കണ്ടിടുമ്പോൾ…!
കാണുന്നുവോ?
നിങ്ങൾ, എന്റെയി രൂപവും
ഭാവവും, ഓർമ്മതൻ നോവുള്ള കണ്ണ് നീരും..,
നീട്ടിയകൈക്കുമ്പിൾ
തന്നുള്ളിൽ നിങ്ങൾക്കായ്
ഓർമ്മതൻ സ്നേഹ തിലോദകവും…….!