മാധവ് കെ വാസുദേവൻ*
അര്‍ദ്ധനാരിശ്വര സങ്കല്പത്തിന്‍റെ കഥ ശാന്ത ടീച്ചര്‍ പറഞ്ഞു അവസാനിപ്പിച്ചപ്പോഴേക്കും സ്കൂൾ വിടാനുള്ള മണി അടിച്ചു. പുസ്തകങ്ങള്‍ വാരികൂട്ടി സഞ്ചിയിലാക്കി ഇടവഴിയിലൂടെ നടക്കുമ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി നിന്നു.ആ ഒരു വാക്കു ബുദ്ധിക്കു പിടിതരാതെ തെന്നി മാറിനിന്നു . അര്‍ദ്ധനാരിശ്വരന്‍ ആ വാക്കിന്‍റെ അര്‍ത്ഥം. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരുപാടു അര്‍ത്ഥതലങ്ങളുള്ള ഒരു വാക്ക്.
പിന്നീടുള്ള ദിനരാത്രങ്ങളില്‍ ഒരുപാടു നേരം ഈ വക്കുമായീ സല്ലപിച്ചു. എന്നിട്ടും അതിന്‍റെ പൂര്‍ണ്ണമായൊരുത്തരം കിട്ടിയില്ല. പിന്നെ വിളിയ്ക്കാതെ വന്നെത്തുന്ന ഒരു അതിഥി പോലെ ചിന്തകളില്‍ കടന്നുകൂടി.
മധ്യവേനല്‍ അവധി കഴിഞ്ഞുവന്ന ഉറക്കം വരാതിരുന്ന രാത്രിയുടെ പിറ്റേ പകലില്‍ നിറഞ്ഞ സന്തോഷത്തോടെ അമ്മയോടു പറഞ്ഞു പത്താം തരം നല്ല മാര്‍ക്കോടു കൂടി പാസ്സായ കാര്യം.
”ചെക്കനു മീശ കുരുത്തു തുടങ്ങി”. അതുകേട്ടുകൊണ്ടു വന്ന വടക്കേതിലെ രമണി ചേച്ചി കളിയാക്കി ചിരിച്ചു.
തുടര്‍ പഠനത്തിനായി അച്ഛന്‍ പട്ടണത്തിലെ നല്ല കലാലയത്തില്‍ തന്നെ ചേര്‍ക്കുകയും ചെയ്തു. ഇപ്പോഴും അതോർക്കുന്നു . അന്നു അപ്പുപ്പന്‍ അച്ഛനോട് പറഞ്ഞ ചിരിച്ച കാര്യം.
”അവന്‍ എന്റെ പേരകുട്ടിയ. നോക്കി പഠിക്കുക പഠിപ്പില്‍ നിന്‍റെ അച്ഛന്‍ ആണവന്‍”,
അപ്പൂപ്പൻ പറഞ്ഞതുകേട്ടു അടുക്കളയില്‍ നിന്നുമമ്മ ഊറിച്ചിരിച്ചു.
പിന്നെ മാസാവധിക്കു വീട്ടിലെത്തുമ്പോള്‍ കിട്ടിയ രാജോചിതമായ സ്വീകരണം. അപ്പോഴും മനസ്സില്‍ ആ വാക്കു പച്ചപിടിച്ചു നിന്നു. ഒരു വലിയ ആല്‍മരം പോലെ.പടര്‍ന്നു പന്തലിച്ചു. പൂര്‍ണമായ അര്‍ത്ഥമറിയാതെ മനസ്സില്‍ ഒഴുകി നടന്നു.
ബിരുദവും ബിരുദാനന്ദ ബിരുദവും നേടുന്നതിനിടയില്‍ വിലപ്പെട്ട ചിലതെല്ലാം നഷ്ടപ്പെട്ടിരുന്നു. തന്നെ ചേര്‍ത്തുപിടിച്ചു “ഇവന്‍ എന്‍റെ പേരക്കുട്ടി” എന്നു പറയാറുള്ള മുത്തശ്ശന്‍ തെക്കേ തൊടിയില്‍ പാതീ വളര്‍ന്ന തൈതെങ്ങായീ. അച്ഛന്റെ കറുത്ത മുടിയില്‍ വെള്ളി പുശിരിക്കുന്നു. അമ്മയുടെ സുന്ദരമായ ചിരിയില്‍ വാര്‍ധക്യം മുറുകെ പിടിക്കാന്‍ തുടങ്ങിരിക്കുന്നു.
വായനശാലയിലും, കവലയിലും ഗുലാന്‍ കളിയിലുമൊക്കെയായി അങ്ങിനെ നാളുകള്‍ നീളവേ, അച്ഛന്‍റെ മുഖത്തെ മ്ലാനത വായീച്ചെടുക്കുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അമ്മയുടെ കുഴിഞ്ഞ കണ്ണുകളിലെ വേദന കാണാതിരുന്നില്ല. അപ്പോഴും ആ വാക്കു മനസ്സിനെ അമ്മാനമാടിക്കൊണ്ടിരുന്നു.
പണ്ടൊക്കെ അമ്മയോടു അതെപറ്റി ചോദിച്ചിരുന്നു. ഓരോന്നു പറഞ്ഞു അമ്മ തെന്നി മാറികൊണ്ടിരുന്നു. ഏതോ ഒരു രാത്രിയില്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ എന്‍റെ ഈ സംശയം അമ്മ അച്ഛനോടു പറഞ്ഞു ചിരിക്കുന്നു . വീണ്ടും പിന്നെ എപ്പോഴോ മയക്കത്തിലോട്ടു ആണ്ടു പോയീ.
കാക്കി കുപ്പായമിട്ട അഞ്ചലാപ്പിസുകാരന്‍ പടികടന്നെതുന്നതു കണ്ട അമ്മ ഉറക്കെവിളിച്ചുപറഞ്ഞു :-
”ഉണ്ണിയെ ദേ പത്രോസ് വന്നിരിക്കുന്നു”.
എന്‍റെ വായില്‍ നിന്നും കേള്‍ക്കുന്നതിനു മുന്നേ തന്നെ അമ്മ വിവരം അറിഞ്ഞു, പത്തു രൂപ സമ്മാനവും കൊടുത്തു. രജിസ്റ്റര്‍ കത്തൊപ്പിട്ടു വാങ്ങി അമ്മയുടെ നേരെ നോക്കുമ്പുമ്പോൾ ആ കവിളുകളിലൂടെ കണ്ണീര്‍ ചാലുകള്‍ അതെന്റെ നെഞ്ചിലൂടെ ഒരു പുഴപോലെ ഒഴുകി.
”അത്താഴം കഴിക്കുമ്പോള്‍ അച്ഛന്‍റെ ഇടറിയ വാക്കുകള്‍, പേരക്കുട്ടിയുടെ ഈ സന്തോഷം കാണാന്‍ അച്ഛൻ ഇല്ലാതെ പോയല്ലോ”.
അപ്പോൾ തെക്കേ തൊടിയിലെ തൈ തെങ്ങിന്‍ ഓലകള്‍ കാറ്റില്‍ ഇളകിയാടി. എത്തിപിടിക്കാൻ എന്ന പോലെ.
അഞ്ചാറു മാസത്തെ പരദേശ വാസത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍, അമ്മ വിളമ്പിതന്ന കഞ്ഞി പ്ലാവില കുമ്പിളില്‍ ചമന്തി കൂട്ടി കോരികുടിക്കുമ്പോൾ അമ്മ പറഞ്ഞു.
”കുമാരനെല്ലൂരിലെ രാഘവേട്ടെന്‍റെ മോൾ പാറുവിനെ നിനക്കു വേണ്ടി അച്ഛന്‍ പോയി കണ്ടുയെന്ന്”.
അമ്മയുടെ വാക്കുകള്‍ക്കു മറുപടി പറഞ്ഞില്ല. ഏഴുനേറ്റു കൈകഴുകി കൊണ്ടിരുന്നപ്പോള്‍ പിന്നില്‍ അമ്മ വീണ്ടും.
”എന്തേ നീ ഒന്നും മിണ്ടാത്തത്”.
”എനിയ്ക്കിഷ്ടായീ ആ കുട്ടിയെ”.
എല്ലാമെന്റെ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ. എന്നും പറഞ്ഞു ആ കവിളിൽ നുള്ളിയപ്പോൾ ‘അമ്മ പറഞ്ഞു
” ഈ ചെക്കെന്റെ ഒരു കാര്യം”
കട്ടിലിൽ കിടക്കുമ്പൾ ഓർത്തു അമ്മയെന്നും തന്റെ സ്നേഹവും
ദൗർബല്യവും ആയീരുന്നല്ലോ. അതു കേള്‍ക്കെ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
”അപ്പുപ്പന്റെ കൊച്ചു മകന്‍ തന്നെ. സംശയമില്ല.
പിന്നെത്തെ ഓണവും കഴിഞു വന്ന മിഥുനമാസത്തിലെ ഒരു തിങ്കളാഴ്ച നാളില്‍ പാറു തന്റെ ജീവിതത്തില്‍ കടന്നു വന്നു.
ഒരു പുലരിവെട്ടം പോലെ. പിന്നീടുള്ള ദിനരാത്രങ്ങള്‍ക്കു ഭംഗി കൂടിയപോലെ മധുരമേറിയ പോലെ. അവധി കഴിഞ്ഞുതിരിച്ചു പോകുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചു.
”നിങ്ങള്‍ ഒറ്റയ്ക്കാണെന്നതു. എല്ലാം പറഞ്ഞു തരാന്‍ ഞാന്‍ ഉണ്ടാവില്ല. അതുകൊണ്ടു പരസ്പരം ഒരു കണ്ണു വേണം. മനസിലാവുന്നുണ്ടോ നിങ്ങള്‍ക്ക്.
അന്നു രാത്രി മാറില്‍ ചാഞ്ഞു കിടന്നവള്‍ പറഞ്ഞു തന്നു ആ വാക്കിന്‍റെ അര്‍ഥം. അതുകേട്ടു വിളറിയ മുഖത്തോടെ ഇരുന്നപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു.
”അമ്മ എന്നോടു പറഞ്ഞു എല്ലാം. ഇപ്പോള്‍ മനസ്സിലായില്ലേ.
അവള്‍ കിലുകിലെ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു അതില്‍ അമ്മയുടെ മുഖം തെളിഞ്ഞു നിന്നു.