രഘുനാഥൻ കണ്ടോത്ത്*
സ്വയംഭൂവല്ല
സ്വയാർജ്ജിത സൗഭാഗ്യമല്ല
സിദ്ധാർത്ഥവടിവമായെത്തിയ
സാത്വിക തഥാഗതനുമല്ല
പിത്യക്കൾതൻ സൃഷ്ട്യുന്മുഖമാം
ഹോമാഗ്നിയിൽച്ചിതറിയ
കനൽത്തരിതാൻ താനെന്നോർക്ക
അത്യപൂർവ്വ വിസ്മയമാം
നിൻ ജീവന്റെ
പ്രഭവകേന്ദ്രമാം പിതാവിനെ
ധ്യാനിച്ച് സമർപ്പണം ചെയ്ക
മകനേ! പിതൃതർപ്പണം!
പിതൃക്കളേ!നിങ്ങൾതൻ
പ്രണയവിജൃംഭിത‐
ചടുലവിസ്ഫോടനങ്ങളിൽ
ചിതറിയ മുത്തുമണികൾ
സൂര്യപ്രണയസ്മിതങ്ങളിൽ
വിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്
കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾ
പ്രകോപിച്ചിട്ടുണ്ടെത്രയോ
പഞ്ചഭൂതങ്ങളെ,പ്രകൃതിയെ
പ്രപഞ്ചമനോഹാരിതകളെ!
അരുതായ്കകളത്രയും
പൊറുത്ത് വരമരുളീടുക
എന്നർത്ഥിക്ക മനമുരുകി
മകനേ! സമർപ്പിക്ക!
പിതൃതർപ്പണം!!
അരൂപിയാമാത്മാവിന്
ശരീരരൂപഭാവങ്ങളേകിയോൻ
എൻ വികാസപരിണാമങ്ങളെ
ജന്മസായൂജ്യമായ്ക്കണ്ടു
ജീവിതം വളമാക്കിയോൻ!
പുഴുവായ് പിടഞ്ഞുപിന്നെ‐
യിഴജന്തുവായ് നിരങ്ങി ശൈശവം
അഴകെഴുമകളങ്കസ്മിതം കണ്ട്
മിഴികളിൽ പുളകാശ്രു ചൂടിയോൻ
രജനികൾ പലതു സാക്ഷിയാക്കി
നിദ്രയെ നിഷ്ക്കാസനം ചെയ്ത്
ഭദ്രമായ്ക്കാത്ത കണ്ണുകൾ‐
ക്കുടയവനെന്നോർത്തേ
സമർപ്പിക്ക മകനേ!
പിതൃതർപ്പണം!!
തന്തയെന്നുള്ള ചിന്തയാ‐
ലന്തരംഗം പൂരിതമാകയാൽ
സന്താനവത്സനാമങ്ങു
താന്തനായില്ല തരിമ്പുമേ!
ജന്മവാസനകളെ ജയിലിലട‐
ച്ചിന്ദ്രിയനിഗ്രഹം ചെയ്ത്
യോഗീശ്വരനുമായവൻ
സമാനതകളില്ലാത്യാഗിവര്യൻ
തൻ താതനെന്നോർക്ക
സമർപ്പിക്ക മകനേ!
പിതൃതർപ്പണം!!